എൻജിനീയറിങ് റാങ്ക് പട്ടിക: സമീകരണത്തിൽ കേരള സിലബസിലുള്ളവർക്ക് ഇനി മാർക്ക് കുറയില്ല
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുമ്പോൾ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് കുറയുന്ന സമീകരണ പ്രക്രിയയിൽ മാറ്റം വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മാർക്ക് നഷ്ടം ഒഴിവാക്കിയുള്ള പുതുക്കിയ സമീകരണ ഫോർമുലക്ക് മന്ത്രിസഭ അംഗീകാരം നൽകി.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. വ്യത്യസ്ത ബോർഡുകൾക്ക് കീഴിൽ പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികളുടെ മാർക്ക് പരിഗണിക്കുമ്പോഴുണ്ടാകുന്ന ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ തമിഴ്നാട്ടിലേതിന് സമാനമായ സമീകരണ രീതിയാണ് ഇനിയുണ്ടാകുക. പുതുക്കിയ ഫോർമുല ഉൾപ്പെടുത്തി പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത് ഉടൻ ഉത്തരവിറക്കും.
ഇതുപ്രകാരം സോഫ്റ്റ്വെയറിൽ ഉൾപ്പെടെ ആവശ്യമായ ക്രമീകരണം വരുത്തി എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 23 മുതൽ 29 വരെയായി പൂർത്തിയാക്കിയ പ്രവേശന പരീക്ഷയുടെ സ്കോർ ഒന്നര മാസം മുമ്പ് പ്രസിദ്ധീകരിച്ചെങ്കിലും സമീകരണ പ്രക്രിയ സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകുകയായിരുന്നു.
ഉത്തരവിറങ്ങുന്നതോടെ, ഈ ആഴ്ച തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനായേക്കും. 2011ൽ കൊണ്ടുവന്ന നിലവിലുള്ള സമീകരണ രീതിയിലൂടെ കഴിഞ്ഞ വർഷം സംസ്ഥാന സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിക്ക് 27 മാർക്ക് വരെ കുറഞ്ഞിരുന്നു. പുതിയ രീതിയിലൂടെ മാർക്ക് കുറയുന്ന സാഹചര്യം പൂർണമായും ഒഴിവാകും.
എൻജിനീയറിങ് പുതുക്കിയ സമീകരണ രീതി ഇങ്ങനെ:
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് പകരം പഠിച്ച കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷ ബോർഡിലുമുള്ള ഉയർന്ന മാർക്ക് പ്രവേശന പരീക്ഷ കമീഷണറേറ്റ് ശേഖരിക്കും. സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100ഉം സി.ബി.എസ്.ഇ പോലുള്ള ഇതര ബോർഡുകളിലൊന്നിൽ ഏറ്റവും ഉയർന്ന മാർക്ക് 95 ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും.
95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്ക് പരിവർത്തനം ചെയ്യും. ഇതുവഴി 70 മാർക്ക് 73.68 ആയി (70÷95x100=73.68) മാറും. എൻജിനീയറിങ് റാങ്ക് പട്ടികക്കായി പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ പരിഗണിക്കും.
ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികക്കായി പരിഗണിക്കുക. മൂന്ന് വിഷയങ്ങൾക്കുമായി മൊത്തമുള്ള 300 മാർക്കിൽ മാത്സിന് 150 മാർക്കിന്‍റെയും ഫിസിക്സിന് 90 മാർക്കിന്‍റെയും കെമിസ്ട്രിക്ക് 60 മാർക്കിന്‍റെയും വെയ്റ്റേജിലായിരിക്കും പരീക്ഷാർഥിയുടെ മാർക്ക് പരിഗണിക്കുക. വ്യത്യസ്ത വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്ക് വ്യത്യസ്ത രീതിയിൽ തന്നെയായിരിക്കും പരിഗണിക്കുക.
പ്ലസ് ടു മാർക്കിന് പുറമെ, എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിദ്യാർഥി നേടുന്ന നോർമലൈസ് ചെയ്ത സ്കോർ 300ലായിരിക്കും പരിഗണിക്കുക. പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച 300ലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത 300ലുള്ള സ്കോറും ചേർത്ത് 600 ഇൻഡക്സ് മാർക്കിലായിരിക്കും എൻജിനീയറിങ് റാങ്ക് പട്ടികക്കായുള്ള സ്കോർ നിശ്ചയിക്കുക.
ഏതെങ്കിലും പരീക്ഷ ബോർഡ് ഫലം പ്രസിദ്ധീകരിക്കുന്നത് ലെറ്റർ ഗ്രേഡിലോ (എ,ബി,സി പോലുള്ളവ) ഗ്രേഡ്പോയന്‍റിലോ ആണെങ്കിൽ ബന്ധപ്പെട്ട വിദ്യാർഥികൾ ബോർഡിൽ നിന്ന് മാർക്ക് രേഖ വാങ്ങി സമർപ്പിക്കണം. മാർക്ക് രേഖ സമർപ്പിച്ചില്ലെങ്കിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണർ തീരുമാനമെടുക്കും. ദേശീയ ബോർഡുകളിൽ നിന്ന് പ്ലസ് ടു പാസായവരുടെ കാര്യത്തിൽ, ദേശീയ തലത്തിൽ വിദ്യാർഥി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഏറ്റവും ഉയർന്ന മാർക്കായിരിക്കും നോർമലൈസേഷനായി പരിഗണിക്കുക. മറ്റ് വ്യത്യസ്ത പരീക്ഷ ബോർഡുകളിൽ നിന്ന് മാർക്ക് വിവരങ്ങൾ ആവശ്യപ്പെടും. റാങ്ക് പട്ടിക തയാറാക്കുന്നതിനു മുമ്പ് ഈ മാർക്ക് ലഭിച്ചില്ലെങ്കിൽ 100 ശതമാനം മാർക്ക് ഉയർന്ന മാർക്കായി പരിഗണിക്കും.