എം.ബി.എ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം: പുനഃപരീക്ഷ ഏപ്രിൽ ഏഴിന്
text_fieldsതിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എം.ബി.എ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഏഴിന് പുനഃപരീക്ഷ നടത്തും.
ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ നടത്തിപ്പില്‍നിന്ന് മാറ്റിനിര്‍ത്തും. ഏപ്രില്‍ ഏഴിന് പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ളവർക്ക് ഏപ്രിൽ 22ന് വീണ്ടും അവസരമുണ്ടാകും. മൂല്യ നിർണയം ക്യാമ്പിൽ നടത്തും. മൂന്ന് ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്നും വി.സി അറിയിച്ചു.
2024 മേയിൽ നടന്ന ഫിനാന്‍സ് സ്ട്രീം എം.ബി.എ മൂന്നാം സെമസ്റ്റര്‍ ‘പ്രോജക്ട് ഫിനാന്‍സ്’ വിഷയത്തിന്റെ ഉത്തരക്കടലാസാണ് നഷ്ടമായത്. അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ പാലക്കാട്ടുള്ള അധ്യാപകന്റെ പക്കല്‍നിന്നാണ് നഷ്ടമായത്. ഉത്തരക്കടലാസുകള്‍ യാത്രക്കിടെ ബൈക്കില്‍നിന്ന് വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.
ഉത്തരക്കടലാസുകൾ ജനുവരി 12ന് നഷ്ടമായെന്ന് അധ്യാപകൻ പൊലീസിനെയും 14 ന് സർവകലാശാലയെയും അറിയിച്ചിരുന്നു. മൂല്യനിർണയം നടത്തിയ അധ്യാപകന്റെ പക്കൽ നിന്ന് ഉത്തരക്കടലാസ് കളഞ്ഞുപോയിട്ടും ആദ്യം മൂടിവെക്കുകയായിരുന്നു സർവകലാശാല അധികൃതർ. ഒടുവിൽ ഏപ്രിൽ ഏഴിന് വീണ്ടും പരീക്ഷയെഴുതണമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം വിദ്യാർഥികൾ അറിയുന്നത്. വലിയ വീഴ്ചയാണ് സർവകലാശാലക്ക് പറ്റിയതെന്ന് വി.സി സമ്മതിച്ചു. വീഴ്ചയുടെ ഭാഗമായി കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തേക്കും. അധ്യാപകനോട് ഏപ്രിൽ നാലിന് സർവകലാശാലയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. ഒരുവർഷത്തിനകം മൂല്യനിർണയം ഡിജിറ്റലാക്കുമെന്നും പ്രത്യേക പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു.
അതേസമയം അധ്യാപകന് പറ്റിയ വീഴ്ചയുടെ പേരില്‍ വീണ്ടും പരീക്ഷ എഴുതണമെന്നതിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. കാമ്പസ് സെലക്ഷന് ഉള്‍പ്പെടെ ലഭിച്ച് പലരും വിദേശത്ത് ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇവർക്ക് പരീക്ഷ നിശ്ചയിച്ച ദിവസങ്ങളിൽ കേരളത്തിലേക്കെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് വിദ്യാർഥികൾ പറയുന്നു.