എന്തുകൊണ്ടാകും ഡോക്ടർമാരുടെ കൈയക്ഷരം ഇത്രയും മോശമായത്? അതിന് ചികിത്സയില്ലേ...
text_fieldsപ്രതീകാത്മക ചിത്രം
ഡോക്ടർമാരുടെ മോശം കൈയക്ഷരം വലിയ പ്രശ്നമാണ് ഇക്കാലത്ത്. വാർത്തകളിൽ പോലും ഇടം നേടാറുണ്ട് അത്. ഡോക്ടർമാരുടെ കുറിപ്പടികൾ മനസിലാക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത എ.ഐ ഉപകരണങ്ങൾ പോലും ഇന്നുണ്ട്. 10 വർഷം മുമ്പ് ഡോക്ടർമാർ വ്യക്തത ഉറപ്പാക്കാനായി വലിയ അക്ഷരങ്ങളിൽ കുറിപ്പുകൾ എഴുതണമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ശിപാർശ ചെയ്തിരുന്നു. എന്നാൽ ഈ മാർഗനിർദേശം അപൂർവമായി മാത്രമേ പാലിക്കപ്പെടുന്നുള്ളൂ. അമിത ജോലിഭാരവും രോഗികളുടെ നീണ്ട നിരയുമാണ് ഇതിന് ഡോക്ടർമാർ കാരണമായി പറയുന്നത്.
കഴിഞ്ഞയാഴ്ച ഒരു ലൈംഗികാതിക്രമക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡോക്ടർ നൽകിയ മെഡിക്കൽ റിപ്പോർട്ടിലെ ഒരക്ഷരം പോലും വായിക്കാനാകാതെ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജി പോലും ബുദ്ധിമുട്ടി. മോശം കൈയക്ഷരം മൂലം തെറ്റായ മരുന്നുകൾ കുറിച്ചുകൊടുക്കുന്നത് രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുമെന്ന ആശങ്കയും കോടതി പങ്കുവെച്ചു. അസമിലെ ടിൻസുകിയ മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രഫസർ ഗോബിൽ താപ്പ പറയുന്നത്, ഡോക്ടർമാരുടെ കൈയക്ഷരം പൊതുവെ മോശമായിരിക്കുന്നതിന് മൂന്ന് കാരണങ്ങളുണ്ടാകാമെന്നാണ്.
ഒന്നാമതായി മെഡിക്കൽ വിദ്യാർഥികൾ പലപ്പോഴും സമയത്തിന്റെ സമ്മർദത്തിലാണ് എഴുതുന്നത്. ഇത് വായനക്ഷമതയെ ബാധിക്കുന്നു. രണ്ടാമതായി സർക്കാർ ആശുപത്രികളിൽ രോഗികളുടെ കടുത്ത തിരക്കായിരിക്കും. ചിലപ്പോൾ ഒരു ഷിഫ്റ്റിൽ 100 രോഗികൾ വരെയുണ്ടാകും. ഇത് വേഗത്തിൽ കുറിപ്പടി എഴുതാൻ ഡോക്ടർമാരെ ശീലമാക്കുന്നു. മൂന്നാമതായി, ഡോക്ടർമാർ പലപ്പോഴും പ്രദേശശത്ത ഫാർമസിസ്റ്റുകൾക്ക് സാധാരണയായി നിർദേശിക്കുന്ന മരുന്നുകൾ അറിയാമെന്നാണ് വിശ്വസിക്കുന്നത്. ഇത് മരുന്നുകളുടെ പേരുകൾ കുത്തിക്കുറിക്കുന്നതിലേക്ക് നയിക്കുന്നു.
ഡോക്ടർമാർ മെഡിക്കൽ കോഴ്സ് ചെയ്യുമ്പോൾ നല്ല കൈയക്ഷരമായിരിക്കും. അവർ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് കൈയക്ഷരം മോശമാകുന്നതെന്നും താപ്പ നിരീക്ഷിക്കുന്നു. എന്നാൽ ചില വിദ്യാർഥികളുടെ മോശം കൈയക്ഷരം മൂലം ഉത്തരക്കടലാസ് വായിക്കാൻ പ്രയാസപ്പെടുന്ന കാര്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ദിലീപ് ഭാനുശാലി പറഞ്ഞു. അച്ചടിക്കുറിപ്പുകൾ ഉപയോഗിക്കുകയാണ് ഇതിനു പരിഹാരം. നിലവിൽ പല ആശുപത്രികളും അച്ചടിക്കുറപ്പടികളിലേക്ക് മാറിയിട്ടുണ്ട്. മരുന്നുകളുടെ പേരുകൾ വലിയ അക്ഷരങ്ങളിൽ എഴുതുന്നതാണ് മറ്റൊരു പരിഹാരം.പല കോടതികളും ഈ ഒരു നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
(കടപ്പാട് ഇന്ത്യ ടുഡെ)


