Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ് യു.ജി...

നീറ്റ് യു.ജി പുനഃപരീക്ഷയിലും പിഴവ്; ഒരു ചോദ്യത്തിന് ശരിയുത്തരമില്ല, മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരം

text_fields
bookmark_border
Neet exam
cancel

ന്യൂഡൽഹി: ജൂൺ 21ന് നടന്ന നീറ്റ് യു.ജി 2026 പുനഃപരീക്ഷയിലും പിഴവ് വരുത്തി ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ). ഫിസിക്സ് ചോദ്യപേപ്പറുകളിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരം ഓപ്ഷനായി ഉണ്ടായിരുന്നില്ല. ആ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് എൻ.ടി.എയുടെ തീരുമാനം. വിദ്യാർഥികൾക്ക് നാല് ബോണസ് മാർക്ക് ലഭിക്കും. മറ്റൊരു​ ചോദ്യത്തിൽ രണ്ട് ശരിയുത്തരങ്ങളുണ്ടെന്നും കണ്ടെത്തി. വിദ്യാർഥികൾ രണ്ട് ഉത്തരങ്ങളിൽ ഏത് രേഖപ്പെടുത്തിയാലും മൂല്യനിർണയത്തിൽ പരിഗണിക്കും.

മേയ് മൂന്നിന് നടത്തിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻ.ടി.എ പരീക്ഷ റദ്ദാക്കിയതോടെ ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെ കുറ്റമറ്റ രീതിയിലായിരുന്നു പുനഃപരീക്ഷ നടത്തി​യതെന്ന് എൻ.ടി.എയും വിദ്യാഭ്യാസ മന്ത്രാലയവും അവകാശപ്പെട്ടിരുന്നു.

ഫിസിക്സിലെ വെർണിയർ കാലിപേർസുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരം ഓപ്ഷനായി നൽകിയിരുന്നില്ല. അതിനാൽ ചോദ്യം റദ്ദാക്കാണ് എൻ.ടി.എയുടെ തീരുമാനം. അതേസമയം, വൈദ്യുത കാന്തിക തരംഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രണ്ടു ശരിയുത്തരങ്ങളാണ് ഓപ്ഷനായി നൽകിയത്. രണ്ട് ഓപ്ഷനുകളിൽ ഏത് ശരിയുത്തരം എഴുതിയാലും മാർക്ക് നൽകാനാണ് നിലവിലെ തീരുമാനം. വെർണിയർ കാലിപേർസിനെക്കുറിച്ചുള്ള ചോദ്യത്തിന് നാല് ഉത്തര ഓപ്ഷനുകളുണ്ട്. നാലെണ്ണവും തെറ്റാണ്. ശരിയായ ഉത്തരം 1.6 സെന്റീമീറ്റർ ആണ്. അത് 40-ാം ചോദ്യത്തിനുള്ള ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റൊരു തെറ്റ് വൈദ്യുതകാന്തിക തരംഗങ്ങളെക്കുറിച്ചുള്ള ചോദ്യമാണ്. 22-ാം നമ്പർ ചോദ്യത്തിന് മൂന്നും നാലും ഉത്തരങ്ങൾ ശരിയാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

180 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിലുണ്ടായിരുന്നത്. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് വീതം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 45 ചോദ്യങ്ങൾ വീതമായി വിഭജിച്ച് ആകെ 720 മാർക്കുണ്ടായിരുന്നു.

പരീക്ഷയിലെ ക്രമക്കേടുകൾക്കും പിഴവുകൾക്കുമെതിരെ എൻ.ടി.എക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർഥികൾ രംഗ​​ത്തെത്തി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എൻ.ടി.എക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെയും വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പിൽ വീണ്ടും പിഴവെന്ന ആരോപണവുമായി വിദ്യാർഥികൾ രം​ഗത്തെത്തുന്നത്.

അതേസമയം, എൻ.ടി.എ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയിലും വ്യാപക അക്ഷരതെറ്റുകളും വ്യാകരണ പിഴവുകളും ഉണ്ടായതായി പരീക്ഷാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. യു.ജി.സി നെറ്റിന്റെ ജൂൺ 30ന് നടന്ന സോഷ്യോളജി പരീക്ഷയിലാണ് വ്യാപക തെറ്റുകൾ കണ്ടെത്തിയത്. ചോദ്യപേപ്പറിൽ വ്യാപകമായ അക്ഷരത്തെറ്റുകളും, പ്രമുഖരുടെ പേരുകൾ തെറ്റായി നൽകിയതും, മോശം വിവർത്തനവും, സിലബസിന് പുറത്തുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നുവെന്ന് പരീക്ഷാർഥികൾ ആരോപിച്ചു.

പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ George Ritzerന്റെ പേര് ‘Putzer’ എന്നായിരുന്നു അച്ചടിച്ചിരുന്നത്. Talcott Parsons എന്നത് Parsow, G.S. Ghurye എന്നത് Ghunye, A.R. Desai എന്നത് A.K. Desai, Martha Nussbaum എന്നത് ‘Nusbaut’ എന്നിങ്ങനെ തെറ്റായാണ് നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ ‘സോഷ്യൽ’ എന്ന വാക്ക് പോലും ചില ഭാഗങ്ങളിൽ തെറ്റായി അച്ചടിച്ചിരുന്നുവെന്നും പരീക്ഷാർഥികൾ ആരോപിച്ചു. കൂടാതെ, ഹിന്ദി വിവർത്തനങ്ങൾ വളരെ മോശമായിരുന്നുവെന്നും പരീക്ഷാർഥികൾ പറയുന്നു. ചില ചോദ്യങ്ങൾ എ.ഐ ഉപയോഗിച്ച് തയാറാക്കിയതുപോലെയാണെന്നും, സിലബസുമായി ബന്ധമില്ലാത്ത ചിന്തകരെയും പുസ്തകങ്ങളെയും പരാമർശിച്ചതായും ആരോപണമുണ്ട്. ഇതുമൂലം ചോദ്യങ്ങൾ മനസ്സിലാക്കാൻ തന്നെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നതായും നിരവധി പരീക്ഷാർഥികൾ വ്യക്തമാക്കി.

അതിനിടെ, ഇംഗ്ലീഷ് പേപ്പറിലെ 67 ചോദ്യങ്ങൾ 2024ലെ പരീക്ഷയിൽ നിന്ന് ആവർത്തിച്ചതായും, സൈക്കോളജി പേപ്പറിലും സമാന പരാതികൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ഇംഗ്ലീഷ് പേപ്പറിൽ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും അതേപടി വന്നിരിക്കുന്നുവെന്നാണ് ആരോപണം.

Show Full Article
TAGS:NEET Ug neet exam national testing agency question paper education Dharmendra pradhan net exam ugc net NTA 
News Summary - Re NEET blunders One question deleted other with two answers
Next Story