എ.ഐ കാലത്ത് ജോലിയിൽ രക്ഷപ്പെടാൻ ആറുവഴി നിർദേശിച്ച് വാൾമാർട്ട് മേധാവി; ‘എ.ഐയുടെ പിടിയിൽനിന്ന് ഒരുജോലിയും ഒഴിവാകില്ല, ഭീഷണിയായി കാണരുത്’
text_fieldsവാൾമാർട്ട് സി.ഇ.ഒ ഡഗ് മക്മില്ലൻ
ന്യൂയോർക്ക്: നിർമ്മിത ബുദ്ധിയുടെ (എ.ഐ) സ്വാധീനമില്ലാത്ത ഒരൊറ്റ ജോലി പോലും ഉണ്ടാവില്ലെന്ന് വമ്പൻ ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന്റെ സി.ഇ.ഒ ഡഗ് മക്മില്ലൻ. ഇതിനെ അതിജീവിക്കാൻ തൊഴിലാളികൾക്ക് ആറ് മാർഗങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
നിർമിത ബുദ്ധി എന്നത് ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യമല്ല, മറിച്ച് ഇന്ന് തന്നെ ലോകമെമ്പാടുമുള്ള തൊഴിലിടങ്ങളെ മാറ്റിമറിക്കുന്ന ശക്തിയാണ്. നിരന്തര തയ്യാറെടുപ്പ് മാത്രമാണ് വിജയിക്കാനുള്ള താക്കോലെന്നും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായ വാൾമാർട്ടിന്റെ മേധാവി പറഞ്ഞു.
നിർമ്മിത ബുദ്ധി വന്നതോടെ ജോലികൾ പൂർണ്ണമായും ഇല്ലാതാവുകയല്ല. പകരം ജോലിയുടെ സ്വഭാവം അടിമുടി മാറ്റുകയാണ് ചെയ്യുക. ചില്ലറ വിൽപന ശാലകൾ മുതൽ കോർപറേറ്റ് ഓഫിസുകളിൽ വരെ ആളുകൾ ജോലി ചെയ്യുന്ന രീതിയും തൊഴിൽ നൈപുണ്യവും മാറിക്കൊണ്ടിരിക്കുകയാണ്. ഈ വലിയ മാറ്റത്തിനായി തൊഴിലാളികളെ സജ്ജരാക്കാൻ വാൾമാർട്ട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന ഈ ഘട്ടത്തിൽ, ജീവനക്കാർ അതുമായി പൊരുത്തപ്പെടുകയും കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്താൽ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കൂ. ജീവനക്കാരെല്ലാം ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം -മക്മില്ലൻ വ്യക്തമാക്കി.
നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ തൊഴിൽ മേഖലയിൽ നേട്ടം കൈവരിക്കാൻ ആറ് മാർഗങ്ങൾ അദ്ദേഹം നിർദേശിക്കുന്നു:
1. സാങ്കേതിക പഠനം നിരന്തര ശീലമാക്കുക
സ്ഥിരമായി ചെയ്യേണ്ട ജോലികൾ നിർമിത ബുദ്ധി ഏറ്റെടുക്കുന്നതിനാൽ ജീവനക്കാർ ഡിജിറ്റൽ പരിജ്ഞാനവും വിവര സാക്ഷരതയും നിർമ്മിത ബുദ്ധി സംവിധാനങ്ങളെക്കുറിച്ചുള്ള അറിവും നിരന്തരം സ്വായത്തമാക്കണം. തൊഴിൽ മേഖലയിൽ എ.ഐ ഉപയോഗം സംബന്ധിച്ച പുതിയ ഓരോ അപ്ഡഷേനും അറിഞ്ഞിരിക്കണം. വാൾമാർട്ടിലെ ജീവനക്കാർക്ക് ഇതിനായി വിപുലമായ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ, ശിൽപശാലകൾ, ജോലിക്കിടയിലുള്ള പരിശീലനം എന്നിവ ഇതിൽഉൾപ്പെടുന്നു. ഉദാഹരണത്തിന്, സ്റ്റോക്കുകളുടെ ആവശ്യം മുൻകൂട്ടി കാണുന്ന എ.ഐ നിയന്ത്രിത സിസ്റ്റം ഉപയോഗിക്കാൻ സ്റ്റോർ ജീവനക്കാരൻ പഠിക്കേണ്ടി വരും.
2. മനുഷ്യസഹജമായ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
വിവരങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാനും പതിവ് ജോലികൾ ചെയ്യാനും എ.ഐ.ക്ക് കഴിയും. എന്നാൽ, സർഗാത്മകത, വൈകാരിക ബുദ്ധി, വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാരം തുടങ്ങിയ മനുഷ്യന്റെ കഴിവുകൾക്ക് പകരമാകാൻ എ.ഐക്ക് കഴിയില്ല. ഈ കഴിവുകൾ വളർത്താൻ വാൾമാർട്ട് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളോട് സൗഹൃദപരമായി ഇടപെടാൻ എ.ഐക്ക് പൂർണ്ണമായി സാധിക്കില്ല. തന്ത്രങ്ങൾ മെനയാനും നവീകരിക്കാനും മനുഷ്യരുമായി നന്നായി ഇടപഴകാനും കഴിയുന്ന ജീവനക്കാർക്ക് ജോലിയിൽ തിളങ്ങാൻ കഴിയും.
3. തസ്തികകൾ മാറുന്നതിനെ തുറന്ന മനസ്സോടെ ഉൾക്കൊള്ളുക:
നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ ജോലി നിലനിർത്തണമെങ്കിൽ ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള കഴിവ് നിർണ്ണായകമാണ്. ചില ജോലികൾ എ.ഐ ഏറ്റെടുക്കുമ്പോൾ നിലവിലുള്ള തസ്തികകൾ മാറിയേക്കാം. എന്നാൽ, ഈ മാറ്റം വളർച്ചയ്ക്കുള്ള പുതിയ വഴികൾ തുറക്കുമെന്ന് മനസ്സിലാക്കുക.
ഉദാഹരണത്തിന്, ഒരു കാഷ്യർ ചിലപ്പോൾ കസ്റ്റമർ എക്സ്പിരിയൻസ് സ്പെഷലിസ്റ്റ് ആയേക്കാം. മാറ്റത്തെ ഭീഷണിയായി കാണാതെ വളർച്ചയ്ക്കുള്ള അവസരമായി കാണുന്ന ജീവനക്കാർ വിജയിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
4. ഡിജിറ്റൽ പ്രാവീണ്യം നേടുക
ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചുള്ള അറിവ് ഇനി ഓരോരുത്തർക്കും സ്വന്തം ഇഷ്ടപ്രകാരം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവില്ല. അതിൽ പ്രാവീണ്യം നേടിയേ മതിയാകൂ. എ.ഐ സഹായമുള്ള സോഫ്റ്റ്‌വെയറുകൾ, ഡാറ്റാ വിശകലന പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ പ്രാവീണ്യം ഇതിൽ ഉൾപ്പെടുന്നു.
ഈ സംവിധാനങ്ങളെക്കുറിച്ച് അറിവുള്ള ജീവനക്കാർക്ക് കാര്യക്ഷമത വർധിപ്പിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും കൂടുതൽ പ്രധാനപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എ.ഐ.യെ ഉപയോഗിക്കാം. ഉപഭോക്താക്കളുടെ വാങ്ങൽ രീതികൾ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യാൻ കഴിയും. ഇത് ജീവനക്കാർക്ക് സേവനം മെച്ചപ്പെടുത്താൻ സഹായിക്കും.
5. നിർമ്മിത ബുദ്ധിയുമായി സഹകരിക്കുക
നിർമ്മിത ബുദ്ധിയെ ഭീഷണിയായി കാണുന്നതിന് പകരം അതിനെ നമ്മുടെ മികച്ച സഹകാരിയായി കാണണമെന്ന് മക്മില്ലൻ ജീവനക്കാരോട് ആവശ്യപ്പെടുന്നു. എ.ഐ. ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുന്നത് ഉൽപാദനക്ഷമത കൂട്ടുകയും ജോലിയിലെ സംതൃപ്തി മെച്ചപ്പെടുത്തുകയും ചെയ്യും.
പതിവായി ചെയ്യുന്ന അഡ്മിനിസ്ട്രേഷൻ ജോലികൾ എ.ഐ.ക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. ഇതോടെ ഉപഭോക്താക്കളുമായുള്ള ഇടപെടുന്നതിലും സ്ട്രാറ്റജികൾ രൂപീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്ക് ധാരാളം സമയം ലഭിക്കും.
6. കമ്പനിക്കുള്ളിലെ വളർച്ചാ വഴികൾ തേടുക
നിർമ്മിത ബുദ്ധിയുടെ ഉപയോഗം കൂടുന്തോറും തങ്ങളുടെ ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തി അവരുടെ സേവനം ഉപയോഗിക്കാൻ വാൾമാർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് മക്മില്ലൻ പറഞ്ഞു. എ.ഐയിൽ വൈദഗ്ധ്യം നേടാനുള്ള പരിശീലനവും ലീഡർഷിപ്പ് പ്രോഗ്രാമുകളും ജീവനക്കാർക്കായി സംഘടിപ്പിക്കും. ഇതിലൂടെ പുതിയ തൊഴിൽ സാധ്യതകൾ പരീക്ഷിക്കാൻ അവസരം ലഭിക്കും. ഉദാഹരണത്തിന് സാങ്കേതികവിദ്യയിൽ താൽപര്യമുള്ള ജീവനക്കാർക്ക് ഡാറ്റ അനലൈസിസ്, എ.ഐ ഇംപ്ലിമെന്റേഷൻ, വിതരണ ശൃംഖല കാര്യക്ഷമമാക്കൽ തുടങ്ങിയ പുതിയ റോളുകളിലേക്ക് മാറാൻ കഴിയും.


