യു.ജി.സി നെറ്റ് 2025 ഡിസംബർ സെഷൻ; അപേക്ഷ നവംബർ ഏഴുവരെ
text_fieldsശാസ്ത്ര ഇതര വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ്(ജെ.ആർ.എഫ്),അസിസ്റ്റന്റ് പ്രഫസർ നിയമനം, പിഎച്ച്.ഡി പ്രവേശനം എന്നിവക്കുള്ള യോഗ്യത പരീക്ഷയായ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് 2025 ഡിസംബർ സെഷന് അപേക്ഷ ക്ഷണിച്ചു. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. നവംബർ ഏഴ് ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.
മൂന്ന് കാറ്റഗറികളിലായാണ് അപേക്ഷകരെ പരിഗണിക്കുക.
1. കാറ്റഗറി 1-ജെ.ആർ.എഫിനും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും
2. കാറ്റഗറി 2-അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും
3. കാറ്റഗറി 3-പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം.
കാറ്റഗറി 1ന് അർഹത നേടുന്നവർക്ക് പിഎച്ച്.ഡി പ്രവേശനത്തിനും അർഹതയുണ്ട്. അങ്ങനെയുള്ളവർ യു.ജി.സി വ്യവസ്ഥകൾ പ്രകാരമുള്ള ഇന്റർവ്യൂ അഭിമുഖീകരിക്കണം.
കാറ്റഗറി രണ്ടിൽ യോഗ്യത നേടുന്നവർക്ക് ജെ.ആർ.എഫ് അർഹത ഉണ്ടായിരിക്കില്ല.
കാറ്റഗറി 2,3 എന്നിവ യു.ജി.സി നെറ്റ് യോഗ്യത, പിഎച്ച്.ഡി പ്രവേശനത്തിനുള്ള സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്ക് പകരമുള്ള പ്രവേശന പരീക്ഷയായി പരിഗണിക്കും.
നാലുവർഷ ബിരുദക്കാർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. എന്നാൽ ഇവർക്ക് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അർഹത ഉണ്ടാകില്ല.
ജെ.ആർ.എഫിന് അപേക്ഷിക്കുന്നവരുടെ പ്രായം 30 വയസ് കവിയരുത്. 2025 ഡിസംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വനിതകൾക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ചുവർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്. എന്നാൽ അസിസ്റ്റന്റ് പ്രഫസർ അർഹതക്കും പിഎച്ച്.ഡി പ്രവേശനത്തിനും അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.
ഡിസംബർ 31 മുതൽ ജനുവരി ഏഴുവരെയാണ് പരീക്ഷനടക്കുക. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. മൂന്നുമണിക്കൂറാണ് പരീക്ഷാ ദൈർഘ്യം. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല.
ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബർ ഏഴ് രാത്രി 11.50 വരെയാണ് അപേക്ഷ അയക്കാനുള്ള സമയം. ജനറൽ വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് വിഭാഗങ്ങൾക്ക് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അപേക്ഷയിലെ പിശകുകൾ തിരുത്താൻ നവംബർ 10 മുതൽ 12 വരെ സമയം അനുവദിക്കും.


