എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന
text_fieldsന്യൂഡൽഹി: ഉദ്യോഗാർഥികളെ തിരിച്ചറിയാൻ എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നടപ്പാക്കാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) തീരുമാനിച്ചു. അടുത്ത മാസം മുതലുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ നടപടി പ്രാബല്യത്തിൽ വരും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഗസറ്റഡ് അല്ലാത്ത തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ ചുമതലയുള്ള ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഏജൻസികളിൽ ഒന്നാണ് എസ്.എസ്.സി.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്തും, പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോഴും, 2025 മേയ് മുതൽ കമീഷൻ നടത്തുന്ന എഴുത്തുപരീക്ഷ കേന്ദ്രത്തിൽ ഹാജരാകുമ്പോഴും ഉദ്യോഗാർഥികൾക്ക് ആധാർ ഉപയോഗിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പാക്കൽ ആൾമാറാട്ടം അടക്കമുള്ളവ തടയാൻ സഹായിക്കുമെന്ന് എസ്.എസ്.സി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 12ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, എസ്.എസ്.സിക്ക് സ്വമേധയാ ആധാർ പ്രാമാണീകരണം നടത്താൻ അനുവാദമുണ്ടെന്ന് കേന്ദ്ര പേഴ്സനൽ മന്ത്രാലയം പറഞ്ഞിരുന്നു. 2016ലെ ആധാർ നിയമത്തിലെ വ്യവസ്ഥകളും നിർദേശങ്ങളും എസ്.എസ്.സി പാലിക്കണം. യൂനിയൻ പബ്ലിക് സർവിസ് കമീഷനു പുറമെയാണ് എസ്.എസ്.സിക്കുകൂടി ആധാർ അധിഷ്ഠിത തിരിച്ചറിയൽ നടപടി വരുന്നത്.