Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഫിസിക്സ് കുഴപ്പിച്ചു,...

ഫിസിക്സ് കുഴപ്പിച്ചു, ബയോളജി എളുപ്പം; നീറ്റ് പുനഃപരീക്ഷയിൽ വിദ്യാർഥികൾ

text_fields
bookmark_border
Neet ug exam
cancel

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയിൽ ഫിസിക്സ് കുഴപ്പിച്ചതായി വിദ്യാർഥികൾ. ഫിസിക്സ് കഠിനമായിരുന്നുവെന്നും എന്നാൽ, മൊത്തത്തിൽ പരീക്ഷ എളുപ്പമായിരുന്നുവെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

ഫിസിക്സിൽ കൂടുതലും ഫോർമൂലകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിനാൽ അൽപ്പം പ്രയാസമനുഭവപ്പെട്ടു. കെമിസ്ട്രിയുടെ ചില ചോദ്യങ്ങൾ പ്രയാസമായിരുന്നു. എന്നാൽ, മറ്റു ചോദ്യങ്ങൾ എളുപ്പമായിരുന്നു. കെമിസ്ട്രിക്ക് കൂടുതൽ സമയം ആവശ്യമായി വരികയും ചെയ്തു. ബയോളജി മൊത്തത്തിൽ എളുപ്പമുള്ളതായി തോന്നിയതായും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

മേയ് മൂന്നിന് നടന്ന പരീക്ഷയെ​ക്കാൾ പുനഃപരീക്ഷ അൽപ്പം പ്രയാസകരമായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. നേരത്തേ നടന്ന പരീക്ഷയേക്കാൾ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും കർശന പരിശോധനയും ഉണ്ടായിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് ഞായറാഴ്ച നീറ്റ് യു.ജി പുനഃപരീക്ഷ നടത്തുകയായിരുന്നു.

ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 22 ലക്ഷത്തിലേറെ വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും കൈകാര്യം ചെയ്യുന്നതിന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 5.15 വരെയായിരുന്നു പരീക്ഷ.

നേരത്തേ, നാഗ്പുരിലെ ഒരു വിദ്യാർഥിക്ക് അബൂദബിയിൽ പരീക്ഷാകേന്ദ്രം ലഭിച്ചത് വിവാദമായിരുന്നു. തുടർന്ന് നാഗ്പുരിൽത്തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് എൻ.ടി.എ അറിയിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷകളിലൊന്നായ നീറ്റ് യു.ജിയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വളരെ വലിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക ഉയർത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പ്ലസ്ടു ഒ.എസ്.എം മൂല്യനിർണയം, സി.ബി.എസ്.ഇ ത്രിഭാഷാ നയം എന്നിവയിൽ കേന്ദ്രസർക്കാറിനും എൻ.ടി.എക്കും വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഉൾപ്പെടെ രംഗത്തെത്തുകയും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Show Full Article
TAGS:NEET Ug neet exam physics Chemistry national testing agency 
News Summary - NEET Re Test Students find Physics tough Chemistry doable
Next Story