സുനിത വില്യംസിന് നാസ നൽകുന്ന ശമ്പളം എത്ര; അലവൻസടക്കം പ്രതിവർഷം എന്തു കിട്ടും?
text_fieldsസുനിത വില്യംസ്
ഒമ്പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ് മടക്കയാത്രക്കുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സുനിതക്കൊപ്പം ബുച്ച് വിൽമോറുമുണ്ട്. ഇവരെ തിരികെ കൊണ്ടുവരാൻ നാസ സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഒരു സംഘത്തെ അയക്കും. വെറും 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായാണ് സുനിത വില്യംസ് പുറപ്പെട്ടത്. എന്നാൽ അതൊരു മാരത്തൺ ദൗത്യമായി മാറുകയായിരുന്നു.
അതൊക്കെ അവിടെ നിൽക്കട്ടെ, ബഹിരാകാശ ദൗത്യത്തിന് നാസ സുനിത വില്യംസിന് എത്രയാണ് ശമ്പളം നൽകുന്നത് എന്നറിയാമോ? ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്.
സാധാരണയായി ബഹിരാകാശ യാത്രികരുടെ പ്രതിഫലം അവരുടെ അനുഭവത്തെയും ദൗത്യ ഉത്തരവാദിത്തങ്ങളെയും ആശ്രയിച്ചിരിക്കുന്നു. നാസയുടെ ബഹിരാകാശ യാത്രിക എന്ന നിലയിൽ സുനിത യു.എസ് സർക്കാറിന്റെ ജനറൽ ഷെഡ്യൂൾ(ജെ.എസ്) ശമ്പള സ്കെയിൽ ഗ്രേഡിന് കീഴിലാണ്. അതായത് ജെ.എസ് 13 മുതൽ 15വരെയുള്ള ഗ്രേഡിലാണ് സുനിത വില്യംസ്.
ലഭ്യമായ ഡാറ്റയനുസരിച്ച് ജെ.എസ്-13 കാറ്റഗറിയിലെ ബഹിരാകാശ യാത്രികർക്ക് പ്രതിവർഷം 81,216 യു.എസ് ഡോളർ (ഏതാണ്ട് 6,746,968 രൂപ) മുതൽ 105,579 യു.എസ് ഡോളർ (8,769,057 രൂപ) വരെ സമ്പാദിക്കാൻ കഴിയും.
നല്ല അനുഭവസമ്പത്തുള്ള ജി.എസ്-15 കാറ്റഗറിയിലെ ബഹിരാകാശ യാത്രികർക്ക് പ്രതിവർഷം 70 ലക്ഷം മുതൽ 1.27 കോടി വരെ ശമ്പളം ലഭിക്കും. അങ്ങനെ നോക്കുമ്പോൾ സുനിത വില്യംസിന്റെ ശമ്പളം ഏഴര ലക്ഷത്തിനും ഒമ്പതര ലക്ഷത്തിനും ഇടയിലായിരിക്കാം. ശമ്പളത്തിന് പുറമെ നാസ ജീവനക്കാർക്ക് പലവിധ സൗകര്യങ്ങളും നൽകുന്നുണ്ട്. വീട്ടുവാടക അലവൻസ്, വാഹന വായ്പ എന്നിവ അതിൽ ചിലതാണ്. സുനിത വില്യംസിനെ പോലെയുള്ള ബഹിരാകാശ യാത്രികർക്ക് നാസയിൽ ആരോഗ്യ ഇൻഷുറൻസുമുണ്ട്. 2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടത്.