സംവരണ തസ്തികകൾ പൊതുവിഭാഗത്തിലേക്ക്; വിവാദ മാർഗ നിർദേശം യു.ജി.സി പിൻവലിച്ചു
text_fieldsന്യൂഡൽഹി: എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ സംവരണ തസ്തികകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള വിവാദ കരട് മാർഗനിർദേശങ്ങൾ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) വെബ്സൈറ്റിൽനിന്ന് നീക്കി. ബന്ധപ്പെട്ടവർക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനാലാണ് മാർഗനിർദേശങ്ങൾ പിൻവലിച്ചതെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ പറഞ്ഞു.
യു.ജി.സി നീക്കത്തിൽ ഞായറാഴ്ചയാണ് വിവാദം ഉടലെടുത്തത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ഒരു സംവരണ തസ്തികപോലും ഇല്ലാതാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ കാലത്ത് സംവരണ തസ്തികകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടില്ലെന്നും ഭാവിയിലും അങ്ങനെയുണ്ടാകില്ലെന്നും യു.ജി.സി ചെയർമാനും വ്യക്തമാക്കി.