വിജയത്തിലേക്ക് കുതിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരുപാട് തവണ പരാജയപ്പെട്ടിട്ടുണ്ടാകും; എന്നാൽ ആവർത്തിച്ചുള്ള പരാജയം മാനസിക നില തകരാറിലാക്കും -സാനിയ മിർസ പറയുന്നു
text_fieldsസാനിയ മിർസ
പരാജയം വിജയത്തിലേക്കുള്ള വഴിയാണ്. എന്നാൽ വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെ, പരാജയപ്പെടുമ്പോൾ അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരിക്കും. ലക്ഷ്യത്തിലെത്താൻ കഴിയാതെ നിങ്ങൾ ബുദ്ധിമുട്ടുന്നത് ലോകം കാണുമ്പോൾ എങ്ങനെയാണ് അത് തരണം ചെയ്യാൻ കഴിയുക? അതിനെ കുറിച്ചാണ് ടെന്നീസ് താരം സാനിയ മിർസക്ക് പറയാനുള്ളത്. 'ദ സ്പോർട്സ് വുമൺ ഹഡിലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാനിയ.
പരാജയങ്ങളെ എങ്ങനെ നേരിട്ടുവെന്നായിരുന്നു ചോദ്യം. ''വിജയത്തിലേക്ക് കുതിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരുപാടു തവണ പരാജയപ്പെട്ടിട്ടുണ്ടാകും.
നിങ്ങളുടെ കളിയിലേക്ക് മാറ്റങ്ങൾ വരുത്തുമ്പോൾ അങ്ങനെയാണ്. ഫലമല്ല പ്രധാനം, നിങ്ങൾ എന്തിൽ പ്രവർത്തിക്കുന്നു എന്നതാണ്. സമ്മർദം എന്നതല്ല ശരിയായ വാക്ക്. ആ യാത്രയിൽ നിങ്ങൾ വിശ്വസിക്കുക. നാളെ ഏറ്റവും മികച്ചത് ചെയ്യാൻ സാധിക്കും എന്നതായിരിക്കണം ആ വിശ്വാസം''-എന്നായിരുന്നു സാനിയയുടെ മറുപടി.
ഇത് ശരിയായ രീതിയാണോ എന്നതായിരുന്നു അടുത്ത ചോദ്യം. പ്രഫഷനൽ ജീവിതത്തിലെ തിരിച്ചടികൾ ആ വ്യക്തിയുടെ മാനസിക നിലയെ നന്നായി തന്നെ ബാധിക്കുന്നുണ്ട്. അത്തരത്തിലുള്ള ക്രോണിക് സ്ട്രസ് ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് കാരണമാകാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ടെന്ന് സാനിയ വിശദീകരിച്ചു. പലപ്പോഴും നെഗറ്റീവ് ഫലമാണ് അത് തരുന്നത്. ആ സ്ട്രസ് ഹോർമോൺ ഉറക്കത്തെ പോലും ബാധിക്കുന്നുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു. എന്തിന് പ്രതിരോധശേഷിയെ പോലും തകരാറിലാക്കുന്നു-സാനിയ പറയുന്നു.
ആവർത്തിച്ചുള്ള പരാജയങ്ങൾ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കും. ഇനിയൊരിക്കലും തനിക്ക് വിജയിക്കാൻ കഴിയില്ലെന്ന അടിക്കടിയുള്ള ചിന്ത വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
മികച്ച പ്രകടനം പുറത്തെടുക്കാനുള്ള നിരന്തര സമ്മർദ്ദവും ആവർത്തിച്ചുള്ള തിരിച്ചടികളുടെ വൈകാരിക ആഘാതവും വലിയൊരു ശാരീരിക-മാനസിക തളർച്ചയിലേക്ക് നയിച്ചേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.