സർക്കാർ ജീവനക്കാരാകാൻ തയാറായിക്കോളൂ; കമ്പനി/'കോർപറേഷൻ അസിസ്റ്റന്റ് വിജ്ഞാപനം ഒക്ടോബർ15ന്
text_fieldsതിരുവനന്തപുരം: കമ്പനി ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനം.കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപറേറ്റീവ് ഇൻസ്പെക്ടർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ഡ്രൈവർ ഉൾപ്പെടെ 23 തസ്തികളിലെ നിയമനത്തിനാണ് വിജ്ഞാപനം. രണ്ട് കാറ്റഗറികളിലായാണ് വിജ്ഞാപനം. രണ്ട് കാറ്റഗറികളിലേക്കും വെവ്വേറെ അപേക്ഷിക്കണം. ബിരുദമാണ് യോഗ്യത. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട്ഘട്ടമായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. രണ്ട് കാറ്റഗറികളിലും വെവ്വേറെ റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കുക. കാറ്റഗറി ഒന്നിലുള്ളവർ കാറ്റഗറി രണ്ടിന്റെ ലിസ്റ്റിലും ഇടംപിടിക്കാറുണ്ട്.
പ്രാഥമിക പരീക്ഷ 2026 ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കും എന്നാണ് സൂചന. ഗസറ്റ് തീയതി: ഒക്ടോബർ 15. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ രണ്ട് റാങ്ക് ലിസ്റ്റുകൾ ഇപ്പോൾ നിലവിലുണ്ട്.
ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്2/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലാർക്ക് തസ്തികകളാണ് കാറ്റഗറി ഒന്നിലുള്ളത്. ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവിടങ്ങളിലേക്ക് കാറ്റഗറി ഒന്നിൽനിന്നാണ് നിയമനം നടക്കുക.
വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ്2 എന്നീ തസ്തികകളിലേക്കാണ് കാറ്റഗറി2 വഴി നിയമനം ലഭിക്കുക.
കെ.എസ്.ആർ.ടി.സി, ഫാമിങ് കോർപറേഷൻ, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, എസ്.സി/എസ്.ടി വികസന കോർപറേഷൻ, സിഡ്കോ, യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, വിവിന ക്ഷേമനിധി ബോർഡുകൾ എന്നിവയാണ് കാറ്റഗറി 2ലെ സ്ഥാപനങ്ങൾ.
നിലവിൽ 2415 പേർക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ട്. അതിൽ കൂടുതലും കെ.എസ്.എഫ്.ഇയിലും കെ.എസ്.ഇ.ബിയിലുമാണ്.
ബിരുദം യോഗ്യതയുള്ള പരീക്ഷകളിൽ ഏറ്റവും കൂടുതൽ നിയമനം നടക്കുന്നത് കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് ലിസ്റ്റിൽ നിന്നാണ്. ഏകദേശം അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ് പി.എസ്.സി കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്.


