മാർക്ക് മാത്രമല്ല; ഹൈസ്കൂളിലെത്തും മുൻപ് കുട്ടികൾ പഠിക്കേണ്ട ജീവിത പാഠങ്ങൾ
text_fieldsപരീക്ഷയിൽ നല്ല മാർക്ക് വാങ്ങുന്ന കുട്ടിയാണ് മിടുക്കൻ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ജീവിതം പരീക്ഷാ ഹാളിൽ ഒതുങ്ങുന്നില്ല. പോക്കറ്റ് മണി എങ്ങനെ ചെലവാക്കണം, കൂട്ടുകാരനുമായി വഴക്കുണ്ടായാൽ എങ്ങനെ പ്രതികരിക്കണം, ഫോണിൽ അപരിചിതൻ സന്ദേശം അയച്ചാൽ എന്ത് ചെയ്യണം, വീട്ടിൽ ആർക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാൽ ആരെ വിളിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് പാഠപുസ്തകത്തിൽ ഉത്തരമില്ല. എന്നിട്ടും ഇതെല്ലാം കുട്ടി ദിവസവും നേരിടുന്ന യാഥാർഥ്യങ്ങളാണ്.
ഹൈസ്കൂളിലേക്ക് കയറുമ്പോൾ പഠനഭാരത്തിനൊപ്പം സൗഹൃദങ്ങളും ഉത്തരവാദിത്തങ്ങളും തീരുമാനങ്ങളും കൂടും. അതിനെ നേരിടാൻ പാഠപുസ്തകം മാത്രം പോരാ. അതുകൊണ്ടുതന്നെ ചില ജീവിത പാഠങ്ങൾ കുട്ടി നേരത്തെ തന്നെ പഠിച്ചിരിക്കണം.
പണത്തിന്റെ മൂല്യവും സംസാരത്തിന്റെ കലയും
ആദ്യം പണത്തിന്റെ മൂല്യം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനും കിട്ടുന്ന പൈസയിൽ നിന്ന് കുറച്ച് മാറ്റിവെക്കാനും പഠിക്കണം. പണം ചോദിക്കുമ്പോഴൊക്കെ കിട്ടുന്നതല്ല, അധ്വാനിച്ച് ഉണ്ടാക്കുന്നതാണെന്ന് മനസ്സിലാക്കണം. അതുപോലെ തന്നെ പ്രധാനമാണ് സംസാരവും കേൾക്കലും. അഭിപ്രായം മറ്റൊരാളെ വേദനിപ്പിക്കാതെ പറയാനും, വിയോജിപ്പ് മാന്യമായി അറിയിക്കാനും, മറ്റൊരാൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറാതെ കേൾക്കാനും അറിയണം. ബുദ്ധിമുട്ട് വന്നാൽ അധ്യാപകരോടും മാതാപിതാക്കളോടും തുറന്നു പറയാൻ മടിക്കരുത്.
വികാരങ്ങളെ തിരിച്ചറിയാം, സുരക്ഷിതരാകാം
എല്ലാ കളിയും ജയിക്കില്ല, എല്ലാ പരീക്ഷയും പ്രതീക്ഷിച്ച പോലെ ആകില്ലെന്ന് കുട്ടി മനസ്സിലാക്കണം. ദേഷ്യവും സങ്കടവും അസൂയയും സ്വാഭാവിക വികാരങ്ങളാണ്. അവയെ അടിച്ചമർത്താതെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനാണ് പഠിപ്പിക്കേണ്ടത്. തനിക്ക് ഇഷ്ടമില്ലാത്ത സ്പർശമോ പെരുമാറ്റമോ ഉണ്ടായാൽ ‘വേണ്ട’ എന്ന് പറയാനുള്ള ധൈര്യവും വേണം. അങ്ങനെയൊരു സാഹചര്യം വന്നാൽ ഭയമില്ലാതെ വിശ്വസ്തനായ ഒരാളോട് പറയാൻ കഴിയണം. ഫോട്ടോയും പാസ്‌വേഡും വ്യക്തിവിവരങ്ങളും ആർക്കും വെറുതെ നൽകരുതെന്നും അറിയണം.
ഡിജിറ്റൽ ലോകത്ത് കരുതലോടെ
കളിക്കിടെ ആർക്കെങ്കിലും വീണാൽ പരിഭ്രമിക്കാതെ മുതിർന്ന ഒരാളെ വിളിക്കാൻ അറിയണം. ഫോൺ കൈകാര്യം ചെയ്യാൻ അറിയുന്നതുകൊണ്ട് മാത്രം കുട്ടി സുരക്ഷിതനാകില്ല. കാണുന്നതെല്ലാം സത്യമല്ലെന്നും കിട്ടുന്നതെല്ലാം ഫോർവേഡ് ചെയ്യരുതെന്നും ഓൺലൈനിൽ കളിയാക്കുന്നതും ഒരുതരം ഉപദ്രവമാണെന്നും മനസ്സിലാക്കണം. സ്വന്തം ബാഗ് അടുക്കാനും, മുറി വൃത്തിയാക്കാനും, ചെറിയ പലഹാരം ഉണ്ടാക്കാനും പഠിക്കുന്നത് തന്നെ സ്വാതന്ത്ര്യത്തിന്റെ തുടക്കമാണ്.
സമയം, കൂട്ടായ്മ, തീരുമാനങ്ങൾ
സമയം പ്ലാൻ ചെയ്യാനും, കൂട്ടായി ജോലി ചെയ്യാനും, വഴക്കുണ്ടായാൽ അടിപിടി കൂടാതെ സംസാരിച്ച് തീർക്കാനും അറിയണം. ഒഴിവുസമയത്ത് എന്ത് ചെയ്യണം, ഏത് ജോലി ആദ്യം തീർക്കണം എന്നൊക്കെ കുട്ടിയെ തന്നെ തീരുമാനിക്കാൻ വിടണം. തീരുമാനം തെറ്റിയാൽ അതിന്റെ ഫലവും കുട്ടി തന്നെ അനുഭവിക്കട്ടെ.
കണക്ക് പഠിക്കുന്ന കുട്ടിക്ക് ജീവിതം പഠിക്കാനും കഴിയണം. അല്ലെങ്കിൽ പരീക്ഷ പാസായാലും ജീവിതത്തിൽ തോറ്റുപോകും. ഹൈസ്കൂളിലേക്ക് പോകുമ്പോൾ എത്ര മാർക്ക് വാങ്ങി എന്നതിന് അപ്പുറം ജീവിതത്തെ നേരിടാൻ കുട്ടി തയാറായോ എന്നുകൂടി ചിന്തിക്കണം.



