300 അപേക്ഷകളും 500 ഇ മെയിലുകളും അയച്ച് കാത്തിരുന്നു; ഒടുവിൽ ടെസ്‍ല വാതിൽ തുറന്നു -ജോലി തേടി അലഞ്ഞതിനെ കുറിച്ച് ഇന്ത്യൻ വംശജൻ
text_fieldsപലയിടങ്ങളിലും ജോലി തേടി അലഞ്ഞൊരു കാലം എല്ലാവരുടെയും മനസിലുണ്ടാകും. അങ്ങനെയൊരു കാലമുണ്ടായിരുന്നു ടെസ്‍ലയിൽ ജോലികിട്ടിയ ഇന്ത്യൻ വംശജനായ എൻജിനീയർ ധ്രുവ് ലോയക്ക്. ഇക്കാലത്തിനിടക്ക് ജോലിക്കായി 300 അപേക്ഷകളാണ് ധ്രുവ് അയച്ചത്. 500 ഇമെയിലും വിവിധ കമ്പനികളിലേക്ക് അയച്ചു.
ലിങ്ക്ഡ്ഇൻ വഴിയാണ് ധ്രുവ് ലോയ അനുഭവം പങ്കുവെച്ചിരിക്കുന്നത്. നല്ല ശമ്പളം ലഭിക്കുന്നത് വരെയുള്ള കാലംവരെ താൻ അനുഭവിച്ച സാമ്പത്തിക പ്രശ്നങ്ങളെയും മാനസികസമ്മർദ്ദങ്ങളെയും കുറിച്ചും ധ്രുവ് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
യു.എസിൽ പഠിച്ച അന്താരാഷ്ട്ര വിദ്യാർഥിയെന്ന നിലയിൽ സമ്മർദവും കൂടുതലുണ്ടായിരുന്നു. കടുത്ത വിസ നിയന്ത്രണങ്ങൾ വേറെയും. മികച്ച അക്കാദമിക റെക്കോഡ് ഉണ്ടായിട്ടും മൂന്ന് ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയിട്ടും ധ്രുവിന് ജോലി കിട്ടാക്കനിയായി മാറി. വിസ നഷ്ടപ്പെടുമോ എന്ന് പോലും ഭയന്ന നാളുകളായിരുന്നു അതെന്ന് ധ്രുവ് ഓർക്കുന്നു. ഓരോദിനം ചെല്ലുന്നതിനനുസരിച്ച് കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി. വൈകാതെ താമസിച്ചിരുന്ന സ്ഥലം നഷ്ടമായി. ആരോഗ്യ ഇൻഷുറൻസും കാലഹരണപ്പെട്ടു. പിന്നീട് താമസത്തിന് സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നു. എയർ മാട്രസ്സസുകളിൽ ഉറങ്ങി. മാസങ്ങളോളം ഇങ്ങനെ കഴിഞ്ഞു.
എന്നാലും ജോലി നേടിയെടുക്കാനാവുമെന്ന് ധ്രുവിന് ദൃഢനിശ്ചയമുണ്ടായിരുന്നു. ലിങ്ക്ഡ്ഇൻ വഴിയുടെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയുംജോലിക്ക് ശ്രമം തുടങ്ങി. ഹണ്ടർഡോ.ഐ.ഒ വഴിയും കമ്പനികളെ ബന്ധപ്പെടാൻ ശ്രമിച്ചു. ചാറ്റ് ജിപിടി യെയും ആശ്രയിച്ചു. ഒടുവിൽ ടെസ്‍ലയാണ് ധ്രുവിന് വിശാലമായ ലോകത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. ജോലി കിട്ടാതിരുന്ന കാലത്ത് ഒരു പൈസ പോലും വെറുതെ കളയാൻ ധ്രുവ് ഒരുക്കമായിരുന്നില്ല. എല്ലാ കാത്തിരിപ്പിന്നും സഹനങ്ങൾക്കും ഒടുവിൽ ഫലമുണ്ടായി. ടെസ്‍ലയിൽ ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റായാണ് നിയമനം. തൊഴിലന്വേഷകർക്ക് പ്രചോദനമാണ് ധ്രുവിന്റെ കുറിപ്പ്. എന്തു തിരിച്ചടികളുണ്ടായാലും പതറാതെ മുന്നോട്ടു പോകണമെന്ന വിലപ്പെട്ട ഉപദേശമാണ് അതിലുള്ളത്.