നിരസിക്കപ്പെട്ടത് 500 ജോലി അപേക്ഷകൾ; പിന്നീട് ഓപൺ എ.ഐ പ്രോജക്ട് വഴി ഈ മിടുക്കൻ വീട്ടിലിരുന്ന് പ്രതിമാസം സമ്പാദിച്ചത് 20 ലക്ഷം രൂപ!
text_fieldsപഠനം കഴിഞ്ഞാൽ നല്ലൊരു ജോലി എന്നത് വിദ്യാസമ്പന്നരായ എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിന് പിറകെയായിരുന്നു വടക്കേന്ത്യയിൽ നിന്ന് 23 വയസുള്ള സോഫ്റ്റ് വെയർ എൻജിനീയറിങ് ബിരുദധാരിയും. പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്നല്ല ജോലി എന്ന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആ യുവാവിന് മനസിലായി. 500 തവണയാണ് ഈ സോഫ്റ്റ്വെയർ എൻജിനീയർ ജോലി നിരസിക്കൽ നേരിട്ടത്. ഒടുവിൽ അതൊരു നിമിത്തമായി. എല്ലാത്തിനുമൊടുവിൽ ദൂരസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രതിമാസം 20 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഒരു ഓപൺ എ.ഐ പ്രോജക്ടിൽ അദ്ദേഹം പങ്കെടുത്തു.
തന്റെ കുടുംബത്തിൽ ബി.ടെക് കംപ്യൂട്ടർ സയൻസ് ബിരുദം പൂർത്തിയാക്കുന്ന ആദ്യത്തേയാളായിരുന്നു ആ ടെക്കി. കോഴ്ച് പൂർത്തിയാക്കി എട്ടുമാസം കഴിഞ്ഞപ്പോഴാണ് അവന് 3.6 ലക്ഷം വാർഷിക ശമ്പളത്തിൽ ഒരു ജോലി ഓഫർ ലഭിക്കുന്നത്. അക്കാലത്തിനിടക്ക് 500 ജോലി അപേക്ഷകളാണ് അവൻ അയച്ചുകൂട്ടിയത്. അത്രയും അപേക്ഷകൾ അയച്ചിട്ടും ഒരിടത്ത് നിന്ന് മാത്രമേ ഇന്റർവ്യൂവിന് വിളി വന്നിട്ടുള്ളൂ. അതിൽ വിജയിക്കുകയും ചെയ്തു. അത് അവന്റെ ജീവിതം മാറ്റിമറിച്ചു. ആ ഓപൺ എ.ഐ പ്രോജക്ട് വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു. സാമ്പത്തിക സ്വാതന്ത്ര്യവും നൽകി.
വീട്ടിലിരുന്നുകൊണ്ടു തന്നെ പ്രതിമാസം 20 ലക്ഷം രൂപ സമ്പാദിക്കാം എന്നതായിരുന്നു ആ എ.ഐ പ്രോജക്ടിന്റെ ഹൈലൈറ്റ്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിന്റെ ഭാഗമായി ഉറക്കം അവൻ നാലു മുതൽ അഞ്ചു മണിക്കൂർ മാത്രമാക്കി ചുരുക്കി. നിങ്ങൾക്ക് കഴിവും ഇൻർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ എവിടെ നിന്നും ജോലി ചെയ്യാൻ സാധിക്കുമെന്ന് ആ പ്രോജക്ട് പഠിപ്പിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ ആ പ്രോജക്ട് അവസാനിച്ചു. ഇപ്പോൾ 23ാം വയസിൽ സ്വന്തമായി ഒരു ടെക് കമ്പനി നടത്താനുള്ള ശ്രമത്തിലാണ് ആ മിടുക്കൻ. മികച്ചത് വരാനായി കാത്തിരിക്കരുത് എന്നാണ് വിദ്യാർഥികളോട് ഈ സോഫ്റ്റ്വെയർ എൻജിനീയർക്ക് പറയാനുള്ളത്. ''എല്ലാറ്റിനും അപേക്ഷിക്കുക. നന്നായി പണിയെടുക്കുക''.