Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightലിങ്ക്ഡ്‌ഇൻ വെറു​മൊരു...

ലിങ്ക്ഡ്‌ഇൻ വെറു​മൊരു സാമൂഹിക മാധ്യമം മാത്രമല്ല; അനുയോജ്യമായ കോളജ് തെരഞ്ഞെടുക്കാനും സഹായിക്കും

text_fields
bookmark_border
ലിങ്ക്ഡ്‌ഇൻ വെറു​മൊരു സാമൂഹിക മാധ്യമം മാത്രമല്ല; അനുയോജ്യമായ കോളജ് തെരഞ്ഞെടുക്കാനും സഹായിക്കും
cancel

പൊതുവേ LinkedIn നെ പറ്റി ആളുകളുടെ ധാരണ ഒരു ജോബ് സേർച്ചിങ് പ്ലാറ്റ്ഫോം മാത്രമാണെന്നുള്ളതാണ്. എന്നാൽബിസിനസ് ചെയ്യുന്നവർക്കും ജോലി നോക്കുന്നവർക്കും ജോലിക്കാരെ വേണ്ടവർക്കും വിദ്യാർഥികൾക്കും പ്രയോജനമുള്ള ഒരു പ്രഫഷണൽ സോഷ്യൽ മീഡിയയാണ് ലിങ്ക്ഡ്‌ഇൻ.

വിദ്യാർഥികളെ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. മികച്ച കോളജ് ഏതെന്ന് ഉറപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കോളജ് തിരഞ്ഞെടുത്ത് കഴിഞ്ഞ് അബദ്ധമായി എന്ന് പറഞ്ഞ നിരവധി പരിചിത മുഖങ്ങളെ നമുക്കറിയാം.

കേരളത്തിൽ, ഇന്ത്യയിൽ ആണെങ്കിലും ഇനി ഇന്ത്യക്ക് പുറത്ത് ആണെങ്കിലും നിങ്ങൾക്ക് അനുയോജ്യമായ ഒരു കോളജ് തിരഞ്ഞെടുക്കാൻ ശരിയായ വഴിയുണ്ടോ? തീർച്ചയായും ഉണ്ട്! LinkedIn. എങ്ങനെ?

നിസ്സാരമാണ് കാര്യങ്ങൾ. ആദ്യം തന്നെ ലഭ്യമായിട്ടുള്ള അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്ത്കൊണ്ട് നല്ലൊരു LinkedIn പ്രൊഫൈൽ തയ്യാറാക്കുക. ശേഷം നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത കോളജുകൾക്കായി തിരയുക. അവയ്‌ക്ക് LinkedIn പേജ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക. ആ കോളജുകൾക്ക് ലിങ്ക്ഡ്‌ഇൻ പ്രൊഫൈൽ ഉണ്ടെങ്കിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്:

1. കോളജിനെ പറ്റി മനസ്സിലാക്കാനും അവരുടെ പ്രോഗ്രാമുകൾ, കോഴ്‌സുകൾ, നിലവിലെ അപ്‌ഡേറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് ലിങ്ക്ഡ്‌ഇൻ പേജിലെ പോസ്റ്റുകളിലൂടെ പോകുക.

2. കോളജിൽ ജോലി ചെയ്യുന്ന അക്കാദമിക്, നോൺ-അക്കാദമിക് ഉദ്യോഗസ്ഥരായ ആളുകളുടെ LinkedIn profile കോളജി​ന്റെ LinkedIn പേജിലെ 'people' എന്ന ഓപ്ഷനിൽ നിന്നും കണ്ടെത്തി അവരുമായി കണക്ട് ചെയ്യുകയും അവരുടെ പ്രൊഫൈലുകൾ പരിശോധിക്കുകയും അവരുടെ പോസ്റ്റുകളിലൂടെ അവരുടെ യോഗ്യതകളെയും ആശയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും അറിയുക. അധ്യാപകരെക്കുറിച്ചുള്ള ഒരു ധാരണ മുൻകൂട്ടി അറിയാൻ പറ്റും.

3. നിങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഡിപ്പാർട്ട്‌മെന്റിന്റെ പൂർവ വിദ്യാർഥികളുടെ ലിസ്റ്റ് പരിശോധിക്കുക. കഴിഞ്ഞ ഒരു മൂന്ന് വർഷങ്ങൾക്കിടെ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ പ്രൊഫൈലുകൾ പരിശോധിക്കുക. അവരിപ്പോൾ ഉന്നത വിദ്യാഭ്യാസത്തിലാണെങ്കിൽ ഏത് കോളജിൽ ഏത് കോഴ്സ് പഠിക്കുന്നു എന്നും ജോലി ചെയ്യുകയാണെങ്കിൽ ഏത് സ്‌ഥാപനത്തിൽ എന്ത് റോളിലാണെന്നും നോക്കുക. അത് ഒരു ചെറിയ ധാരണ നമുക്ക് തരും.

പൂർവ വിദ്യാർഥികളെ തിരയുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങൾ കണ്ട 50 പ്രൊഫൈലിൽ 40 പേരും മികച്ച ഒരു ജോലി നേടി എന്നത്കൊണ്ട് ഒരു തീരുമാനം എടുക്കരുത്, കാരണം ആ കോളജിൽ നിന്നും പഠിച്ചിറങ്ങിയിരിക്കുന്നത് നാൽപ്പതോ അമ്പതോ വിദ്യാർഥികൾ മാത്രമല്ല. പതിനഞ്ചോ ഇരുപതോ വർഷം മുൻപ് പഠിച്ച് ഇറങ്ങിയവരും ഈ കൂട്ടത്തിൽ കാണാം. അത്കൊണ്ട് തന്നെ സമീപകാലത്ത്(അതായത് കഴിഞ്ഞ ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ) പഠിച്ച് ഇറങ്ങിയ വിദ്യാർഥികളുടെ LinkedIn പ്രൊഫൈൽ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കുന്നതാണ് കോളേജിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നത്.

അതുപോലെ തന്നെ കൂടുതൽ വ്യക്തമായി അറിയണമെങ്കിൽ ഒരു ബാച്ചിൽ എത്ര പേരുണ്ടെന്നുള്ള കണക്ക് വെച്ച് നോക്കുക. പത്ത് മികച്ച് ഉദ്യോഗസ്‌ഥരെ കണ്ടു, പക്ഷെ പഠിച്ചിറങ്ങിയത് 150 പേരാണെങ്കിലോ? (LinkedIn പ്രൊഫൈൽ ഇല്ലാത്തവരും ഉണ്ടാവും എന്നതും ഒരു യാഥാർഥ്യമാണ്).

4. പൂർവവിദ്യാർഥികളുടെ പ്രൊഫൈലുകൾ കണ്ടാൽ അതിൽ ആക്റ്റീവ് ആയ പ്രൊഫൈലുകൾ ചിലത് നോക്കി അവർക്ക് ഒരു കണക്ഷൻ റിക്വസ്റ്റ് അയക്കുക. നിങ്ങൾ ആ കോളജിൽ പഠിക്കാൻ ആഗ്രഹിക്കുന്നയാളാണ്. കോളജിനെ പറ്റി അറിയാനാണ് എന്ന മെസേജോട് കൂടി റിക്വസ്റ്റ് അയക്കുന്നത് നന്നാവും.

അവർ നിങ്ങളുമായി കണക്ട് ചെയ്ത് കഴിഞ്ഞാൽ, കോളജിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും പ്ലേസ്മെന്റിനെ കുറിച്ചും, മറ്റ് വിവരങ്ങളും അവരുടെ അഭിപ്രായങ്ങളും ചോദിച്ച് മനസ്സിലാക്കുക.അപ്പോൾ കുറച്ചുകൂടി കൃത്യമായ ഫീഡ്ബാക്ക് ലഭിക്കും.

നിങ്ങൾക്ക് വിദേശത്ത് പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പോലും ഇതേ രീതി പ്രയോജനകരമാണ്. അവിടുത്തെ യൂണിവേഴ്സിറ്റികളുടെ ലിങ്ക്ഡ്‌ഇൻ പ്രൊഫൈലിൽ നിന്നും മിക്കവാറും മലയാളികളുടെ പ്രൊഫൈലുകൾ തന്നെ കണ്ടെത്താൻ സാധിച്ചേക്കാം. അതിലൂടെ കൃതമായ അപ്ഡേറ്റ് കണ്ടെത്തി ഉചിതമായ ഒരു തീരുമാനത്തിലേക്ക് എത്താവുന്നതാണ്. അപ്പോൾ ഇനി കൃത്യമായി പരിശോധിച്ച് മാത്രം കോളേജും കോഴ്‌സും തിരഞ്ഞെടുക്കുക.

(ദ ഇവോൾവേഴ്സ് പ്രോജക്ട് ഫൗണ്ടറും ചീഫ് ലേണിങ് ഓഫിസറുമാണ് ലേഖകൻ)

Show Full Article
TAGS:LinkedIn 
News Summary - LinkedIn is more than just a social media platform
Next Story