മഹാരാജാസ് മരം കടത്ത്; അന്വേഷണ കമീഷന് മൊഴിയെടുത്തു
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മരംമുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ കമീഷൻ കോളജിലെത്തി മൊഴിയെടുത്തു.
പ്രിൻസിപ്പൽ മാത്യു ജോർജ്, സൂപ്രണ്ട് കെ.എസ്. ജഗദീപ്, അധ്യാപകരായ ഡോ. എം.എസ്. മുരളി, ഡോ. ടി.വി. സുജ, വിദ്യാർഥികൾ എന്നിവരുടെ മൊഴിയാണെടുത്തത്. മരം മുറിക്കലുമായി ബന്ധപ്പെട്ട രേഖകൾ കോളജ് കാമ്പസിലുണ്ടോയെന്ന് കമീഷൻ പരിശോധിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. എം. ജ്യോതിലാലിനാണ് അന്വേഷണ ചുമതല. സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സിജു ജേക്കബ്, സീനിയർ സൂപ്രണ്ട് അജിത്ത് എന്നിവരാണ് മറ്റംഗങ്ങൾ. മരം കടത്തൽ തടഞ്ഞ വിദ്യാർഥികളോട് സെൻട്രൽ പൊലീസ് ഫോണിലൂടെ വിവരങ്ങൾ ശേഖരിച്ചു. ഞായറാഴ്ച എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞ ലോറി കോളജ് കാമ്പസിനുള്ളിൽനിന്ന് ഇതുവരെ മാറ്റിയിട്ടില്ല.
അന്വേഷണ കാലയളവ് തീരുന്നത് വരെ പ്രിന്‍സിപ്പൽ ജോലിയില്‍ തിരികെ പ്രവേശിക്കരുതെന്ന നിലപാടിലാണ് വിദ്യാർഥി യൂനിയൻ. ഇതിനിടെ മഹാരാജാസിലെ അനധികൃത മരംമുറിയിൽ പി.ടി.എ എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ മരങ്ങൾ മുറിച്ചുകടത്തിയവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് പി.ടി.എ വൈസ് പ്രസിഡൻറ് ഡോ. പൂർണിമ നാരായണൻ ആവശ്യപ്പെട്ടു. മുറിച്ച മരങ്ങളുടെ രണ്ടിരട്ടി കാമ്പസിൽ െവച്ചുപിടിപ്പിക്കുമെന്നും അവർ പറഞ്ഞു.