ജില്ല സ്കൂൾ കലോത്സവം; വീരനാട്യത്തിൽ ഇരവി
text_fieldsകെ. അനാമിക,
കെ.കെ. മുഹമ്മദ് സിയാൻ,
എൻ ശ്രീപാർവതി
വണ്ടൂർ: ജാതി സമത്വവും ആദിവാസി പോരാട്ടത്തിന്റെ കഥയും തട്ടകത്തെ അവിസ്മരണീയമാക്കി എച്ച്.എസ്.എസ് നാടക മത്സരം. കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് അരങ്ങിലെത്തിച്ച വീരനാട്യമാണ് മികച്ച നാടകം. ഇതേ നാടകത്തിലെ ദേവകിയായി അഭിനയിച്ച ശ്രീപാർവ്വതിയും രണ്ടാം സ്ഥാനം നേടിയ ഇരവിയിലെ അഭിനയത്തിന് അനാമികയും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ഇരവിയിലെ വീരനായി അഭിനയിച്ച സിയാൻ ഫൈസലാണ് മികച്ച നടൻ. ഇരുവരും കൊളത്തൂർ എൻ.എച്ച്.എസ്.എസ് വിദ്യാർഥികളാണ്.
റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത വീരനാട്യം അടിച്ചമർത്തലിനെതിരെയുള്ള മുന്നറിയിപ്പാണ്. തിരുവാതിരക്കളിയിൽ പങ്കെടുക്കാനെത്തിയ യുവതിയെ മാറ്റി നിർത്തുന്നതോടെയാണ് കഥയുടെ തുടക്കം. ഇതിനെതിരെ പോരാടുന്നതും മാറ്റി നിർത്തിയവരെ തന്നോട് ചേർത്ത് നിർത്തുന്നതുമാണ് ഇതിവൃത്തം. സി. ദേവിക, ടി.ജെ. സ്വാതി, അമൃത മധു, ഹുസ്ന നസ് റിൻ, കെ.ടി. അർച്ചന, വി.പി. അഷിത, ആദിത്യൻ, മിസ് ഹബ്, ആതിര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഷിഖിൽ ഗൗരിയുടെ സംവിധാന മികവിൽ തട്ടിൽ കയറിയ ഇരവി ആസ്വാദകരെ ഇരമ്പത്തിലാക്കി. കാട് കാക്കുന്ന ഊര് മൂപ്പന്റെ മരണവും ആ സമയത്ത് പിറക്കുന്ന മകൾ കാടിന്റെ അവകാശിയാകുന്നതുമാണ് തുടക്കം. ചതിയിലൂടെ കാടും ഇരവിയേയും കീഴ്പ്പെടുത്താൻ എത്തുന്ന വീരനും ഇരവിയുമാണ് മുഖ്യ കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. വീരനെ കൂടാതെ കരിയാത്ത, ചോപ്പൻ എന്നീ രണ്ടുവേഷങ്ങളും സിയാൻ അവിസ്മരണീയമാക്കി. അമ്മയെ കൊന്നത് പോലെ വീരനേയും കൂട്ടാളികളേയും കൊന്നൊടുക്കുന്ന ഇരവിക്ക് നിറഞ്ഞു കൈയടിയാണ് ലഭിച്ചത്. ഹരിലാൽ ബത്തേരിയുടേതാണ് രചന.
വണ്ടൂർ: ഒപ്പനയും നർത്തകിമാരും മേളയെ കോരിത്തരിപ്പിച്ച് മൂന്നാംദിനം. 575 പോയന്റുമായി മങ്കട ഉപജില്ല കുതിക്കുകയാണ്. 539 പോയന്റോടെ മലപ്പുറം രണ്ടാമതും 528 പോയന്റുമായി നിലമ്പൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തും കുതിക്കുന്നു. കൊണ്ടോട്ടി 526 വേങ്ങര 525 എന്നീ ഉപജില്ലകള്‍ നാലും അഞ്ചും സ്ഥാനത്ത് നില്‍ക്കുന്നു.
സ്‌കൂളില്‍ 175 പോയന്റ് നേടി ആര്‍.എം.എച്ച്.എസ്.എസ് മേലാറ്റൂരാണ് മുന്നിൽ. സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂര്‍ 156 പോയന്റ് നേടി രണ്ടാമതും ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി 135 പോയന്റോടെ മൂന്നാമതുമാണ്. യു.പി ജനറല്‍ വിഭാഗത്തില്‍ 113 പോയന്റോടെ നിലമ്പൂര്‍ ഉപജില്ലയും ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 228 പോയന്റോടെയും ഹയർ സെക്കന്‍ഡറിയില്‍ 242 പോയന്റോടെയും മങ്കട ഉപജില്ല മുന്നിട്ട് നില്‍ക്കുന്നു.
ഇനി സ്വന്തം ചിലങ്കയിൽ നിശാൽ കൃഷ്ണ ചുവടുവെക്കും
വണ്ടൂർ: നൃത്തത്തോട് വിശാലമായ ഇഷ്ടമാണ് നിശാൽ കൃഷ്ണക്ക്. പക്ഷേ പരാധീനതകളും പ്രയാസങ്ങളുമാണ് ജീവിതവഴിയിലുടനീളം. ഒടുവിൽ മിടുക്കനെ കൈ പിടിച്ചുയർത്താൻ നൃത്ത അധ്യാപികയായ ആരാധിക ഒപ്പം നിന്നു. ചിലങ്കയില്ലാതെ പ്രയാസപ്പെട്ട നിശാലിന് ചിലങ്ക സമ്മാനിച്ച് ചമയക്കാരൻ രഞ്ജിത്. എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യത്തിൽ മികച്ച പ്രകടനം നടത്തിയായിരുന്നു മടക്കം.
നിശാലിന് ചിലങ്ക കെട്ടിക്കൊടുക്കുന്ന മേക്കപ്പ് മാൻ രഞ്ജിത്ത് പുൽപ്പെറ്റ
ചേരങ്കാവ് ഗവ. എച്ച്.എസ് പ്ലസ് വൺ വിദ്യാർഥിയാണ്. പിതാവ് കൃഷ്ണൻകുട്ടി അഞ്ച് വർഷം മുമ്പാണ് മരിച്ചത്. അച്ഛന്റെ ആഗ്രഹമായിരുന്നു മകനെ നൃത്തം പഠിപ്പിക്കുകയെന്നത്. വീട്ടുപണിക്ക് പോകുന്ന മാതാവ് ബിന്ദുവും സങ്കടത്തിലായിരുന്നു. ഓരോ സ്കൂൾ കലോത്സവത്തിലും മൊബൈൽ ഫോണിലും സഹോദരി നയന കൃഷ്ണ പറഞ്ഞു കൊടുത്തും നിശാൽ പങ്കെടുത്തിരുന്നു. ഉറച്ച ചുവടുകൾ വെക്കുന്ന മിടുക്കന്റെ പ്രകടനം മനസ്സിലാക്കിയ യതീംഖാന സ്കൂളിലെ അധ്യാപകരായ മായയും ഖദീജയുമാണ് നിശാലിനെ പറ്റി ആരാധിക ടീച്ചറോട് പറയുന്നത്. പിന്നീട് ഇവനെ ടീച്ചർ ചേർത്തുനിർത്തി.
ഇത്തവണ ഒരു വീട്ടമ്മ വാങ്ങി നൽകിയ ചിലങ്കയുമായാണ് വണ്ടൂരിലെത്തിയത്. ഇത് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ചമയശേഷം ചിലങ്ക കെട്ടുന്ന നേരത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് പുൽപ്പറ്റയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ കൈവശമുണ്ടായിരുന്ന ചിലങ്ക കെട്ടിക്കൊടുത്തു. ഇനിയും നൃത്തത്തിൽ ചുവടുറപ്പിക്കണം. കുടുംബസ്വത്തായ പയ്യനാട് കുട്ടിപ്പാറയിലെ മൂന്ന് സെന്റിൽ വീടുപണി പൂർത്തിയാക്കണം. പക്ഷേ സാമ്പത്തികമാണ് തിരിച്ചടി. ഇരട്ടസഹോദരൻ നിഹാൽ കൃഷ്ണ അടങ്ങുന്നതാണ് നിശാലിന്റെ കുടുംബം.


