പരിഭവങ്ങളില്ലാതെ സാമൂഹ്യശാസ്ത്രം
text_fieldsഎളുപ്പത്തിൽ ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങളുമായായിരുന്നു എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷ. പല വർഷങ്ങളായി ആവർത്തിച്ച് ചോദിച്ച, സ്കോറിലോ ഘടനയിലോ മാറ്റം വരുത്തി തയാറാക്കിയ ചോദ്യങ്ങളായിരുന്നു ഏറെയും. എങ്കിലും ചില ചോദ്യങ്ങളുടെ ഘടനമാറ്റം പരീക്ഷാർഥികളെ ചെറുതായി വലച്ചു. പാഠപുസ്തകം വായിച്ചവർക്ക് സംശയലേശമന്യേ ചോദ്യങ്ങളെ സമീപിക്കാൻ പ്രയാസമുണ്ടാകില്ല.
പാർട്ട് എയിലെ ഒരു സ്കോർ ചോദ്യങ്ങൾ മുഴുവൻ എളുപ്പമായിരുന്നെങ്കിലും അശ്രദ്ധയോടെ സമീപിച്ചവർക്ക് സ്കോർ നഷ്ടപ്പെടാൻ സാധ്യതയുമുണ്ട്. പാർട്ട് എയിലെ തന്നെ മൂന്ന് സ്കോറിന്റെ മുഴുവൻ ചോദ്യങ്ങളും ശരാശരിക്കാരെ ഉദ്ദേശിച്ചുള്ളതായിരുന്നു. സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നിന്നുള്ള എ, ബി കോളം ചിലരെ ബുദ്ധിമുട്ടിച്ചേക്കാം. ഭൂസവിശേഷതകളെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പതിനഞ്ചാമത്തെ ചോദ്യം നദികൾ, തുറമുഖങ്ങൾ, പർവതങ്ങൾ, പീഠഭൂമികൾ എന്ന പതിവ് തെറ്റിച്ചിട്ടില്ലെന്നത് ആശ്വാസമായി. ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെ ഈ ചോദ്യം കുട്ടികൾ പലതവണ പരിചയപ്പെട്ടതായിരുന്നു. മികച്ച തയാറെടുപ്പോടുകൂടി പരീക്ഷ ഹാളിലേക്കെത്തിയ കുട്ടികൾക്ക് മുഴുവൻ സ്കോറും നേടാൻ സാധിക്കുന്നതായിരുന്നു പാർട്ട് എയിലെ ചോദ്യങ്ങൾ.
കൂൾ ഓഫ് ടൈമിന്റെ സാധ്യത പ്രയോജനപ്പെടുത്തേണ്ട പാർട്ട് ബിയിലെ ചോദ്യങ്ങൾ ആദ്യമേ തന്നെ നിശ്ചയിച്ചുറപ്പിച്ചവർക്ക് സമയബന്ധിതമായി എഴുതി പൂർത്തിയാക്കാൻ സാധിക്കും. ബി പാർട്ടിലെ പതിനേഴാം ചോദ്യത്തിന്റെ വിവരണാത്മക സ്വഭാവം സ്കോറിന് ചേർന്നതായില്ല. നാല് സ്കോറിന്റെ മുഴുവൻ ചോദ്യങ്ങളും വിവരണാത്മക സ്വഭാവം നിലനിർത്തിയെന്നതും ചിലരെ ബാധിച്ചു. അഞ്ചു സ്കോറിന്റെ 24ാമത്തെ ചോദ്യങ്ങൾ മുൻവർഷങ്ങളിൽ പലതവണ ചോദിച്ചവയായിരുന്നു. ഈ ചോദ്യത്തിലെ ചില സൂചകങ്ങൾ മോഡൽ പരീക്ഷയുടെ ആവർത്തനം കൂടിയായിരുന്നു. അവസാനത്തെ ആറ് സ്കോറിന്റെ ചോദ്യം 2023, 2024 വർഷങ്ങളിലെ ചോദ്യങ്ങളുടെ ശരിപ്പകർപ്പുകൾ ആയിരുന്നു. ആരെയും തോൽപിക്കാതെ എ പ്ലസിന് അവസരം നൽകി തയാറാക്കിയ ചോദ്യങ്ങളായിരുന്നു എല്ലാം.