കേരളയിൽ എം.ബി.എ ഉത്തര പേപ്പർ നഷ്ടപ്പെട്ട 71ൽ 65 പേർ പുനഃപരീക്ഷ എഴുതി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷ എഴുതാനെത്തിയത് 71ൽ 65 പേർ. ശേഷിക്കുന്ന ഏഴുപേർ 22ന് നടക്കുന്ന പരീക്ഷക്ക് ഹാജരാകും. 2022-24 ബാച്ച് വിദ്യാർഥികളുടെ മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാൻസ് പേപ്പറിലാണ് പുനഃപരീക്ഷ നടത്തിയത്.
തിരുവനന്തപുരം ഡി.സി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ 34ൽ 30 പേരും സി.എച്ച്.എം.എം കോളജ് ഫോർ അഡ്വാൻസ് സ്റ്റഡീസിൽ 24ൽ 23 പേരും ചവറ മെംബർ ശ്രീ നാരായണ പിള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ മൂന്നിൽ രണ്ടുപേരും പരീക്ഷക്ക് ഹാജരായി. അടൂർ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് -ഏഴ്, മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി -ഒന്ന്, കൊല്ലം യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് -രണ്ട് എന്നിങ്ങനെയാണ് മറ്റ് കോളജുകളിൽ പരീക്ഷയെഴുതിയവരുടെ എണ്ണം.
മൂല്യനിർണയം നടത്താൻ ഏൽപിച്ച പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റിവ് മാനേജ്മെന്റ് അധ്യാപകനിൽനിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതോടെയാണ് പുനഃപരീക്ഷ വേണ്ടി വന്നത്.