നിംഹാൻസിൽ നഴ്സിങ്, പാരാമെഡിക്കൽ; പ്രവേശന പരീക്ഷ ജൂലൈ 27ന്
text_fieldsകേന്ദ്ര സർക്കാറിന് കീഴിൽ ദേശീയപ്രാധാന്യമുള്ള ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) 2025-26 അധ്യയനവർഷം നടത്തുന്ന താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. അഖിലേന്ത്യാ കാറ്റഗറി, കർണാടക ഡൊമിസൈൽ കാറ്റഗറി എന്നിങ്ങനെ രണ്ടായി സീറ്റുകളെ വിഭജിച്ചിട്ടുണ്ട്. അഖിലേന്ത്യാ സീറ്റുകളിലേക്ക് കേരളം ഉൾപ്പെടെ ഇതര സംസ്ഥാനത്തിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
അണ്ടർ ഗ്രാജ്വേറ്റ് (യു.ജി) കോഴ്സുകളിലേക്കുള്ള പ്രവേശന വിജ്ഞാപനവും യുജി പ്രോസ്പെക്ടസും www.nimhans.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ ജൂലൈ 27ന് ബംഗളൂരു നഗരത്തിൽ നടത്തും.
ബി.എസ്‍സി-അനസ്തേഷ്യ ടെക്നോളജി: സീറ്റ് 11 ( അഖിലേന്ത്യ-4, കർണാടക-7)
ബി.എസ്‍സി നഴ്സിങ്: സീറ്റ്-85 (അഖിലേന്ത്യ-35, കർണാടക 50).
ബി.എസ്‍സി മെഡിക്കൽ ഇമേജിങ് ടെക്നോളജി: സീറ്റ് -11 (അഖിലേന്ത്യ -4, കർണാടക -7)
ബി.എസ്‍സി ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി ടെക്നോളജി: സീറ്റ്-7 (അഖിലേന്ത്യ -2, കർണാടക -4, സ്പോൺസേർഡ്-1)
ബി.എസ്‍സി നഴ്സിങ് കോഴ്സ് കാലാവധി നാലുവർഷം + ഒരു വർഷം ഇന്റേൺഷിപ്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/ പ്ലസ് ടു പരീക്ഷ പാസായിരിക്കണം.
മറ്റ് ബി.എസ്‍സി കോഴ്സുകളുടെ കാലാവധി മൂന്നുവർഷം + ഒരുവർഷം ഇന്റേൺഷിപ്. യോഗ്യത: അനസ്തേഷ്യ ടെക്നോളജി കോഴ്സിന് ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ തത്തുല്യ പരീക്ഷ വിജയിക്കണം. മെഡിക്കൽ ഇമേജിങ് ടെക്നോളജി കോഴ്സിന് ഇംഗ്ലീഷ് അടക്കം ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് പരിസ്ഥിതി വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി ടെക്നോളജി കോഴ്സിന് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രവേശന നടപടികളും അടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.