കുന്നോളം സ്വപ്നം കാണാൻ ഉപ്പ പറഞ്ഞു; രാജസ്ഥാനിൽ ഐ.എ.എസ് നേടുന്ന രണ്ടാമത്തെ മുസ്‍ലിം ആയി ഫറ ഹുസൈൻ
text_fieldsനിരന്തര പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആകെ തുകയാണ് വിജയം. മുസ്‍ലിം പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കാറില്ലെന്നും പരമാവധി നേരത്തേ വിവാഹം കഴിച്ചയക്കുകയാണ് പതിവ് എന്നൊക്കെയുള്ള വാർപ്പുമാതൃകകളെ തകർത്തെറിഞ്ഞാണ് ഫറ ഹുസൈൻ എന്ന മുസ്‍ലിം പെൺകുട്ടി സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയത്. രാജസ്ഥാൻ സ്വദേശിയായ ഫറ കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് 2016ൽ യു.പി.എസ്.സി പരീക്ഷ വിജയിച്ചത്. അതും 26ാം വയസിൽ. 267 ആയിരുന്നു റാങ്ക്.
രാജസ്ഥാനിൽ നിന്ന് ഐ.എ.എസ് നേടുന്ന രണ്ടാമത്തെ മുസ്‍ലിം എന്ന ബഹുമതിയും അതോടെ ഫറ സ്വന്തമാക്കി. ജയ്പൂർ സ്വദേശിയായ അസ്‍ലം ഖാൻ ആണ് സംസ്ഥാനത്ത് ആദ്യമായി ഐ.എ.എസ് നേടിയ മുസ്‍ലിം.
രണ്ടാമത്തെ ശ്രമത്തിലാണ് ഫറ മികച്ച വിജയം സ്വന്തമാക്കിയത്.ഝുൻഝുനു ജില്ലയിലെ നവ ഗ്രാമത്തിലാണ് ഫറ ജനിച്ചത്. കുടുംബത്തിലെ പലരും ഉയർന്ന ഉദ്യോഗങ്ങൾ കൈയാളുന്നവരായിരുന്നു. മുംബൈയിലെ സർക്കാർ കോളജിൽ നിന്ന് നിയമബിരുദം നേടിയ ഫറക്ക് ക്രിമിനൽ അഭിഭാഷകയാകാനായിരുന്നു താൽപര്യം. കുട്ടിക്കാലത്ത് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതും ഡോക്ടറാകുന്നതും അവൾ സ്വപ്നം കണ്ടു.
ജില്ലാ കലക്ടറായിരുന്നു ഫറയുടെ പിതാവ് അഷ്ഫാഖ് ഹുസൈൻ. ഫറയുടെ മൂത്ത സഹോദരൻ രാജസ്ഥാൻ ഹൈകോടതിയിലെ അഭിഭാഷകനായിരുന്നു. അമ്മാവൻമാരിലൊരാൾ പൊലീസിലും മറ്റൊരാൾ സംസ്ഥാന സർക്കാരിൽ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. രണ്ട് അടുത്ത ബന്ധുക്കൾ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ജോലി ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ കുടുംബത്തിലെ 14 ലേറെ ആളുകൾ ഉന്നത ഉദ്യോഗങ്ങൾ വഹിക്കുന്നു. അതിലൊരാൾ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
അവരെ പോലെ നല്ലൊരു ഉദ്യോഗം ഫറയുടെയും ലക്ഷ്യമായിരുന്നു. കുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവോളമെങ്കിലും ലഭിക്കൂവെന്ന് പിതാവ് എപ്പോഴും ഉപദേശിച്ചു. ജീവിതത്തിൽ ഉന്നത സ്ഥാനത്തെത്താൻ ഉയർന്ന വിദ്യാഭ്യാസം കൊണ്ടുമാത്രമേ സാധിക്കൂവെന്നും ഓർമപ്പെടുത്തി. സാധാരണ മുസ്‍ലിം കുടുംബങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും നൽകാറില്ല. എല്ലാറ്റിലും സർക്കാറിനെ പഴിചാരുന്ന ഒരിക്കലും ഉന്നതസ്ഥാനങ്ങളിലെത്താൻ പരിശ്രമിക്കാറുമില്ലെന്നും അദ്ദേഹം എപ്പോഴും മകളോട് പറഞ്ഞു. ആ വാക്കുകൾ നെഞ്ചിലേറ്റിയ ഫറ സിവിൽ സർവീസ് വിജയം തന്നെയാണ് ഉപ്പക്ക് സമ്മാനിച്ചത്.