കീം: 1.43 ലക്ഷം പേർ പരീക്ഷാഹാളിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക് ബുധനാഴ്ച തുടക്കം. കേരളം ദുബൈ, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ 138 കേന്ദ്രങ്ങളിലാണ് പരീക്ഷ. 97,759 പേരാണ് എൻജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചത്. 46,107 പേർ ഫാർമസി പരീക്ഷക്കും. എൻജി. പരീക്ഷ 23നും, 25 മുതൽ 29 വരെ ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും ഫാർമസി പരീക്ഷ 24ന് 11.30 മുതൽ ഒരു മണിവരെയും (സെഷൻ 1) ഉച്ചക്ക് 3.30 മുതൽ വൈകീട്ട് അഞ്ച് വരെയും (സെഷൻ 2) 29ന് രാവിലെ 10 മുതൽ 11.30 വരെയുമായും നടക്കും. അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ (www.cee.kerala.gov.in) ലഭ്യമാണ്.
കരുതലോടെ പരീക്ഷയിലേക്ക്
പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കൃത്യസമയം റിപ്പോർട്ട് ചെയ്യാത്തവരെ പ്രവേശിപ്പിക്കില്ല. പരീക്ഷാർഥിയെ തിരിച്ചറിയാനായി ഫോട്ടോ എടുത്ത ശേഷം ഹാളിൽ പ്രത്യേക സീറ്റ് അനുവദിക്കും. അനുവദിച്ച സീറ്റ് നമ്പർ ലോഗിൻ സ്ക്രീനിന്‍റെ താഴെ ഇടത് ഭാഗത്തായി പ്രദർശിപ്പിക്കും. അനുവദിച്ച സീറ്റ് മാറാൻ ശ്രമിക്കുകയോ, സീറ്റിൽ ഇരിക്കാതിരിക്കുകയോ ചെയ്താൽ അവസരം റദ്ദാകും.
ലോഗിൻ സ്ക്രീനിലെ കാൻഡിഡേറ്റ് ലോഗിൻ ബാനറിലുള്ള ടെക്സ്റ്റ് ബോക്സിൽ വെർച്വൽ കീബോർഡും മൗസും ഉപയോഗിച്ച് റോൾനമ്പർ രേഖപ്പെടുത്തണം. ഇതിനു ശേഷം പരീക്ഷയിലേക്ക് ലോഗിൻ ചെയ്യുന്നതിന് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് രഹസ്യ കോഡ് ലഭിക്കും. ലോഗിൻ ചെയ്തശേഷം, സ്ക്രീനിൽ കാണുന്ന പൊതു നിർദേശങ്ങൾ മനസ്സിലാക്കുക.
ആദ്യം മോക്ക് ടെസ്റ്റ്
പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പായി മാതൃക പരീക്ഷ (മോക്ക് ടെസ്റ്റ്) ഉണ്ടായിരിക്കും. മോക്ക്ടെസ്റ്റ് സമയം സൂചിപ്പിക്കുന്ന കൗണ്ട്ഡൗൺ ടൈമർ മുകളിൽ വലത് കോണിൽ ദൃശ്യമാകും. ടൈമർ പൂജ്യത്തിലെത്തിയ ശേഷം, പേജ് സ്വയം മോക്ക്‌ടെസ്റ്റ് പേജിലേക്ക് മാറും. ടൈമർ പൂജ്യത്തിലെത്തുമ്പോൾ, പേജ് സ്വയം യഥാർഥ പരീക്ഷ പേജിലേക്ക് നീങ്ങും.
കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ
മോക്ക്‌ടെസ്റ്റ് സമയ ശേഷം, വിദ്യാർഥികൾ യഥാർഥ പരീക്ഷ സ്ക്രീനിലേക്ക് മാറും. ആകെ ചോദ്യങ്ങളും ഉത്തരം നൽകിയ ചോദ്യങ്ങളും പരീക്ഷക്ക് ശേഷിക്കുന്ന സമയവും സൂചിപ്പിക്കുന്ന ഇൻഫർമേഷൻ പാനൽ സ്ക്രീനിന്‍റെ മുകളിലുണ്ടായിരിക്കും. പാനലിന് താഴെ, ചോദ്യവും ഓപ്ഷനുകളും കാണിക്കുന്നതിന് ക്വസ്റ്റ്യൻ ബ്ലോക്കും അതിൽ ചോദ്യങ്ങൾ ഓരോന്നായി കാണുന്നതോടൊപ്പം ഓപ്ഷനുകളുമുണ്ടാകും.
മൗസ് ഉപയോഗിച്ച് ഓപ്ഷൻ/ഉത്തരം ക്ലിക്ക് ചെയ്യാം. ക്വസ്റ്റ്യൻ ബ്ലോക്കിന് അടുത്തായ ക്വസ്റ്റ്യൻ പാലറ്റിൽ കാണിച്ച ചോദ്യനമ്പറുകളിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് ഏത് വിഷയത്തിലേക്കും അല്ലെങ്കിൽ ഏത് ചോദ്യത്തിലേക്കും നാവിഗേറ്റ് ചെയ്യാം. എല്ലാ ചോദ്യ നമ്പറുകളും, ഉത്തരം നൽകിയത്, ഉത്തരം നൽകാത്തത്, അവലോകനത്തിനായി അടയാളപ്പെടുത്തിയത്, എന്നിങ്ങനെയുള്ളവയുടെ സ്റ്റാറ്റസ് പാലറ്റിൽ പ്രദർശിപ്പിക്കും.
ഉത്തരം നൽകിയ ചോദ്യങ്ങൾ പച്ചനിറത്തിലും, ഉത്തരം നൽകാത്തത് വെള്ളയിലും. അവലോകനത്തിനായി അടയാളപ്പെടുത്തിയത് ഓറഞ്ച് നിറത്തിലും, ഉത്തരം നൽകിയതും എന്നാൽ, അവലോകനത്തിനായി അടയാളപ്പെടുത്തിയത് പർപ്പിൾ നിറത്തിലും കാണിക്കും.
ഉത്തരം തെരഞ്ഞെടുക്കുകയും തുടർന്ന് ക്വസ്റ്റ്യൻ പാലറ്റിൽ നിന്ന് മറ്റൊരു ചോദ്യനമ്പർ തെരഞ്ഞെടുക്കുകയും ചെയ്താൽ, തെരഞ്ഞെടുത്ത ചോദ്യത്തിലേക്ക് നീങ്ങാൻ നാവിഗേഷൻ പാനലിലെ ഏതെങ്കിലും പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കാൻ ഒരു മുന്നറിയിപ്പ് സന്ദേശം നൽകും. വിദ്യാർഥിയുടെ പ്രതികരണം ക്യാപ്‌ചർ ചെയ്യുന്നതിന് ക്വസ്റ്റ്യൻ ബ്ലോക്കിന് താഴെയായി നാവിഗേഷൻ പാനലുണ്ടാകും. ‘
Save&next’ ബട്ടൺ ക്ലിക്ക് ചെയ്താൽ തെരഞ്ഞെടുത്ത ഓപ്ഷൻ സേവ് ആകുകയും അടുത്ത ചോദ്യത്തിലേക്ക് നാവിഗേറ്റ് ചെയ്യുകയും ചെയ്യും. ‘Save & Previous’ ബട്ടൺ ക്ലിക്ക് ചെയ്താൽ തെരഞ്ഞെടുത്ത ഓപ്ഷൻ സേവ് ആകുകയും മുമ്പത്തെ ചോദ്യത്തിലേക്ക് നാവിഗേറ്റ് ചെയ്യുകയും ചെയ്യും. ‘Clear Response’ ബട്ടൺ ക്ലിക്ക് ചെയ്താൽ തെരഞ്ഞെടുത്ത ഓപ്ഷൻ ഡിലീറ്റ് ആകും. ‘Mark/Unmark for Review’ ബട്ടൺ ക്ലിക്ക് ചെയ്‌താൽ, അവലോകനത്തിനായി ചോദ്യം അടയാളപ്പെടുത്തും, അല്ലെങ്കിൽ നേരത്തെ അടയാളപ്പെടുത്തിയ ചോദ്യം അൺമാർക്ക് ചെയ്യപ്പെടും.
അവലോകനത്തിനായി രേഖപ്പെടുത്തിയവയും പരിഗണിക്കും
അവലോകനത്തിനായി ഒരുചോദ്യം ഉത്തരം നൽകിയതോ ഉത്തരം നൽകാത്തതോ ആയി അടയാളപ്പെടുത്താം. ഒരു ചോദ്യത്തിന് ഉത്തരം തെരഞ്ഞെടുത്ത് അവലോകനത്തിനായി അടയാളപ്പെടുത്തിയാൽ, ഉത്തരം അന്തിമ മൂല്യനിർണയത്തിൽ പരിഗണിക്കും. ടൈമർ പൂജ്യത്തിൽ എത്തുമ്പോൾ, ‘Exam Statistics’ പേജിലേക്ക് സ്വയം മാറും. അവിടെ പരീക്ഷയുടെ സ്ഥിതിവിവരക്കണക്കുകൾ കാണാനാകും. ഇതോടെ, പരീക്ഷ പൂർത്തിയാക്കി വിദ്യാർഥിക്ക് ഹാളിൽ നിന്ന് പുറത്തുപോകാനാകും.
പരീക്ഷ ഹാളിൽ അനുവദിക്കുന്നവ
അഡ്മിറ്റ്കാർഡ്, അംഗീകൃത തിരിച്ചറിയൽ രേഖ, സുതാര്യമായ ബാൾപോയന്‍റ് പേന മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കുൂ. വിദ്യാർഥികൾ ‘സർക്കാർ നൽകുന്ന ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖ’ ( പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്പോർട്ട്, ആധാർകാർഡ് (ഫോട്ടോസഹിതം)/ ഇ-ആധാർ/ ഫോട്ടോപതിപ്പിച്ച റേഷൻകാർഡ്/ ആധാർ എൻറോൾമെൻറ് നമ്പർ/ പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി നൽകുന്ന വിദ്യാർഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്/ ഗസറ്റഡ് ഓഫിസർ നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്) കരുതേണ്ടതാണ്.
പെൻസിൽ, ഇറേസർ, പേപ്പറുകൾ മുതലായവയും കാൽക്കുലേറ്റർ, ഡിജിറ്റൽ വാച്ചുകൾ, കാമറ തുടങ്ങിയ ഒരുതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. റഫ് വർക്കിനുള്ള പേപ്പർ ഹാളിൽ നൽകും. ഈ ഷീറ്റുകൾ പരീക്ഷക്കു ശേഷം തിരികെ നൽകണം.
അനുചിത പെരുമാറ്റത്തിന് പിടിവീഴും
പരീക്ഷക്കിടെ അന്യായവും അനുചിതവുമായ പെരുമാറ്റമുണ്ടായാൽ അയോഗ്യരാക്കും. ഹാളിൽ മറ്റ് വിദ്യാർഥികളുമായുള്ള ആംഗ്യമോ സംഭാഷണമോ പരീക്ഷാക്രമക്കേടായി കണക്കാക്കും. പ്രോസ്പെക്ടസ് പ്രകാരം നടപടികളെടുക്കും. പരീക്ഷ സമയത്ത് സഹായം ആവശ്യമായി വന്നാൽ കൈയുയർത്തി ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപെടുത്താം.
അനുവദിച്ച കമ്പ്യൂട്ടർ മൗസ് തകരാറിലായാൽ ഉടൻ മറ്റൊരു കമ്പ്യൂട്ടർ അനുവദിക്കും. നഷ്ട സമയം സെർവറിൽ ക്രമീകരിക്കും. പരീക്ഷ സമയത്ത് കീബോർഡ് അനുവദനീയമല്ല. കീബോർഡിന്റെ ഉപയോഗം ആവശ്യമുള്ളിടത്തെല്ലാം, കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകുന്ന വെർച്വൽ കീബോർഡ് ഉപയോഗിക്കാം. പരീക്ഷ പൂർത്തിയായതിനു ശേഷം മാത്രമേ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കൂ.