2024-25 വർഷം ഐ.ഐ.ടി ബിരുദധാരികളിൽ 38 ശതമാനത്തിനും പ്ലേസ്മെന്റ് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്; കാരണം?
text_fieldsഅടുത്തിടെ ഒരു വിവരാവകാശത്തിന് ലഭിച്ച മറുപടി ഇന്ത്യൻ എൻജിനീയറിങ് മേഖലയെ ഞെട്ടിക്കുന്നതാണ്. 2024-25 വർഷത്തിൽ 23 കാംപസുകളിലുള്ള ഐ.ഐ.ടി വിദ്യാർഥികളിൽ 38 ശതമാനത്തിനും പ്ലേസ്മെന്റ് ലഭിച്ചിട്ടില്ല എന്നായിരുന്നു ആ വിവരം. അതിൻമേൽ ഒരുപാട് ചർച്ചകളും വിശകലനങ്ങളും നടന്നു. അതിനിടയിൽ സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്ന മൂന്നിൽ ഒരു ഭാഗം ടെക്കികളും ഇന്ത്യക്കാരാണെന്ന് വസ്തുത ആരും മറക്കരുത്.
സ്വന്തം നാട്ടിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നമ്മൾ എത്രത്തോളം പിന്നിലാണ് എന്നതിന് തെളിവാണ് ഈ കണക്ക്. ആ മൂന്നിലൊന്നു പേർക്കും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം കാരണമല്ല ജോലി നേടാനായത്. അവർ അതിജീവനം നടത്തിയവരാണ്.
2024ലെ ജോയിന്റ് വെൻച്വർ സിലിക്കൺ വാലി റിപ്പോർട്ട് പ്രകാരം വിദേശത്ത് നിന്നുള്ള ടെക് ജീവനക്കാരൽ 23 ശതമാനം ഇന്ത്യക്കാരാണ്. ഇവരിൽ പലരും യു.എസ് യൂനിവേഴ്സിറ്റികളിൽ നിന്ന് പരിശീലനം സിദ്ധിച്ചവരാണ്. ചിലർ ആഗോള ടെക് കമ്പനികളിൽ ജോലി ചെയ്തവരാണ്. പഠനത്തിൽ മികവ് കാട്ടിയവരു ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച നഗരവാസികളുമാണ്. കുടിയേറ്റത്തിന്റെ ആനുകൂല്യം പറ്റിയവരാണ്. അല്ലാതെ നമ്മുടെ രാജ്യത്തെ പരിതസ്ഥിതിയുടെ മാത്രം ഗുണഭോക്താക്കളല്ല. വ്യവസ്ഥാപിത മികവിന്റെ കഥയല്ല ഈ നമ്പർ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട രക്ഷപ്പെടലുകളുടെ കഥകളാണ്.
ഇന്ത്യൻ വിദ്യാർഥികളുടെ ഇന്നത്തെ സ്ഥിതി
ഇന്ത്യൻ ബിരുദധാരികളിൽ 42.6 ശതമാനം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. 2023ൽ ആ കണക്ക് 46.2 ശതമാനമായിരുന്നു.ഒരു വർഷം ഏകദേശം 15 കോടി എൻജിനീയർമാർ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. അതിൽ 300,000 പേർക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂ. ഐ.ഐ.ടികളിൽ പഠിച്ചവർക്ക് പോലും ഇക്കാലത്ത് പ്ലേസ്മെന്റ് കിട്ടാൻ പ്രയാസമാണ്.2024ലെ കണക്കനുസരിച്ച്, 23 കാംപസുകളിൽ പഠിച്ച ഐ.ഐ.ടി ബിരുദധാരികളിൽ 38 ശതമാനത്തിനും ജോലി ലഭിച്ചിട്ടില്ല. ഇപ്പോഴാ കണക്ക് 40 ശതമാനമായി വർധിച്ചിരിക്കുന്നു. 2022 ലെ കണക്കുകൾ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ അന്തരമാണ് തൊഴിൽ രഹിതരായ ഐ.ഐ.ടി ബിരുദധാരികളുടെ
എണ്ണത്തിൽ വന്നിട്ടുള്ളത്. ഐ.ഐ.ടികളിൽ പഠിച്ചവർക്കു പോലും ജോലി ഉറപ്പ് ലഭിക്കുന്നില്ല എങ്കിൽ ഇന്ത്യയിലെ മറ്റ് എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും?
വർഷങ്ങളായി ഐ.ഐ.ടികളെ ഒരു ആഗോളബ്രാൻഡായാണ് കണക്കാക്കിയിരുന്നത്. അവിടെ പഠിക്കുന്നവരെ കൊത്തിക്കൊണ്ടു പോകാൻ വൻകിട കമ്പനികൾ കാത്തുനിൽക്കുമായിരുന്നു. എന്നാൽ മാറിയ കാലത്തിനൊത്ത് ഐ.ഐ.ടികളിൽ മാറ്റമുണ്ടായിട്ടില്ല എന്നാണ് ഇപ്പോഴത്തെ ഡിമാൻഡ് ഇടിവിന് പിന്നിലെ കാരണങ്ങളിലൊന്ന്. 2005ലെ ടെക്മേഖലക്ക് വേണ്ട സിലബസാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. അതുപോലെ എ.ഐ, എം.എൽ, ക്ലൗഡ് ആർക്കിടെക്ചർ, പ്രോഡക്റ്റ് ഡിസൈൻ, എന്നിവ ഇപ്പോഴും പല ബ്രാഞ്ചുകളിലെയും കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പല ഡിപാർട്മെന്റുകളിലും വലിയ തോതിൽ ഫാക്കൽറ്റികളുടെ ഷോർട്ടേജും അനുഭവിക്കുന്നുണ്ട്. ഐ.ഐ.ടികളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ആത്മഹത്യ നിരക്കും മുമ്പത്തെ അപേക്ഷിച്ച് കൂടുതലാണ്.
പ്രധാന പ്രശ്നം സിലബസ് തന്നെയാണ്. പരീക്ഷകൾ പാസാകാനാണ് വിദ്യാർഥികൾ പഠിക്കുന്നത്. അല്ലാതെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനല്ല. കൂടുതൽ എൻജിനീയറിങ് ബ്രാഞ്ചുകളും തിയറികളിൽ അധിഷ്ഠിതമാണ്. ചുരുക്കം ചില കോളജുകളിൽ മാത്രമേ പ്രാക്ടിക്കൽ പഠനം നടക്കുന്നുള്ളൂ. സൈബർ സെക്യൂരിറ്റി, എ.ഐ, ഡിസൈൻ, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും എണ്ണത്തിൽ കുറവാണ്. ചില ഐ.ഐ.ടികൾ ഈ വിഷയങ്ങളിൽ ഇപ്പോൾ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്. ആഗോള സമ്പദ്‍വ്യവസ്ഥക്ക് വേണ്ടത് ക്ലാസ്മുറികളിലെ തിയറികളിൽ തളച്ചിട്ട പഠിപ്പിസ്റ്റുകളെ അല്ല.
2024ലെ ക്രോസ് യൂനിവേഴ്സിറ്റി കരിക്കുലം റിവ്യൂ അനുസരിച്ച് ഇന്ത്യൻ കംപ്യൂട്ടർ സയൻസ് സിലബസുകളിൽ മൂന്ന്ശതമാനത്തിൽ താഴെ മാത്രമേ എ.ഐ, ഉൽപ്പന്ന അധിഷ്ഠിത പഠനം, അല്ലെങ്കിൽ ടീം അധിഷ്ഠിത ക്യാപ്‌സ്റ്റോൺ പ്രോജക്ടുകൾ എന്നിവ ഉൾക്കൊള്ളുന്നുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. സിലിക്കൺ വാലിക്ക് വേണ്ടത് ഇക്കാര്യങ്ങളാണ് താനും. ഇന്ത്യക്കാരാണ് ഇപ്പോൾ സിലിക്കൺ വാലിയിൽ കൂടുതൽ ഉള്ളത്. എന്നാൽ കാര്യങ്ങൾ ഇങ്ങനെ പോയാൽ വൈകാതെ ആ മേധാവിത്വം ഇല്ലാതാകും. ഇപ്പോൾ തന്നെ ചൈനയിൽ നിന്നുള്ള ടെക് വിദഗ്ധരാണ് എ.ഐ, റോബോട്ടിക്സ്, സെമി കണ്ടക്റ്റേഴ്സ് മേഖലയിൽ മുന്നിട്ടു നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഏഴെണ്ണം ചൈനയിലാണ്. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു സർവകലാശാലയും ഇടംപിടിച്ചിട്ടില്ല.


