Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightപി.ജിയുടെ ഭാരമില്ലാതെ...

പി.ജിയുടെ ഭാരമില്ലാതെ പറന്നുയരാം; മെഡിക്കൽ കരിയറിൽ പുതുവഴികൾ

text_fields
bookmark_border
പി.ജിയുടെ ഭാരമില്ലാതെ പറന്നുയരാം;  മെഡിക്കൽ കരിയറിൽ  പുതുവഴികൾ
cancel

ഒരുകാലത്ത് എം.ബി.ബി.എസ് ബിരുദം മാത്രം മികച്ചൊരു മെഡിക്കൽ പ്രാക്ടീസിന് മതിയായിരുന്നു. എന്നാൽ, ഇന്ന് ആരോഗ്യരംഗം സ്പെഷലൈസേഷനിലേക്ക് മാറിയതോടെ, ഭൂരിഭാഗം യുവ ഡോക്ടർമാരുടെയും അടുത്ത ലക്ഷ്യം നീറ്റ് പി.ജിയാണ്. പക്ഷേ, ആവശ്യക്കാരുടെയും ലഭ്യമായ സീറ്റുകളുടെയും വലിയ അന്തരം ഈ വഴിയെ കടുത്ത മത്സരമാക്കി മാറ്റുന്നു. രാജ്യത്ത് പ്രതിവർഷം ഒരുലക്ഷത്തിലധികം പുതിയ ഡോക്ടർമാർ പുറത്തിറങ്ങുമ്പോൾ പി.ജി സീറ്റുകൾ 70,000–86,000 പരിധിയിലാണ്. ഇതിൽ ഏറെ സീറ്റുകളും നോൺ-ക്ലിനിക്കൽ വിഭാഗങ്ങളിലായതിനാൽ ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ പ്രധാന ക്ലിനിക്കൽ വിഭാഗങ്ങളിൽ അവസരങ്ങൾ കൂടുതൽ ചുരുങ്ങുന്നു. ഫലമായി മെറിറ്റ് സീറ്റിനായി വർഷങ്ങളോളം നീളുന്ന തയാറെടുപ്പും കടുത്ത മാനസിക സമ്മർദവും പലർക്കും നേരിടേണ്ടിവരുന്നു.

മെറിറ്റ് സീറ്റ് ലഭിക്കാത്തവർക്ക് സ്വകാര്യ മെഡിക്കൽ കോളജുകളും ഡീംഡ് സർവകലാശാലകളുമാണ് മറ്റൊരു വഴി. എന്നാൽ, ക്ലിനിക്കൽ പി.ജി സീറ്റുകൾക്ക് ഒരുകോടി മുതൽ മൂന്നുകോടി വരെ രൂപ ചെലവാകുന്ന സാഹചര്യത്തിൽ, സ്പെഷലിസ്റ്റാകാനുള്ള സ്വപ്നം പല യുവ ഡോക്ടർമാർക്കും കടുത്ത സാമ്പത്തിക ഭാരമായി മാറുകയാണ്.

ഡിഗ്രിയുടെ ഭാരമില്ല, യു.കെ റോയൽ കോളജ് പ്രോഗ്രാമുകൾ

ഇന്ത്യയിലെ ഈ സീറ്റ് ദൗർലഭ്യത്തിനും പണക്കൊഴുപ്പിനും എതിരെ, പുതുതലമുറ ഡോക്ടർമാർക്ക് മുന്നിൽ തുറക്കപ്പെടുന്ന ഏറ്റവും സുരക്ഷിതമായ ആഗോള വഴിയുണ്ട്-യു.കെയിലെ റോയൽ കോളജുകൾ നൽകുന്ന അന്താരാഷ്ട്ര അംഗീകൃത സ്പെഷലിസ്റ്റ് യോഗ്യതകൾ. എം.ആർ.സി.പി, എം.ആർ.സി.എസ്, എം.ആർ.സി.ഒ.ജി, എം.ആർ.സി.പി.സി.എച്ച്, എം.ആർ.സി.ഇ.എം തുടങ്ങിയ ഈ പരീക്ഷകൾ ഇന്ത്യയിലെ സിസ്റ്റത്തിൽനിന്നുള്ള ഒരു സമ്പൂർണ ‘എക്സിറ്റ് പ്ലാൻ’ ആണ്.

അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം:

1. എം.ആർ.സി.പി (യു.കെ), ഫിസിഷ്യൻ ആകാനുള്ള വഴി: ജനറൽ മെഡിസിനിലും അതിന്റെ ഉപവിഭാഗങ്ങളിലും (കാർഡിയോളജി, ന്യൂറോളജി തുടങ്ങിയവ) താൽപര്യമുള്ളവർക്ക്.

യോഗ്യത: എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കി കുറഞ്ഞത് 12 മാസത്തെ ക്ലിനിക്കൽ പരിചയം.

പരീക്ഷ: മൂന്ന് ഘട്ടം. ആദ്യത്തെ രണ്ട് ഘട്ടങ്ങൾ (പാർട്ട് 1 & പാർട്ട് 2 എഴുത്ത്) തിയറി പരീക്ഷകളാണ്. ഇന്ത്യയിലെ പിയേഴ്സൺ വ്യൂ സെന്ററുകളിൽ കമ്പ്യൂട്ടർ വഴി ഇത് എഴുതാം. അവസാനത്തേതാണ് പി.എ.സി.ഇ.എസ് എന്ന കഠിനമായ പ്രാക്ടിക്കൽ പരീക്ഷ. രോഗികളെ നേരിട്ട് പരിശോധിക്കുന്ന ഈ ഘട്ടവും ഇന്ത്യയിലെ (കൊച്ചി, ബാംഗ്ലൂർ, ചെന്നൈ) ആശുപത്രികളിൽ വെച്ച് പൂർത്തിയാക്കാം.

2. എം.ആർ.സി.എസ്, സർജൻ എന്ന സ്വപ്നത്തിലേക്ക്:

•പരീക്ഷ: രണ്ട് ഘട്ടം. അനാട്ടമിയും ഫിസിയോളജിയും സർജിക്കൽ തത്വങ്ങളും ചോദിക്കുന്ന പാർട്ട് എ തിയറി പരീക്ഷയാണ് ആദ്യത്തേത്. രണ്ടാമത്തേത് പാർട്ട് ബി (ഒ.എസ്.സി.ഇ) എന്ന പ്രാക്ടിക്കൽ പരീക്ഷയാണ്. അനാട്ടമിക്കൽ സ്പെസിമെനുകൾ (കഡാവർ ഉൾപ്പെടെ) വെച്ചുകൊണ്ടുള്ള ഈ പരീക്ഷ സർജിക്കൽ വൈദഗ്ധ്യം കൃത്യമായി അളക്കും.

3. എം.ആർ.സി.ഒ.ജി, ഗൈനക്കോളജിയിലെ ഉന്നത യോഗ്യത:

• പരീക്ഷ: മൂന്ന് ഘട്ടം. ബേസിക് സയൻസ് പരിശോധിക്കുന്ന പാർട്ട് 1, ക്ലിനിക്കൽ തിയറി പരിശോധിക്കുന്ന പാർട്ട് 2, തുടർന്ന് യഥാർഥ ഗൈനക്കോളജിക്കൽ സ്കിൽസ് അളക്കുന്ന പാർട്ട് 3 (ഒ.എസ്.സി.ഇ) പ്രാക്ടിക്കൽ പരീക്ഷ. ഇതും ഇന്ത്യയിലിരുന്ന് പൂർത്തിയാക്കാം.

4. എം.ആർ.സി.പി.സി.എച്ച്, കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറാകാൻ:

•പരീക്ഷ: എഫ്.ഒ.പി, ടി.എ.എസ്, എ.കെ.പി എന്നീ മൂന്ന് തിയറി പരീക്ഷകളും, തുടർന്ന് കുട്ടികളുടെ ആരോഗ്യ പരിശോധന വിലയിരുത്തുന്ന പി.എ.സി.ഇ.എസ് മാതൃകയിലുള്ള ഒരു ക്ലിനിക്കൽ പ്രാക്ടിക്കൽ പരീക്ഷയും ഉൾപ്പെടുന്നു. ഇന്ത്യയിലെ എം.ഡി/ ഡി.എൻ.ബി പീഡിയാട്രിക്സിന് തുല്യമായ സ്വീകാര്യതയാണ് വിദേശ രാജ്യങ്ങളിൽ ഇതിനുള്ളത്.

5. എം.ആർ.സി.ഇ.എം, ജീവൻ രക്ഷിക്കാൻ അത്യാഹിത വിഭാഗം.

•പരീക്ഷ: ഇനീഷ്യൽ, ഇന്‍റർമീഡിയറ്റ് എസ്.ബി.എ എന്നീ തിയറി ഘട്ടങ്ങളും, ട്രോമ മാനേജ്മെന്റും ജീവൻരക്ഷാ തീരുമാനങ്ങളും പരീക്ഷിക്കുന്ന എം.ആർ.സി.ഇ.എം, ഒ.എസ്.സി.ഇ എന്ന പ്രാക്ടിക്കൽ പരീക്ഷയുമാണ് ഇതിലുള്ളത്. വൻകിട ട്രോമ സെന്ററുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ഇത് സഹായിക്കും.

സാമ്പത്തിക ആസൂത്രണം

പരീക്ഷാ ഫീസുകൾ യു.കെയിലെ പൗണ്ട് നിരക്കിലാണ് (ജി.ബി.പി) അടക്കേണ്ടത്. ഓരോ തിയറി പരീക്ഷക്കും ശരാശരി 600 പൗണ്ട് (ഏകദേശം 65,000 രൂപ) വരും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് 1000 പൗണ്ടിന് മുകളിലാണ് (ഏകദേശം 1.2 ലക്ഷം രൂപ) ഫീസ്. ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തുകൊണ്ട് പ്രതിമാസം 50,000 മുതൽ 80,000 വരെ രൂപ ശമ്പളം വാങ്ങുന്ന ഒരു യുവ ഡോക്ടർക്ക് സ്വന്തമായി കണ്ടെത്താൻ കഴിയുന്ന തുക മാത്രമാണിത്. വിദ്യാഭ്യാസ വായ്പകളെ പേടിക്കേണ്ടതില്ല.

എങ്ങനെ ‘ഗെയിം ചേഞ്ചർ’ ആകുന്നു

1. പഠനത്തോടൊപ്പം സമ്പാദിക്കാം: ഇന്ത്യയിൽ നീറ്റ് പി.ജിക്ക് പഠിക്കണമെങ്കിൽ മിക്കവാറും ജോലി ഉപേക്ഷിച്ച് പുസ്തകത്തിലേക്ക് ചുരുങ്ങണം. എന്നാൽ റോയൽ കോളജ് പരീക്ഷകൾ അങ്ങനെയല്ല. ഏതെങ്കിലും മികച്ച മൾട്ടി-സ്പെഷാലിറ്റി ആശുപത്രിയിൽ ജനറൽ മെഡിസിനിലോ സർജറിയിലോ ജോലി ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് ഇതിന് തയാറെടുക്കാം. ജോലി ചെയ്ത് കിട്ടുന്ന മികച്ച ശമ്പളത്തിൽ നിന്ന് തന്നെ പരീക്ഷാ ഫീസും കണ്ടെത്താം.

2. ഡൊണേഷനുകളില്ല, കച്ചവടമില്ല: കോടികളുടെ കോഴപ്പണമോ, റിസർവേഷൻ തർക്കങ്ങളോ ഇവിടെയില്ല. ഒരു ഡോക്ടർ എന്ന നിലയിലുള്ള നിങ്ങളുടെ സ്വന്തം ക്ലിനിക്കൽ അറിവും നൈപുണ്യവും മാത്രമാണ് ഇവിടെ വിജയം നിശ്ചയിക്കുന്നത്.

3. ആഗോള നിലവാരമുള്ള പരിശീലനം: റോയൽ കോളജ് പരീക്ഷകൾ തിയറിക്ക് പുറമെ അവസാന ഘട്ടങ്ങളിൽ പൂർണമായും പ്രാക്ടിക്കൽ ആണ്. യഥാർഥ രോഗികളെ എങ്ങനെ പരിശോധിക്കുന്നു, അവരോട് എങ്ങനെ അനുകമ്പയോടെ സംസാരിക്കുന്നു എന്നതൊക്കെയാണ് അവർ നോക്കുന്നത്. ഇവിടെ വെറുമൊരു ‘ഡിഗ്രി ഹോൾഡർ’ ജനിക്കുന്നില്ല, മറിച്ച് മികച്ചൊരു ‘ക്ലിനീഷ്യൻ’ വാർത്തെടുക്കപ്പെടുന്നു.

4. ചെലവ് വളരെ കുറവ്: 3 കോടി രൂപ ഡൊണേഷൻ നൽകുന്നതിന് പകരം, ഈ പരീക്ഷകളുടെ എല്ലാ ഘട്ടങ്ങളും ജയിക്കാൻ ഓൺലൈൻ കോച്ചിങ് ചെലവുകൾ അടക്കം വെറും 3 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ മാത്രമേ വരുന്നുള്ളൂ. പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ അതിനായി ഫീസ് വാങ്ങുന്നുണ്ട്.

ആകാശത്തോളം വലിയ കരിയർ സാധ്യതകൾ

ഇന്ത്യയിലെ കോർപറേറ്റ് ഹോസ്പിറ്റലുകൾ: സർക്കാർ മെഡിക്കൽ കോളജുകളിൽ അധ്യാപകരാകാൻ എൻ.എം.സി ചില നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ പ്രൈവറ്റ്/ കോർപറേറ്റ് ആശുപത്രികൾ ഈ യോഗ്യതയുള്ളവരെ മികച്ച ശമ്പളത്തിൽ സ്പെഷലിസ്റ്റ് കൺസൾട്ടന്റുകളായി നിയമിക്കും.

മിഡിൽ ഈസ്റ്റിലെ സുവർണാവസരം (യു.എ.ഇ, ഖത്തർ, സൗദി): ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ), അബൂദബി (ഡി.ഒ.എച്ച്) തുടങ്ങിയവ റോയൽ കോളേജ് യോഗ്യതകളെ വളരെ ഉയർന്ന തലത്തിലാണ് പരിഗണിക്കുന്നത്. നിങ്ങൾക്ക് അവിടെ സ്പെഷലിസ്റ്റ് ലൈസൻസ് എടുക്കാൻ ‘പ്രോമെട്രിക്’ എം.ഒ.എച്ച് പോലുള്ള എഴുത്തുപരീക്ഷകൾ പോലുമില്ല, നേരിട്ട് ഉയർന്ന വേതനവും ടാക്സ് ഇല്ലാത്ത ശമ്പളവും നേടാം.

യു.കെയിൽ ജോലി ചെയ്യാൻ (യു.കെ / എൻ.എച്ച്.എസ്): ഇന്ത്യയിൽനിന്നൊരു എം.ഡി കഴിഞ്ഞാൽ യു.കെയിൽ നേരിട്ട് വലിയ പോസ്റ്റിൽ കയറാനാവില്ല (പി.എൽ.എ.ബി പരീക്ഷകൾ വേണം). എന്നാൽ, എം.ആർ.സി.പി/ എം.ആർ.സി.എസ് പോലെയുള്ള യോഗ്യതകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പി.എൽ.എ.ബി പരീക്ഷയിൽ നിന്ന് പൂർണ ഇളവ് ലഭിക്കും. ജനറൽ മെഡിക്കൽ കൗൺസിലിൽ (ജി.എം.സി) ഫുൾ രജിസ്ട്രേഷനോടെ യു.കെയിലെ മിഡിൽ ഗ്രേഡ് പോസ്റ്റുകളിലേക്ക് നേരിട്ട് പ്രവേശിക്കാം.

ഒരുങ്ങാം തന്ത്രപരമായി: വേണം കൃത്യമായ പ്ലാനിങ്

1. ക്ലിനിക്കൽ ഡ്യൂട്ടി ആരംഭിക്കുക: എം.ബി.ബി.എസ് കഴിഞ്ഞാൽ നിങ്ങൾക്ക് താൽപര്യമുള്ള സ്പെഷാലിറ്റി വിഭാഗമുള്ള ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറായി ഡ്യൂട്ടിക്ക് കയറുക. അവിടെ വരുന്ന കോംപ്ലിക്കേറ്റഡ് കേസുകൾ ശ്രദ്ധിക്കുക, പഠിക്കുക.

2. ഓൺലൈൻ ചോദ്യബാങ്കുകൾ: ഗൈഡുകൾക്ക് പകരം ഇന്ന് ഡോക്ടർമാർ ആശ്രയിക്കുന്നത് ചോദ്യബാങ്കുകളാണ്. Pastest, Passmedicine, eMRCS തുടങ്ങിയ വെബ്സൈറ്റുകളുടെ സബ്സ്ക്രിപ്ഷൻ എടുത്ത് ദിവസവും ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിൽ ചോദ്യങ്ങൾ പരിശീലിക്കുക.

3. സ്ട്രക്ചേർഡ് കോഴ്സുകളുടെ സഹായം: ഒറ്റക്ക് പഠിക്കാൻ മടിയുള്ളവർക്ക് OC Academy പോലെയുള്ള പ്ലാറ്റ്‌ഫോമുകളോ, BAPIO പോലുള്ള ഓർഗനൈസേഷനുകളോ നൽകുന്ന കോഴ്സുകളിൽ ചേരാം. കൂടാതെ ഇന്ത്യയിലെ അപ്പോളോ, ആസ്റ്റർ പോലെയുള്ള കോർപറേറ്റ് ഹോസ്പിറ്റലുകൾ നൽകുന്ന 3 വർഷ ട്രെയിനിങ് പ്രോഗ്രാമുകളിൽ ചേർന്നാൽ കൃത്യമായ മെന്ററിങ് ലഭിക്കും.

4. മോക്ക് വർക്ക്ഷോപ്പുകൾ: അവസാന ഘട്ട പ്രാക്ടിക്കൽ പരീക്ഷകൾക്ക് (പി.എ.സി.ഇ.എസ്/ ഒ.എസ്.സി.ഇ) മുമ്പായി ഇന്ത്യയിലോ യു.എ.ഇയിലോ വെച്ച് നടക്കുന്ന 3 അല്ലെങ്കിൽ 5 ദിന ഫിസിക്കൽ വർക്ക്ഷോപ്പുകളിൽ നിർബന്ധമായും പങ്കെടുക്കുക. പരീക്ഷയുടെ അതേ അന്തരീക്ഷത്തിൽ ടെസ്റ്റുകൾ ചെയ്യുന്നത് ടെൻഷൻ കുറക്കാൻ സഹായിക്കും.

എങ്ങനെ അപേക്ഷിക്കാം?

പരീക്ഷകൾ വർഷത്തിൽ മൂന്നോ നാലോ തവണയായിട്ടാണ് നടക്കുന്നത്. അപേക്ഷക്ക് മുമ്പായി നിങ്ങളുടെ എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പാസ്പോർട്ട്, ഇന്റർനാഷനൽ ക്രെഡിറ്റ് കാർഡ് എന്നിവ കൈയിൽ കരുതുക.

അപേക്ഷിക്കാനുള്ള ലിങ്കുകൾ:

എം.ആർ.സി.പി (മെഡിസിൻ): mrcpuk.org എന്ന വെബ്സൈറ്റിൽ ‘My MRCP(UK)’ അക്കൗണ്ട് ഉണ്ടാക്കുക.

എം.ആർ.സി.എസ് (സർജറി): intercollegiatemrcsexams.org.uk അല്ലെങ്കിൽ റോയൽ കോളജ് ഓഫ് സർജൻസ് എഡിൻബറ സൈറ്റുകൾ വഴി അപേക്ഷിക്കാം.

എം.ആർ.സി.ഒ.ജി (ഗൈനക്കോളജി): rcog.org.uk വഴി ആദ്യം നിങ്ങളുടെ ‘Eligibility’ അപ്രൂവ് ചെയ്തെടുക്കണം.

എം.ആർ.സി.പി.സി.എച്ച് (പീഡിയാട്രിക്): rcpch.ac.uk വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

എം.ആർ.സി.ഇ.എം (എമർജൻസ് മെഡിസിൻ): rcem.ac.uk വഴി എമർജൻസി മെഡിസിൻ പരീക്ഷകൾ ബുക്ക് ചെയ്യാം.

പരീക്ഷാ കേന്ദ്രം: ബുക്കിങ് കഴിഞ്ഞാൽ ഇന്ത്യയിലെ കമ്പ്യൂട്ടർ സെന്ററുകൾ തിരഞ്ഞെടുക്കാൻ pearsonvue.com ഉപയോഗിക്കുക.

(ശ്രദ്ധിക്കുക: പരീക്ഷാ ബുക്കിങ് വിൻഡോ വളരെ ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായിരിക്കും തുറക്കുക. സീറ്റുകൾ പരിമിതമായതിനാൽ വിൻഡോ ഓപൺ ആകുമ്പോൾതന്നെ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക).

Show Full Article
TAGS:Edu News Career News medical education 
News Summary - Alternative To NEET PG For Doctors
Next Story