Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightആധുനിക കാലത്ത് ഇന്ത്യൻ...

ആധുനിക കാലത്ത് ഇന്ത്യൻ ക്ലാസ് മുറികളെ അടിമുടി മാറ്റിമറിച്ച ഏഴ് അധ്യാപകരെ കുറിച്ചറിയാം...

text_fields
bookmark_border
Meet 7 Indian teachers quietly changing the country
cancel

ഏതാണ്ട് മൂന്നര വയസുമുതൽ കുഞ്ഞുങ്ങളുടെ ലോകം ക്ലാസ്മുറികളിലാകും. കളിയിടങ്ങളിൽ നിന്ന് അവരെ പെട്ടെന്ന് ക്ലാസ്മുറികളിലേക്ക് പറിച്ചു നടന്നതിനെ വിമർശിക്കുന്നവരുമുണ്ടാകാം. എന്തുതന്നെയായാലും പിന്നീടങ്ങോട്ട് ക്ലാസ് മുറികളാണ് ആ കുഞ്ഞുങ്ങളുടെ വ്യക്തിത്വ വളർച്ചയുടെ അളവുകോൽ. അധ്യാപകരാവും അവരുടെ മികച്ച മാതൃകകൾ. ഇന്ത്യൻ ക്ലാസ്മുറികളെ അടിമുടി പരിഷ്‍കരിച്ച ഏഴ് അധ്യാപകരെ പരിചയപ്പെടുത്തുകയാണിവിടെ. വിദ്യാഭ്യാസം എന്നത് മാർക്കും ഗ്രേഡും നിർമണയിക്കാനുള്ള മാനദണ്ഡം മാത്രമല്ലെന്നും അതിനപ്പുറമുള്ള വലിയ ലോകമാണെന്നും അവർ പറഞ്ഞുപഠിപ്പിക്കുന്നു. പതിവു വാർപ്പു മാതൃകകളെ തകർത്തെറിയുകയായിരുന്നു ഈ അധ്യാപകർ. അവരുടെ ആശയങ്ങൾ ലക്ഷങ്ങളെയാണ് സ്വാധീനിച്ചത്.

1. രഞ്ജിത് സിങ് ദിസാലെ

മഹാരാഷ്ട്രയിലെ സോളാപൂരിലെ പരിതേവാഡിയിലുള്ള ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലെ പെൺകുട്ടികളുടെ ജീവിതം മാറ്റിമറിച്ച അധ്യാപകനാണ് രഞ്ജിത് സിങ് ദിസാലെ.2020ലെ ഗ്ലോബൽ ടീച്ചർ പുരസ്കാരം നേടിയ ദിസാലെ മഹാരാഷ്​ട്രയിലെ ഗ്രാമീണ മേഖലയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഹോരാത്രം പ്രവർത്തിച്ചു. തന്റെ ഗ്രാമത്തിൽ ബാലിക വിവാഹം നിർത്തലാക്കാനും ദിസാലെയുടെ പ്രവർത്തനങ്ങൾ കാരണമായി. ഒരു അധ്യാപകന് ഒറ്റക്ക് ഇത്ര വലിയ സാമൂഹിക മാറ്റം കൊണ്ടുവരാൻ സാധിക്കുമോ എന്നതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ ജീവിതം. 2009ലാണ് ദിസാലെ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിൽ അധ്യാപകനായി എത്തിയത്. അപ്പോൾ ഒരു ജീർണിച്ച കെട്ടിടമായിരുന്നു അത്. അവിടെ പഠിക്കാനെത്തിയ മിക്ക പെൺകുട്ടികളും ഗോത്ര വർഗസമൂഹങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവരാരും കൃത്യമായി സ്കൂളി​ൽ എത്തിയിരുന്നുമില്ല. ഹാജർനില ചിലപ്പോൾ രണ്ടുശതമാനത്തിലും താഴെയായിരിക്കും. അവരുടെ പ്രാഥമിക ഭാഷയിൽ ആയിരുന്നില്ല പഠനം. അത് മാറ്റിയെടുക്കുമെന്ന് രഞ്ജിത് രിസാലെ ഉറപ്പിച്ചു.രണ്ട് പാഠപുസ്തകങ്ങൾ അദ്ദേഹം വിദ്യാർഥികളുടെ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. മാത്രമല്ല, ഓഡിയോ കവിതകൾ, വിഡിയോ പ്രഭാഷണങ്ങൾ, കഥകൾ, അസൈൻമെന്റുകൾ എന്നിവയിലേക്ക് വിദ്യാർഥികൾക്ക് താൽപര്യം ജനിപ്പിക്കുന്നതിനായി അവയിൽ സവിശേഷമായ ക്യുആർ കോഡുകൾ ഉൾപ്പെടുത്തുകയും ചെയ്തു.വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ആ ഗ്രാമത്തിലെ വിദ്യാലയത്തിൽ 100 ശതമാനം പെൺകുട്ടികളും പഠിക്കാനെത്തുന്നുണ്ട്. അവിടെ ബാല്യവിവാഹവും ഇല്ലാതായി. പെൺകുട്ടികൾ ബിരുദാനന്തര ബിരുദധാരികളായി. രഞ്ജിത് സിങ്ങിന്റെ വരവ് വരെ അത് തികച്ചും അസാധ്യമായ ഒരു സ്വപ്നമായിരുന്നു പെൺകുട്ടികൾക്ക്.

2. ദീപ് നാരായണൻ നായക്

പശ്ചിമ ബംഗാളിലെ അസൻസോളിലെ മാമൂറിയയിലുള്ള ടിൽക മാജ്ഹി ആദിവാസി പ്രീ പ്രൈമറി സ്കൂൾ അധ്യാപകനാണ് ദീപ് നാരായണൻ. ആദിവാസി കുട്ടികളെയും സാമൂഹികമായും സാമ്പത്തികമായും അരികുവൽകരിക്കപ്പെട്ട സമൂഹങ്ങളിലെ കുട്ടികളെയും മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിനായാണ് ദീപ് നാരായണൻ പ്രവർത്തിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ, അതിന് സൗകര്യമില്ലാത്ത ലക്ഷക്കണക്കിന് സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസം ചോദ്യചിഹ്നമായി. എന്നാൽ തന്റെ പ്രദേശത്തെ വിദ്യാർഥികളെ അങ്ങനെ നിസ്സഹായതയിലേക്ക് തള്ളിവിടാൻ ദീപ് നാരായണൻ നായക് എന്ന അധ്യാപകൻ തയാറായിരുന്നില്ല. മിക്ക കുട്ടികൾക്കും പുസ്തകങ്ങളോ സ്ലേറ്റുകളോ ഇല്ലാത്തതിനാൽ, മൺഭിത്തികൾ ബ്ലാക്ക്‌ബോർഡുകളാക്കി മാറ്റാൻ ദീപ് നാരായൺ നായക് തീരുമാനിച്ചു. അങ്ങനെ മൺവീടുകളുടെ ചുവരുകൾ ബ്ലാക് ബോർഡുകളാക്കി മാറ്റി അദ്ദേഹം ഗ്രാമത്തിലുടനീളം പഠിപ്പിച്ചു. കുട്ടികളെ മാത്രമല്ല ആ പ്രദേശത്തെ നിരക്ഷരരായ മുത്തശ്ശിമാരെയും അമ്മമാരെയും അദ്ദേഹം ഈ രീതിയിൽ പഠിപ്പിച്ചു.

2023 ലെ പ്രശസ്തമായ ഗ്ലോബൽ ടീച്ചർ പ്രൈസിന്റെ മികച്ച 10 ഫൈനലിസ്റ്റുകളിൽ ഇടം നേടിയതിലൂടെ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചു. ദീപ് നാരായണൻ നായക് പഠിപ്പിക്കുന്ന വിദൂര ഗ്രാമങ്ങളിൽ പലതിലും ഇപ്പോഴും വൈദ്യുതിയോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ ഇല്ല. പ്രത്യേകിച്ച്, ഈ മേഖലയിലെ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവസരങ്ങൾ കുറവാണ്.

3. ഹരി കൃഷ്ണ പടാചാരു

ആന്ധ്രപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയെന്ന ദൗത്യമാണ് ഹരി കൃഷ്ണ പടാചാരു ഏറ്റെടുത്തത്. എങ്ങനെ അവരെ ഇംഗ്ലീഷ് പഠിപ്പിക്കണം എന്നതിനെ കുറിച്ച് ഹരി കൃഷ്ണക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. 12 രാജ്യങ്ങളിലെ അധ്യാപകരുമായി ബന്ധിപ്പിച്ച് തന്റെ വിദ്യാർഥികളെ അദ്ദേഹം ഒരു ആഗോള ശൃംഖലയാക്കി മാറ്റുകയായിരുന്നു. അവരുമായി തൂലികാ സൗഹൃദ പരിപാടികളും ആവിഷ്‍കരിച്ചു. ഇംഗ്ലീഷുമായി മല്ലിട്ടിരുന്ന കുട്ടികൾ ആ ലോകഭാഷയുമായി എളുപ്പത്തിൽ വഴങ്ങാൻ ഇതുമൂലം സാധിച്ചു. അവർ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിച്ചുതുടങ്ങി.

4. പ്രദീപ് നേഗി


ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ പ്രദീപ് നേഗിക്ക് തന്റെ ​ശാരീരിക പരിമിതി വെല്ലുവിളി ആയതേയില്ല. കുന്നിൻ പ്രദേശങ്ങളിലെ ക്ലാസ് മുറികളെ അദ്ദേഹം ഡിജിറ്റലാക്കി മാറ്റി. പ്രോജക്ടുകൾ മുതൽ വാട്സ് ആപ് വഴിയുള്ള പാഠങ്ങൾ വരെ ഡിജിറ്റലായി മാറി. പാവപ്പെട്ട വിദ്യാർഥികളുടെ വീട്ടുപടിക്കൽ ഇങ്ങനെ അദ്ദേഹം നൂതന ആശയങ്ങൾ അവതരിപ്പിച്ചു. 1200 ഓളം അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തു.

5. അരവിന്ദ് ഗുപ്ത


വില കൂടിയ ലാബുകളില്ലാതെയും ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കാമെന്ന് തെളിയിച്ച അധ്യാപകനാണ് പത്മശ്രീ ജേതാവയ അരവിന്ദ് ഗുപ്ത. പഴയ സിഡികളിൽ നിന്നുള്ള സ്പിന്നിങ് ടോപ്പുകൾ, സ്ട്രോകളിൽ നിന്നുള്ള പമ്പുകൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളിൽ നിന്ന് ലളിതവും ചെലവ് കുറഞ്ഞതുമായ ശാസ്ത്ര കളിപ്പാട്ടങ്ങൾ അദ്ദേഹം നിർമിച്ചു.

ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങൾ പഠനോപകരണങ്ങളായി മാറി. അതുവഴി ശാസ്ത്രത്തെ രസകരവും പ്രായോഗികവും അവിസ്മരണീയവുമാക്കി മാറ്റി.

6. ഉർവശി സാഹ്നി


വിദ്യാഭ്യാസ രംഗത് സ്‍ത്രീപക്ഷ സമീപനത്തിന് തുടക്കമിട്ട വ്യക്തിയാണ് ഉർവശി സാഹ്നി. ഉർവശി അധ്യാപകരെ പരിശീലിപ്പിച്ചു. പാഠ്യപദ്ധതികൾ നിർമിച്ചു. പിന്നാക്ക പശ്ചാത്തലങ്ങളിൽനിന്ന് വരുന്ന പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കി. അവരിലെ മിടുക്കികളെ കണ്ടെടുക്കുകയും ചെയ്തു. ആയിരക്കണക്കിന് പെൺകുട്ടികൾക്ക് സ്വന്തം കാലിൽനിൽക്കാൻ ഉർവശി പ്രേരണയായി.

7. സുഗത മിത്ര


ഡൽഹിയിലെ ചേരി മതിലിൽ സ്ഥാപിച്ച കംപ്യൂട്ടർ ഉപയോഗിച്ച് കുട്ടികൾ സ്വയം പഠിക്കുന്ന 'ഹോൾ ഇൻ ദി വാൾ' എന്ന പരീക്ഷണത്തിലൂടെ സുഗത മിത്ര ലോകത്തെ ഞെട്ടിച്ചു. കുട്ടികൾക്ക് സ്വയം പഠിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തെളിയിച്ചു. പിന്നോക്ക സമൂഹങ്ങളിൽ വിദ്യാഭ്യാസം എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങളും അദ്ദേഹം പുനർനിർമിച്ചു.

എന്താണ് ഈ അധ്യാപകരുടെ പ്രസക്തി

പലപ്പോഴും പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകൾ, റാങ്കുകൾ അല്ലെങ്കിൽ സർക്കാർ റിപ്പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇന്ത്യയുടെ വിദ്യാഭ്യാസം. എന്നാൽ അധ്യാപകരുടെ കഠിനാധ്വാനമാണ് എല്ലാ നേട്ടങ്ങളുടെയും പിന്നി​​ലെന്ന് എല്ലാവരും സൗകര്യപൂർവം മറക്കും. ക്ലാസ് മുറികളായി മാറിയ മതിലുകളും ക്യുആർ-കോഡ് ചെയ്ത പാഠപുസ്തകങ്ങളും ശാസ്ത്രത്തെ വിശദീകരിക്കുന്ന കളിപ്പാട്ടങ്ങളും വരെ പഠനത്തിന്റെ അതിരുകൾ മറികടക്കുന്ന പരീക്ഷണങ്ങൾ വലിയ ബജറ്റുകളിൽ നിന്നോ എല്ലാ സൗകര്യങ്ങളുമുള്ള സ്കൂളുകളി​ൽ നിന്നോ അല്ല വരുന്നതെന്നാണ് ഈ അധ്യാപകർ തെളിയിക്കുന്നത്. ഓരോ കുട്ടിക്കും അവർ അർഹിക്കുന്ന അവസരങ്ങൾ ലഭിക്കണമെന്ന അവരുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായാണ് ഈ നവീന ആശയങ്ങളെല്ലാം രൂപപ്പെട്ടത്.

Show Full Article
TAGS:Classrooms Teachers Latest News Education News 
News Summary - Meet 7 Indian teachers quietly changing the country's classrooms
Next Story