Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightസിവിൽ സർവീസസ്...

സിവിൽ സർവീസസ് അപേക്ഷയിൽ മാറ്റങ്ങളുമായി യു.പി.എസ്.സി; നടപടി പൂജ ഖേദ്കർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ

text_fields
bookmark_border
സിവിൽ സർവീസസ് അപേക്ഷയിൽ മാറ്റങ്ങളുമായി യു.പി.എസ്.സി; നടപടി പൂജ ഖേദ്കർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ
cancel
camera_alt

പൂജ ഖേദ്കർ

ന്യൂഡൽഹി: ബുധനാഴ്ചയാണ് യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) ഇക്കൊല്ലത്തെ സിവിൽ സർവീസസ് പരീക്ഷക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രിലിമിനറിക്കുള്ള അപേക്ഷ ഇത്തവണ സാധാരണയിൽനിന്ന് അൽപം വ്യത്യസ്തമായാണ് ഉദ്യോഗാർഥികൾ സമർപ്പിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത, സംവരണ യോഗ്യത, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇത്തവണ പ്രിലിമിനറി അപേക്ഷക്കൊപ്പം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ വിവരങ്ങൾ/ രേഖകൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ അപേക്ഷ റദ്ദാക്കുമെന്ന് കമീഷൻ വ്യക്തമാക്കി.

നേരത്തെ സ്കാൻ ചെയ്ത ഡോക്യുമെന്റുകൾ മെയിൻ പരീക്ഷക്ക് മുന്നോടിയായി മാത്രമേ ഉദ്യോഗാർഥികൾക്ക് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നുള്ളൂ. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവർ പ്രത്യേകം ഡീറ്റയിൽഡ് ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് നൽകണം. ഇതിൽ എല്ലാ വിവരങ്ങളും നൽകണം. എന്നാൽ ഇത്തവണ അത് പ്രിലിമറി ഘട്ടത്തിനായുള്ള അപേക്ഷക്കു തന്നെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷക്കൊപ്പം ജനനത്തീയതി, ജാതി/ സംവരണം (എസ്.സി/ എസ്.ടി/ ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്/ ഭിന്നശേഷി/ വിമുക്ത ഭടർ), വിദ്യാഭ്യാസ യോഗ്യത, സേവന മുൻഗണനകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

പ്രൊബേഷണറി ഐ.എ.എസ് ഓഫിസർ ആയിരുന്ന പൂജ ഖേദ്കർ വ്യാജ രേഖകൾ ചമച്ചും വിവരങ്ങൾ തെറ്റായി നൽകിയും സിവിൽ സർവീസ് പരീക്ഷയിൽ അധിക ശ്രമം നടത്തിയെന്ന കേസിന്റെ പശ്ചാത്തലത്തിലാണ് യു.പി.എസ്‌.സി അപേക്ഷാ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ഭിന്നശേഷി സംവരണത്തിനായി പൂജ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണ് കേസ്. സംവരണത്തിലൂടെ, യു.പി.എസ്.സിയുടെ അനുവദനീയമായ ഒമ്പത് ശ്രമങ്ങൾക്ക് പകരം 12 തവണ അവർ പരീക്ഷ എഴുതി.

കഴിഞ്ഞ ജൂണിൽ വ്യാജരേഖ പുറത്തുവരുകയും യു.പി.എസ്‌.സി അവരുടെ പരീക്ഷയെഴുതാനുള്ള യോഗ്യത റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് സെപ്റ്റംബറിൽ പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചട്ടങ്ങൾ ലംഘിച്ചതിന് പൂജ ഖേദ്കർ കുറ്റക്കാരിയാണെന്ന് യു.പി.എസ്‌.സി കണ്ടെത്തുകയും ഭാവിയിലെ എല്ലാ പരീക്ഷകളിൽ നിന്നും അവരെ വിലക്കുകയും ചെയ്തു. ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന പൂജ ഖേദ്കർ ഇപ്പോൾ ജാമ്യത്തിലാണ്.

Show Full Article
TAGS:UPSC Civil Services Exam Puja Khedkar 
News Summary - UPSC CSE Exam 2025: Govt Changes Rules For Application In Aftermath Of Puja Khedkar Row
Next Story