ദാരിദ്ര്യവും പ്രയാസങ്ങളും ജീവിതത്തിലെ വലിയ നിക്ഷേപങ്ങൾ; അസൗകര്യമാണ് ഏറ്റവും മികച്ച ഗുരു -തൈറോകെയർ സ്ഥാപകൻ പറയുന്നു
text_fieldsDr. A. Velumani
ചെറുപ്പകാലത്ത് നമ്മൾ നേരിടുന്ന വെല്ലുവിളികളാണ് പിന്നീടുള്ള ജീവിതത്തിന്റെ വലിയ നിക്ഷേപങ്ങളായി മാറുന്നതെന്നും അതിനാൽ ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാൻ യുവാക്കൾ തയാറാവണമെന്നും ശതകോടീശ്വരനായ വ്യവസായി ഡോ. എ. വേലുമണി.
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക്, പ്രിവന്റീവ് കെയർ ലബോറട്ടറികളുടെ ശൃംഖലയായ തൈറോകെയർ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകനാണ് ഡോ. വേലുമണി.
കൗമാരകാലത്തും യുവത്വത്തിലും ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകണമെന്നാണ് കൂടുതൽ ആളുകളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ സൂചിപ്പിചു. എന്നാൽ കഠിന ദാരിദ്ര്യത്തിലൂടെയും വെല്ലുവിളികളിലൂടെയും വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിട്ടവർക്ക് ജീവിതം കൂടുതൽ എളുപ്പമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം എഴുതി. സുഖകരമായ ജീവിതത്തിൽ നിന്ന് ഒരിക്കലും സ്വായത്തമാക്കാൻ കഴിയാത്ത പാഠങ്ങളാണ് അത്തരം ആളുകൾ പഠിച്ചിട്ടുണ്ടാവുക. അത്തരത്തിൽ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് വരുന്നവരിൽ ഉണ്ടാകുന്ന ഗുണങ്ങളെയും അദ്ദേഹം അക്കമിട്ട് സൂചിപ്പിച്ചു. സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കഴിവ്, ശ്രദ്ധ, മിതവ്യയം, അച്ചടക്കം, വ്യക്തത, ആഴത്തിലുള്ള അറിവ്, ധൈര്യം എന്നീ ഗുണങ്ങളുണ്ടായിരിക്കും. കഷ്ടപ്പാടിലൂടെ മാത്രമേ ഈ ഗുണഗണങ്ങൾ ലഭിക്കുകയുള്ളൂ. സുഖം മനസിനെയും ശരീരത്തെയും ദുർബലപ്പെടുത്തുമെന്നും എന്നാൽ അസ്വസ്ഥത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മക്കളെ ആഡംബരപൂർവം വളർത്തുന്ന മാതാപിതാക്കൾ ഇക്കാര്യം ഓർമിക്കണമെന്നും യുവാക്കൾ തടസ്സങ്ങളെയും വെല്ലുവിളികളെയും വളർച്ചയിലേക്കുള്ള അവസരങ്ങളായി കണക്കാക്കണമെന്നും
അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.
തന്റെ ജീവിതം ഉദാഹരിച്ചായിരുന്നു വേലുമണിയുടെ കുറിപ്പ്.
1980കളിൽ വേലുമണി ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ(ബാർക്) ജോലി ചെയ്യുകയായിരുന്നു. സുസ്ഥിരമായ സർക്കാർ ശമ്പളമായിരുന്നിട്ടും ആ വരുമാനം കൊണ്ട് തന്റെ വലിയ കുടുംബത്തെ പോറ്റാൻ വേലുമണി നന്നായി ബുദ്ധിമുട്ടി. സ്വകാര്യ ടൂഷനെടുത്താണ് അദ്ദേഹം അധിക വരുമാനം കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ അന്നത്തെ ട്യൂഷൻ വിദ്യാർഥികളിൽ ധനിക കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടിയുണ്ടായിരുന്നു. മുംബൈയിലെ ശിവജി പാർക്കിൽ താമസിച്ചിരുന്ന സമ്പന്ന സ്ത്രീയുടെ മകനായിരുന്നു അത്. ആ സമയത്ത് ആ കുട്ടി മൂന്ന് പേരുടെ അടുക്കൽ ട്യൂഷന് പോകുന്നുണ്ടായിരുന്നു. തന്റെ മകനെ സന്തോഷവാനായി നിർത്തണമെന്നും അതിനായി എന്തും നൽകാമെന്നുമുള്ള വിചിത്രമായ ആവശ്യമാണ് ആ അമ്മ വേലുമണിയുടെ മുന്നിൽ വെച്ചത്.
അക്കാദമിക തലത്തിൽ ആ കുട്ടി വളരെ പിന്നിലാണെന്ന് വേലുമണിക്ക് അധികം വൈകാതെ മനസിലായി. പറഞ്ഞുകൊടുത്തിട്ടും ഒന്നും തലയിൽ കയറാത്തതിനാൽ സ്വന്തം കൈയക്ഷരത്തിൽ തന്നെ ഗൃഹപാഠങ്ങൾ പൂർത്തിയാക്കാനും കുട്ടിക്കായി തയാറാക്കിയ ആഹാര പദാർഥങ്ങൾ കഴിക്കാനും പഠിക്കാനുള്ള പാഠങ്ങളെ നർമകഥകളായി സമീപിക്കാനും ഉപദേശിച്ചു. പഠിക്കാൻ ആ കുട്ടിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം താൽപര്യത്തോടെ തന്നെ ചെയ്തു.
ആ ജോലിയിലൂടെ ബാർകിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ശമ്പളം വേലുമണിക്ക് കിട്ടി. തന്റെ ഇംഗ്ലീഷും മെച്ചപ്പെടുത്താൻ സാധിച്ചു. എന്നാൽ കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ 12ാം ക്ലാസ് പരീക്ഷയിൽ കുട്ടി പരാജയപ്പെട്ടു.
ഒരിക്കൽ സമ്പന്നമായിരുന്ന ആ കുടുംബം പിന്നീട് ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നതായി പിന്നീട് വേലുമണി മനസിലാക്കി. അതേ കുട്ടി മുതിർന്നപ്പോൾ വേലുമണിയുടെ ഭാര്യ തൈറോകെയറിൽ ജോലി നൽകുകയും ചെയ്തു. വിധിയുടെ വിളയാട്ടം...