തൃപ്തിപ്പെടുത്തി ഗണിതം
text_fieldsഗണിത പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും എല്ലാ വിഭാഗം കുട്ടികളെയും തൃപ്തിപ്പെടുത്തുന്നവയായിരുന്നു. 110 സ്കോറിനുള്ള ചോദ്യങ്ങളിൽനിന്ന് 80 സ്കോറിനാണ് ഉത്തരം എഴുതേണ്ടത്. രണ്ടു സ്കോറിന്റെ ചോദ്യങ്ങളെല്ലാം നിലവാരമുള്ളവയും മുഴുവൻ സ്കോറും നേടാൻ കഴിയുന്നവയും ആയിരുന്നു. എന്നാൽ, രണ്ട് സ്കോറിനുള്ള നാലാമത്തെ ചോദ്യത്തിലെ ഗണിതക്രിയ ചില കുട്ടികൾക്ക് പ്രയാസം ഉണ്ടാക്കിയേക്കാം.
മൂന്ന്, നാല്, അഞ്ച് സ്കോറുകളുടെ മിക്ക ചോദ്യങ്ങളും കുട്ടികൾ ക്ലാസിൽ ചെയ്ത് പരിശീലിച്ചവ തന്നെയായിരുന്നു. നിർമിതിയുമായി ബന്ധപ്പെട്ട 10, 14 ,26 എന്നീ ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും എളുപ്പത്തിൽ വരക്കാൻ കഴിയുന്നവ ആയിരുന്നു.
16 ,18 ചോദ്യങ്ങളുടെ ഉപചോദ്യമായ (c) യുടെ ഉത്തരം ശ്രദ്ധയോടെ എഴുതിയില്ലെങ്കിൽ തെറ്റ് വരാൻ സാധ്യത കൂടുതലാണ്. സ്ഥിരമായി ചോദിക്കുന്ന മധ്യമം അഥവാ മീഡിയൻ കണ്ടുപിടിക്കേണ്ട 25ാമത്തെ ചോദ്യം എല്ലാ വിഭാഗം കുട്ടികൾക്കും എഴുതാൻ കഴിയുന്ന തരത്തിലായിരുന്നു. 29ാം ചോദ്യം ത്രികോണമിതിയുമായി ബന്ധപ്പെട്ടതും എളുപ്പത്തിൽ ആശയം മനസ്സിലാക്കി ഉത്തരം എഴുതാൻ കഴിയുന്നതുമായിരുന്നു.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ നന്നായി പരിശീലിക്കുകയും ഗണിത ആശയങ്ങൾ നന്നായി ഗ്രഹിക്കുകയും ചെയ്ത കുട്ടികൾക്ക് 110 സ്കോറിനും ഉത്തരം എഴുതാൻ കഴിയുന്ന തരത്തിൽ തയാറാക്കിയ ചോദ്യപേപ്പർ ആണിത്. അതോടൊപ്പം ശരാശരിക്കും ശരാശരിക്കുതാഴെയുമുള്ള കുട്ടികളെ കൂടി പരിഗണിച്ച് തയാറാക്കിയ ചോദ്യപേപ്പറാണിതെന്ന് നിസ്സംശയം പറയാം.