എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് രണ്ടുനാൾ
text_fieldsകേരള എൻജിനീയറിങ്, ഫാർമസി, കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഇനി രണ്ട് ദിവസം മാത്രം. 23ന് തുടങ്ങി 29ന് അവസാനിക്കുന്ന പരീക്ഷയുടെ പരിഷ്കരിച്ച പരീക്ഷ ഷെഡ്യൂൾ, അഡ്മിറ്റ് കാർഡ് എന്നിവ www. cee.kerala.gov.in ൽ. എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 23, 25, 26, 27, 28 തീയതികളിൽ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ്.
ഫാർമിസി പരീക്ഷ 24 ന് രാവിലെ 11.30 മുതൽ ഉച്ചക്ക് ഒന്നുവരെയും രണ്ടാമത് സെഷൻ 3.30 മുതൽ അഞ്ചുവരെയും 29ന് രാവിലെ 10 മുതൽ 11.30 വരെയുമാണ്. ഫേഷ്യൽ ഇമേജ് അടക്കമുള്ള ബയോമെട്രിക് പരിശോധനക്കുശേഷം കമ്പ്യൂട്ടർ ലാബിൽ സീറ്റ് അലോട്ട് ചെയ്ത് കിട്ടും. ലോഗിൻ സ്ക്രീനിൽ തെളിയുന്ന സീറ്റ് നമ്പരും അലോട്ട് ചെയ്ത സീറ്റ് നമ്പരും ഒരുപോലെയാന്നെ് ഉറപ്പാക്കണം. റോൾനമ്പർ എന്റർ ചെയ്യാൻ മറക്കരുത്.
രഹസ്യ കോഡ് ഉപയോഗിച്ച് ലോഗിൻ പ്രോസസ് പൂർത്തിയാക്കണം. സി.ബി.ടി ജനറൽ ഇൻസ്ട്രക്ഷൻ പേജിൽ പരീക്ഷാർഥിയുടെ പേര്, റോൾ നമ്പർ, ഫോട്ടോ എന്നിവയുണ്ടാകും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കുള്ള മാർഗനിർദേശങ്ങൾ പ്രോസ്പെക്ടസിലുള്ളത് വായിച്ച് മനസ്സിലാക്കണം. പരീക്ഷാ രീതി മനസ്സിലാക്കുന്നതിന് മോക്ക് ടെസ്റ്റ് ഉണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ചെന്നൈ, ബംഗളുരു, മുംബൈ, ന്യൂഡൽഹി, ദുബൈ അടക്കം 138 കേന്ദ്രങ്ങളിലുമാണ് പരീക്ഷ. എൻജിനീയറിങ് 97,759, ഫാർമസിക്ക 46,107 വിദ്യാർഥികൾ പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മാത്തമാറ്റിക്സിൽ 75 ചോദ്യങ്ങളും ഫിസിക്സിൽ 45 ചോദ്യങ്ങളും കെമിസ്ട്രിയിൽ 30 ചോദ്യങ്ങളുമുണ്ടാകും. മൂന്ന് മണിക്കൂർ സമയം ലഭിക്കും. ഫാർമസി പരീക്ഷയിൽ കെമിസ്ട്രിയിൽ 45 ചോദ്യങ്ങളും ഫിസിക്സിൽ 30 ചോദ്യങ്ങളുമുണ്ടാവും. 90 മിനുട്ട് സമയം ലഭിക്കും.
സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കൻ ശ്രദ്ധിക്കണം. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക് തന്നിട്ടുള്ളവയിൽനിന്നും ഏറ്റവും ശരിയുത്തരം കണ്ടെത്തണം. ശരി ഉത്തരത്തിന് നാല് മാർക്ക്. തെറ്റിയാൽ ഒരു മാർക്ക് കുറക്കും. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിട്ടുകളയുന്നതാണ് ഉചിതം. ആശങ്ക വേണ്ട, ആത്മവിശ്വാസത്തോടെ പരീക്ഷ നേരിടാം. പഠിച്ച പ്രധാന ഭാഗങ്ങൾ ഓർത്തുവെക്കാൻ ശ്രമിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
• അഡ്മിറ്റ് കാർഡും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും കൈവശമുണ്ടാകണം.
• ട്രാൻസ്പാരന്റ് ബാൾപോയിന്റ് പേന പരീക്ഷ ഹാളിൽ കൊണ്ടുപോകാം.
• ബുക്ക്, പേപ്പറുകൾ, പെൻസിൽബോക്സ്, കാൽക്കുലേറ്റർ, ഡിജിറ്റൽ വാച്ച്, കാമറപെൻ, ഇയർഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല.