ബഹിരാകാശത്ത് അധികകാലം താമസിച്ചതിന് സുനിത വില്യംസിനും വിൽമോറിനും കൂടുതൽ പണം കിട്ടുമോ? നാസയുടെ ശമ്പള വിവരങ്ങൾ പുറത്ത്
text_fieldsഒമ്പത് മാസക്കാലം ബഹിരാകാശത്ത് കഴിഞ്ഞ നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും മടക്കയാത്രക്കൊരുങ്ങുകയാണ്. മാർച്ച് 19നാണ് അവരുടെ മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സാങ്കേതിക തകരാർ മൂലമാണ് വെറും 10 ദിവസത്തെ ബഹിരാകാശ യാത്രക്ക് പുറപ്പെട്ട ഇരുവർക്കും മാസങ്ങളോളം അവിടെ കഴിയേണ്ടി വന്നത്.
കരാറിൽ പറഞ്ഞതിലും അധികകാലം ബഹിരാകാശത്ത് കഴിഞ്ഞ സുനിത വില്യംസിനും ബുച്ച് വിൽമോറിനും നാസ കൂടുതൽ ശമ്പളം നൽകുമോ എന്നതാണ് ഉയരുന്ന സംശയം. ചില കമ്പനികളിൽ അധിക സമയം ജോലി ചെയ്താൽ പ്രത്യേക അലവൻസുകൾ ലഭിക്കും. എന്നാൽ നാസ അങ്ങനെയല്ല. ബഹിരാകാശ ശാസ്ത്രജ്ഞരെ ഫെഡറൽ ജീവനക്കാരായാണ് പരിഗണിക്കുന്നതെന്നാണ് നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ കാഡി കോൾമാൻ പറയുന്നത്. ബഹിരാകാശത്ത് എത്ര കാലം കഴിഞ്ഞാലും അതെല്ലാം ജോലിയുടെ ഭാഗമായാണ് പരിഗണിക്കുക. അതിനാൽ എക്സ്ട്രാ പണമൊന്നും കിട്ടില്ല. ചെറിയൊരു തുക നൽകും. ബഹിരാകാശത്ത് താമസിക്കുന്ന അത്രയും കാലത്തെ ശാസ്ത്രജ്ഞരുടെ ദൈനംദിന ചെലവുകൾക്കുള്ള പണം നാസ ചെലവഴിക്കും.
ഓരോദിവസവും ചെറിയൊരു തുകയാണ് കൂടുതലായി ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ലഭിക്കുക. അധികമായുള്ള ഓരോ ദിവസത്തിനും ഒരാൾക്ക് ഒരു ദിവസം നാലു ഡോളർ(അതായത് 347 രൂപ) വീതം കിട്ടുമെന്നാണ് കോൾമാൻ പറയുന്നത്. ബഹിരാകാശത്ത് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളൊന്നും പരിഗണിക്കില്ല.
2010-11 വർഷങ്ങളിൽ 159 ദിവസത്തെ ദൗത്യത്തിന് ഏതാണ്ട് 55,000 ത്തിലേറെ രൂപ(636 ഡോളർ) ലഭിച്ചിരുന്നുവെന്നാണ് കോൾമാൻ പറയുന്നത്. ദൗത്യം നീണ്ടുപോയാൽ ഓരോരുത്തർക്കും ഏതാണ്ട് ഒരു ലക്ഷം രൂപ(1148 ഡോളർ )ലഭിക്കും.
ഒമ്പത് മാസത്തെ ദൗത്യത്തിന് സുനിതക്കും വിൽമോറിനും കിട്ടുന്നത്
സുനിതയും വിൽമോറും ജനറൽ ഷെഡ്യൂൾ -15 വിഭാഗത്തിൽ പെട്ടവരായത് കൊണ്ട് ശമ്പളത്തിലും അതിന്റെ വ്യത്യാസം കാണും. പ്രതിവർഷം ഏതാണ്ട് 1.08നും 1.41 കോടിക്കുമിടയിലാണ് ഇവരുടെ ശമ്പളം. ദൗത്യം ദൈർഘിച്ചതായതിനാൽ ശമ്പളത്തിനൊപ്പം ചെലവഴിച്ച ദിവസത്തിനനുസരിച്ച് ചില ആനുകൂല്യങ്ങളുമുണ്ടാകും. ഇത്രയും ദിവസം ബഹിരാകാശത്ത് ചെലഴിച്ച സുനിതക്കും വിൽമോറിനും ശമ്പളത്തിന് ആനുപാതികമായി ഏതാണ്ട് 81 ലക്ഷം രൂപക്കും 1.05 കോടി രൂപക്കും ഇടയിൽ ലഭിക്കും.
യഥാർഥത്തിൽ സുനിതയും വിൽമോറും ബഹിരാകാശത്ത് കുടുങ്ങിപ്പോയിട്ടില്ല എന്ന് നാസ നേരത്തേ വ്യക്തമാക്കിയിരുന്നു. അവിടെ കുടുങ്ങിയ അവസരത്തിലും ഇരുവരും ബഹിരാകാശത്തെ അവരരുടെ ജോലികളിൽ സജീവമായിരുന്നു.


