10ാം ക്ലാസിൽ പഠനം നിർത്തി, ഇപ്പോൾ കേന്ദ്ര യൂനിവേഴ്സിറ്റി പ്രഫസർ, എഴുതിത്തീർത്തത് 69 പുസ്തകങ്ങൾ; പ്യൂൺ പ്രഫസറായി മാറിയ കഥ
text_fieldsസാഹചര്യം കൊണ്ട് 10ാം ക്ലാസോടെ പഠനം നിർത്തേണ്ടി വന്ന, പിന്നീട് ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് കുതിച്ച ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. പാടാൻ നല്ല കഴിവുണ്ടായിരുന്നു ആ പയ്യന്. പഠനം നിർത്തിയപ്പോൾ, പാട്ടിന്റെ വഴിയിലൂടെ പോകാമെന്നായിരുന്നു അവൻ കണക്കുകൂട്ടിയതും. അങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ അവൻ നാടോടി ഗായകനായ ലാൽ ചന്ദ് യംല ജാട്ടിനെ കണ്ടുമുട്ടി. അധികം വൈകാതെ അദ്ദേഹത്തിന്റെ ശിഷ്യനുമായി.
പഞ്ചാബി സംഗീതത്തിന് അടിത്തറ പാകിയ കലാകാരനാണ് ലാൽ ചന്ദ് യംല ജാട്ട്. അദ്ദേഹത്തിന്റെ കീഴിൽ സംഗീതം പഠിക്കുന്നതിനൊപ്പം എഴുതാനും അഭ്യസിച്ചു. ഗുരുവിനെ കുറിച്ചുള്ള സമഗ്ര ജീവചരിത്രമായിരുന്നു ആ ശിഷ്യന്റെ തൂലികയിൽ നിന്ന് പിറന്ന ആദ്യത്തെ ഗ്രന്ഥവും. പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി ആ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ മനുഷ്യനാണ് നിന്ദർ ഘുഗിയാൻവി.
സാഹിത്യത്തോടുള്ള നിന്ദറിന്റെ അഗാധ താൽപര്യം കണ്ടറിഞ്ഞ് കാനഡ 2001ൽ ആദരിച്ചു. 23 വയസിനുള്ളിൽ 24 പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞിരുന്നു നിന്ദർ.
''പുസ്തകവും കൈയിൽ പിടിച്ചാണോ ജനിച്ചതെന്നും, പിറന്നുവീണപ്പോൾ തൊട്ടേ എഴുതാൻ തുടങ്ങിയതാണോ''യെന്നും ചോദിച്ച് കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജീൻ ക്രെറ്റിയാൻ കളിയാക്കുകയുണ്ടായി.
അതിനു ശേഷം യു.കെ പാർലമെന്റിലേക്ക് പ്രഭാഷണത്തിനായി ക്ഷണിച്ചു. എഴുത്തിനോടുള്ള നിന്ദറിന്റെ പ്രണയം യു.എസിലേക്കും എത്തിച്ചു.
സാഹിത്യത്തിലും കലയിലും നിന്ദർ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 2012 മുതൽ ചണ്ഡീഗഢിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പഞ്ചാബി കലയെയും ഭാഷയെയും കുറിച്ച് അദ്ദേഹം പുതിയ ഐ.എ.എസ്, പി.സി.എസ് ഓഫിസർമാർക്ക് ക്ലാസെടുക്കുന്നു. 70 പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിൽ പലതും നിരവധി നിരവധി സർവകലാശാലകളിലെ എം.എ, എം.ബി.എ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി അനേകം വിദ്യാർഥികൾ പിഎച്ച്.ഡിയും പൂർത്തിയാക്കി. 10ലധികം ഡോക്ടറേറ്റ് പഠനങ്ങൾക്കാണ് ആ ജീവിതം പ്രചോദനം നൽകിയത്. ഫരീദ്കോട്ടിനടുത്താണ് നിന്ദറിന്റെ താമസം. അദ്ദേഹത്തിന് അടുത്തിടെ പഞ്ചാബ് സെൻട്രൽ യൂനിവേഴ്‌സിറ്റി, ബതിൻഡയിൽ പ്രാക്ടീസ് പ്രഫസറായി (പി.ഒ.പി) നിയമനം ലഭിച്ചു.
യൂനിവേഴ്‌സിറ്റിയുടെ ഗുദ്ദ കാമ്പസിലെ പഞ്ചാബി ഡിപാർട്മെന്റിൽ ചേരുമ്പോൾ, പഞ്ചാബി ഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വൈസ് ചാൻസലർ പ്രഫ. രാഘവേന്ദ്ര പി. തിവാരി നിന്ദറിനെ നിയമിച്ചു. പ്രശസ്ത പഞ്ചാബി ഗസൽ കവിയായ ദീപക് ജെയ്തോയെ കുറിച്ച് സമഗ്രമായ ഒരു പുസ്തകം രചിക്കുന്നതും ചുമതലയിലുണ്ടായിരുന്നു.
2012 മുതലാണ് നിന്ദറിന്റെ സാഹിത്യ ജീവിതം തുടങ്ങിയത്. അദ്ദേഹം ജീവചരിത്രമായി മേം സാൻ ജഡ്ജ് ദാ അർദലി 15 ഇന്ത്യൻ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു. നാഷനൽ ബുക്ക് ട്രസ്റ്റ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറക്കി.
ഗുരുനാനാക് ദേവ് യൂനിവേഴ്സിറ്റി, പഞ്ചാബ് യൂനിവേഴ്സിറ്റി, ഡൽഹി യൂനിവേഴ്സിറ്റി എന്നിവയടക്കം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ആദ്യ കാലത്ത് നിന്ദർ ജഡ്ജമാരുടെ പ്യൂൺ ആയും ജോലി നോക്കിയിരുന്നു.