കെ.വി.എസ്, എൻ.വി.എസ് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുതുക്കി സി.ബി.എസ്.സി, അറിയാം വിശദാംശങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
കേന്ദ്രീയ വിദ്യാലയ സംഗതൻ (കെ.വി.എസ്), നവോദയ വിദ്യാലയ സമിതി (എൻ.വി.എസ്) എന്നിവക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുതുക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ).
ഇതനുസരിച്ച് ഫീസ് പേയ്മെന്റ് ഉൾപ്പെടെ ഓൺലൈൻ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ യോഗ്യതയുള്ള മറ്റ് തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസരം ലഭ്യമാവും. കെ.വി.എസും എൻ.വി.എസ് തസ്തികകളും തമ്മിലുള്ള യോഗ്യതാ ആവശ്യകതകളിലെ വ്യത്യാസങ്ങൾ പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി. നേരത്തെ, അപേക്ഷകർക്ക് യോഗ്യതകൾ തമ്മിൽ വ്യത്യാസങ്ങൾ മൂലം ചില തസ്തികകളിലേക്ക് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വിജ്ഞാപനം പുതുക്കിയത്.
നിലവിലെ വിജ്ഞാപനമനുസരിച്ച് നേരത്തെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് 2025 ഡിസംബർ 15 വരെ തങ്ങളുടെ പേജ് വഴി യോഗ്യതയുള്ള മറ്റു തസ്തികകൾക്ക് അപേക്ഷിക്കാം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
- പുതുക്കിയ വിജ്ഞാപനപ്രകാരം ഇതിനകം ഓൺലൈൻ അപേക്ഷയും ഫീസ് പേയ്മെന്റും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് പുതുക്കിയ ആപ്ലിക്കേഷൻ വിൻഡോ.
- ഈ ഘട്ടത്തിൽ പുതിയ രജിസ്ട്രേഷനുകൾ അനുവദനീയമല്ല. സമാനമായ തസ്തികകൾക്ക് പോലും കെ.വി.എസും എൻ.വി.എസും തമ്മിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ വ്യത്യാസമുണ്ടെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം യോഗ്യത തിരഞ്ഞെടുക്കണം. തെറ്റായ തിരഞ്ഞെടുപ്പ് പിന്നീടുള്ള ഘട്ടങ്ങളിൽ അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം.
തെരഞ്ഞെടുക്കൽ ഇങ്ങനെ
- എഴുത്തുപരീക്ഷ
- നൈപുണ്യ പരിശോധന (ബാധകമെങ്കിൽ)
- ഡോക്യുമെന്റ് സ്ഥിരീകരണം
- മെഡിക്കൽ പരിശോധന
അധിക തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് ഇങ്ങനെ
- സി.ബി.എസ്.ഇ, കെ.വി.എസ് അല്ലെങ്കിൽ എൻ.വി.എസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- നിലവിലുള്ള രജിസ്ട്രേഷൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- മുമ്പ് യോഗ്യത പരിമിതപ്പെടുത്തിയ അധിക പോസ്റ്റ് തിരഞ്ഞെടുക്കുക
- അറിയിപ്പ് അനുസരിച്ച് യോഗ്യതകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക
- 2025 ഡിസംബർ 15 ന് മുമ്പ് അപേക്ഷ സമർപ്പിക്കുക (11:59 പി.എം)
ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സി.ബി.എസ്.ഇ, കെ.വി.എസ് അല്ലെങ്കിൽ എൻ.വി.എസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.


