Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right2026ലെ നീറ്റ്...

2026ലെ നീറ്റ് ചോദ്യപേപ്പർ ചോർന്നോ? രാജസ്ഥാനിൽ പരീക്ഷക്ക് മുമ്പുതന്നെ സമാന ചോദ്യാവലി പ്രചരിച്ചതിൽ അന്വേഷണം

text_fields
bookmark_border
question paper
cancel

ന്യൂഡൽഹി: 2026ലെ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് പുതിയ വിവാദം. പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ ചോർന്നിരുന്നുവെന്നാണ് ആരോപണം. രാജസ്ഥാനിലെ സിക്കാറിൽ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ച ഒരു ചോദ്യാവലിയുടെ ഭാഗം യഥാർഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ വിവാദം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നോയെന്ന ആശങ്കയാണ് വിദ്യാർഥികൾക്കിടയിൽ ഉയരുന്നത്.

രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ പ്രകാരം, മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിലെ 720 മാർക്കിൽ ഏകദേശം 600 മാർക്കും മുൻകൂട്ടി പ്രചരിച്ച ഒരു ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതാണെന്ന് പറയുന്നു. നിലവിൽ ഇത് പരീക്ഷക്ക് മുമ്പ് തയാറാക്കിയ ഊഹംവെച്ചു​ള്ള ഒരു ചോദ്യപേപ്പറാണോ അതോ യഥാർഥ ചോദ്യപേപ്പർ ചോർന്നതാണോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മേയ് പത്തിന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നീറ്റ് പരീക്ഷക്ക് ശേഷം സംഭവം ശ്രദ്ധയിൽപ്പെട്ടതായും തുടർന്ന് ബന്ധപ്പെട്ട ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയതായും ഏജൻസി അറിയിച്ചു. കൂടാതെ സംഭവം സുതാര്യമായി പരിശോധിക്കുമെന്നും തുടർ നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും എൻ.ടി.എ അറിയിച്ചു.

നിരവധി ചോദ്യങ്ങളിലെ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും യഥാർഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അ​ന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നീറ്റ് പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് സിക്കാറിൽ നിന്നാണ് ചോദ്യാവലി ആദ്യം പുറത്തുവന്നതെന്നും 20,000 മുതൽ രണ്ടു ലക്ഷം രൂപ വരെ വിലക്ക് ഇത് വിദ്യാർഥികൾക്ക് വിറ്റുവെന്നും ബന്ധപ്പെട്ടവൃത്തങ്ങൾ പറയുന്നു. പരീക്ഷയുടെ തലേദിവസം രാത്രിയോടെ, ഓരോ പകർപ്പും ഏകദേശം 30,000 രൂപ വിലക്ക് പ്രചരിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. എസ്‌.ഒ.ജി അന്വേഷണത്തിൽ സംശയാസ്പദമായ ചോദ്യാവലി കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിയുടേതാണെന്ന് കണ്ടെത്തി. മേയ് ഒന്നിന് സിക്കാറിലെ സുഹൃത്തിന് ഇത് പങ്കുവെച്ചതായും പറയുന്നു. തുടർന്ന് ഇത് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കിടയിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു.

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയിൽ നിന്നുള്ള 300ലധികം കൈയക്ഷര ചോദ്യങ്ങൾ ഈ മെറ്റീരിയലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷകർ അവകാശപ്പെടുന്നു. കൂടാതെ ഇതിലെ കൈയക്ഷരമെല്ലാം സമാനമായി കാണപ്പെടുന്നു. ഏകദേശം 140 ചോദ്യങ്ങൾ നീറ്റിന്റെ യഥാർഥ ചോദ്യങ്ങളുമായി പൊരുത്ത​പ്പെടുന്നതായും പറയുന്നു. ഓരോ ചോദ്യത്തിനും നാല് മാർക്ക് ഉള്ളതിനാൽ, ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ റാങ്കിങ്ങിലും പ്രവേശനത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പരീക്ഷക്ക് മുമ്പുതന്നെ ഈ മെറ്റീരിയൽ നിരവധി വിദ്യാർഥികളി​ലേക്ക് എത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അച്ചടിച്ച പകർപ്പുകൾ ഓഫ്‌ലൈനായി വിതരണം ചെയ്തിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. നിലവിൽ സിക്കാറിലെ ഒരു പി.ജി ഓപ്പറേറ്റർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജസ്ഥാൻ എസ്.ഒ.ജിയുടെ അന്വേഷണ റിപ്പോർട്ട് വന്നാൽ മാത്രമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി തുടർ നടപടികൾ സ്വീകരിക്കുക. നെറ്റ്‌വർക്കിന്റെ വ്യാപ്തി, ചോദ്യബാങ്കിന്റെ ഉറവിടം, ഏതെങ്കിലും സംഘടിത റാക്കറ്റ് ഉൾപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.

Show Full Article
TAGS:NEET Exams question paper leak questionnaire Rajasthan national testing agency 
News Summary - NEET 2026 paper leaked? Guess questionnaire found similar to exam in Rajasthan
Next Story