നീറ്റ്; റാങ്ക് തിളക്കത്തിൽ ഇന്ത്യൻ സ്കൂൾ മബേല പൂർവ വിദ്യാർഥി
text_fieldsഹർഷ് ജി.ഹരി
മസ്കത്ത്: കഴിഞ്ഞദിവസം പ്രഖ്യാപിച്ച നീറ്റ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി ഇന്ത്യൻ സ്കൂൾ മബേല പൂർവ വിദ്യാർഥി. കൊല്ലം പവിത്രേശ്വരം മേലാലപ്പുറത്തു വീട്ടിൽ ഹർഷ് ജി.ഹരിയാണ് ദേശീയതലത്തിൽ 480ാം റാങ്കും സംസ്ഥാന തലത്തിൽ 10-ാം റാങ്കും നേടിയത്. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ മബേല ഇന്ത്യൻ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. പ്ലസ്ടു കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലും. പിന്നീട് ഒരു വർഷം പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ റിപ്പീറ്റേഴ്സ് ബാച്ചിൽ പഠനം തുടർന്നു. ഇതു രണ്ടാം തവണയാണ് നീറ്റ് എഴുതുന്നത്. ആദ്യതവണ 28,000 ആയിരുന്നു റാങ്ക്. അതിൽ തളരാതെ നടത്തിയ പരിശ്രമമാണ് ഇത്തവണ 480-ാം റാങ്കിലേക്ക് എത്തിച്ചത്.ഹോക്കി ആണ് ഇഷ്ട ഗെയിംസ്. ഇന്ത്യൻ സ്കൂളിനെ പ്രതിനിധീകരിച്ചു രണ്ട് തവണ ഇന്ത്യയിൽ നടന്ന ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. എയിംസിൽ എം.ബി.ബി.എസിനു ചേരാനാണ് ഹർഷിനു താൽപര്യം.പിതാവ് ജെ.ഹരികുമാർ ഒമാനിൽ ബിസിനസ് നടത്തുകയാണ്. സുൽത്താൻ ഖാബൂസ് യുനിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ് മാതാവ് ഗീത ഹരികുമാർ.