ഒരിക്കലും വിചാരിച്ചില്ല ഇത്രയും മാർക്ക് കിട്ടുമെന്ന് -ഐ.എസ്.സി ടോപ്പർ മന്യ ഗുപ്ത പറയുന്നു
text_fieldsകൊൽക്കത്ത: ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് (ഐ.എസ്.സി) 12ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയതിന്റെ ത്രില്ലിലാണ് മന്യ ഗുപ്ത. ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ സിലബസുകളിലൊന്നാണ് ഐ.എസ്.സി. ഹെറിറ്റേജ് സ്കൂൾ വിദ്യാർഥിയായ മന്യ 99.75 ശതമാനം മാർക്കോടെയാണ് മിന്നുംവിജയം സ്വന്തമാക്കിയത്.
''പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാമതാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എത്ര മാർക്ക് കിട്ടിയെന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അവരാണ് പറയുന്നത് എനിക്കാണ് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയതെന്ന്. ഞാനതിനെ കുറിച്ച് അപ്പോൾ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.''-മന്യ എ.എൻ.ഐയോട് പറഞ്ഞു.
പരീക്ഷക്ക് ഉയർന്ന വിജയം നേടാൻ സ്കൂളിലെ അധ്യാപകർ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഈ മിടുക്കി പറയുന്നു. ''സ്കൂൾ ഒരുപാട് സഹായിച്ചു. രണ്ടുവർഷം ലോക്ഡൗൺ ആയപ്പോൾ കഴിയാൻ പറ്റുന്ന സഹായമൊക്കെ അവർ ചെയ്തു തന്നു. പരീക്ഷക്കു വേണ്ടി പഠിക്കുന്നത് മുഖ്യകാര്യമായതിനാൽ ഉറക്കം ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ല''-മന്യ തുടർന്നു.
സൈക്കോളജിയിൽ തുടർപഠനമാണ് മന്യയുടെ ലക്ഷ്യം. എട്ടാം ക്ലാസ് മുതൽ തീരുമാനിച്ച കാര്യമാണത്.വിദേശത്തോ ഇന്ത്യയിലെ ഉന്നത യൂനിവേഴ്സിറ്റികളിലോ സൈക്കോളജി പഠിക്കണമെന്നാണ് ആഗ്രഹമെന്നും മന്യ കൂട്ടിച്ചേർത്തു.