ഇങ്ങനെ പഠിക്കൂ; അപ്പോൾ എല്ലാം 'നീറ്റാ'കും...
text_fields2025ലെ നീറ്റ് യു.ജി പരീക്ഷക്ക് ഇനി അധിക നാളുകളില്ല. ഡോക്ടറാകാനുള്ള ആഗ്രഹവുമായി പരീക്ഷയെഴുതുന്ന ഒരാളും ഇനിയുള്ള സമയം വെറുതെ കളയരുത്. മേയ് നാലിന് ഉച്ചക്ക് രണ്ടുമണി മുതൽ അഞ്ചുമണി വരെയാണ് നീറ്റ് പരീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സിലബസിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ് വിഭാഗങ്ങളിലേക്ക് പ്രവേശനം നീറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണ്.
ഇക്കുറി ചില മാറ്റങ്ങളോടെയായിരിക്കും നീറ്റ് പരീക്ഷ നടക്കുക. 200 ചോദ്യങ്ങൾക്ക് പകരം 180 എണ്ണമേ ഉണ്ടാവുകയുള്ളൂ. പരീക്ഷയുടെ സമയം 200 മിനിറ്റിൽ നിന്ന് 180 മിനിറ്റായും കുറച്ചിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് 45 വീതം ചോദ്യങ്ങളുണ്ടാകും. 90 ചോദ്യങ്ങൾ ബയോളജിയിൽ നിന്നാകും.
ഇതു വരെ പഠിച്ച കാര്യങ്ങൾ നന്നായി റിവൈസ് ചെയ്ത് വേണം ഇനി മുന്നോട്ടു പോകാൻ. ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിൽ നിന്നാണ് നീറ്റ് പരീക്ഷക്ക് ചോദ്യങ്ങളുണ്ടാവുക. പലപ്പോഴും ഫിസിക്സിലെ ചോദ്യങ്ങൾ കടുകട്ടിയാകാറുണ്ട്. അതിനാൽ ഫിസിക്സിന് അധിക ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്.
സിലബസ് മുഴുവൻ കവർ ചെയ്യാൻ ശ്രദ്ധിക്കണം. അതിന് ടൈംടേബിൾ തയാറാക്കി തന്നെ പഠിക്കണം. പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യുന്നതും അതോടൊപ്പം നടക്കട്ടെ. അതിനിടയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഒരിക്കലും ഉറക്കമൊഴിച്ച് പരീക്ഷക്ക് പഠിക്കരുത്. ഭക്ഷണവും ഒഴിവാക്കരുത്. ഇതെല്ലാം ആരോഗ്യത്തെയും ഓർമശക്തിയെയും നന്നായി ബാധിക്കും. മാനസിക സമ്മർദമൊഴിവാക്കാൻ ഇടക്ക് പാട്ടു കേൾക്കാം. യോഗ ചെയ്യാം. വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിക്കാം.
180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തെരഞ്ഞെടുക്കാം. ശരിയുത്തരത്തിനു 4 മാർക്കു കിട്ടും. തെറ്റിന് ഒരു മാർക്കു കുറക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും കവരത്തിയിലും മാഹിയിലും അടക്കം ഇന്ത്യയിൽ 552 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇവക്ക് പുറമേ ദുബായ്, അബുദാബി, ഷാർജ, കുവൈത്ത്, ഖത്തർ, ദോഹ, മനാമ, മസ്കത്ത്, റിയാദ്, സിംഗപ്പൂർ ഉൾപ്പെടെ 14 വിദേശകേന്ദ്രങ്ങളുമുണ്ട്.