Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ് ചോദ്യപേപ്പർ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; അറസ്റ്റിലായ വിദ്യാർഥി 2021ൽ ബി.എ.എം.എസിന് പ്രവേശനം നേടി, ഒറ്റ ക്ലാസിൽപോലും കയറിയിട്ടില്ലെന്ന് സർവകലാശാല

text_fields
bookmark_border
Shubham Khairnar
cancel

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായ വിദ്യാർഥി ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറിക്ക് പ്രവേശനം നേടിയെങ്കിലും ഒറ്റ ക്ലാസിൽ പോലും കയറിയിട്ടില്ലെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര നാസിക്കിൽനിന്നുള്ള ശുഭം ഖൈർനാറാണ് അറസ്റ്റിലായത്. ടെലഗ്രാമിൽനിന്ന് 10 ലക്ഷം രൂപക്കാണ് ഈ വിദ്യാർഥി ചോദ്യപേപ്പർ വാങ്ങിയത്. പിന്നീട് ഇത് മറിച്ചുവിൽക്കുകയായിരുന്നു.

പ്രതിയായ ശുഭം ഖൈർനാർ 2021ൽ സെഹോറിലെ ശ്രീ സത്യസായി സർവകലാശാലയിൽ ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബി.എ.എം.എസ്) കോഴ്‌സിൽ പ്രവേശനം നേടിയിരുന്നു. എന്നാൽ, ഇയാൾ ഒറ്റ ക്ലാസിൽ പോലും കയറിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ക​ണ്ടെത്തി.

ഖൈർനാർ 2021ൽ ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി കോഴ്‌സിൽ പ്രവേശനം നേടിയെങ്കിലും എൻറോൾമെന്റിന് ശേഷം കാമ്പസിലേക്ക് എത്തിയിട്ടില്ലെന്ന് വൈസ് ചാൻസലർ മുകേഷ് തിവാരി പറഞ്ഞു. തുടർന്നാണ് ഇയാൾ രാജസ്ഥാൻ പൊലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും നിരീക്ഷണത്തിലാകുന്നത്. നാസിക്കിലെ ക്രൈംബ്രാഞ്ചാണ് ആദ്യം പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ സി.ബി.ഐക്ക് കൈമാറി. ടെലഗ്രാമിൽനിന്ന് 10 ലക്ഷം രൂപക്ക് നീറ്റ് ചോദ്യപേപ്പർ വാങ്ങിയ ഖൈർനാർ ഹരിയാന സ്വദേശിക്ക് 15ലക്ഷം രൂപക്കാണ് വിറ്റത്.

​നാസിക്കിലെ ഒരു പ്രിന്റിങ് പ്രസിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. എന്നാൽ, നാസിക്കിൽ നീറ്റ് ചോദ്യപേപ്പർ അച്ചടിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം അജ്ഞാതമായി തുടരുകയാണ്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇതുവരെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നായി ഒമ്പതുപേരെയാണ് അറസ്റ്റ്​ ചെയ്തത്. പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നാസിക്കിൽ നിന്നാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഡൽഹി, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. ഈ മാസം ഒന്നിന് രാജസ്ഥാൻ സിക്കാറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്. തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി 2026 പരീക്ഷ നാഷനൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കുകയായിരുന്നു.

Show Full Article
TAGS:NEET Ug paper leak neet exam 
News Summary - NEET paper leak accused took admission in MP college but never attended classes
Next Story