ആറളം ഫാം; 10 ആനകളെക്കൂടി കാട്ടിലേക്ക് തുരത്തി
text_fieldsആറളം ആദിവാസി പുനരധിവാസ മേഖലയിൽനിന്ന് വനപാലകർ വെള്ളിയാഴ്ച തുരത്തിയ കാട്ടാനക്കൂട്ടം
കേളകം: ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച നാല് കുട്ടി ആനകൾ ഉൾപ്പെടെ 10 ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടു. രണ്ട് ദിവസങ്ങളിലായി ഒമ്പത് കാട്ടാനകൾ ഉൾപ്പെടെ ഇതുവരെ 19 ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ടു. കൂടാതെ കാട്ടാനകൾ മടങ്ങിവരാതിരിക്കാൻ പുനരധിവാസ മേഖലയോട് ചേർന്ന് വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെ പരിശോധിക്കുകയും ലൈനുകൾ ക്ലിയർ ചെയ്ത് പ്രവർത്തനക്ഷമമാക്കുന്നതിന്റെ നടപടിയും പുരോഗമിച്ചു വരുന്നതായി വനം അധികൃതർ അറിയിച്ചു.
ആനയോടിക്കൽ ദൗത്യം വിലയിരുത്തുന്നതിനായി കണ്ണൂർ ഡി.എഫ്.ഒ എസ്. വൈശാഖ് ശശിധരൻ, ആറളം വൈൽഡ്ജി ലൈഫ് വാർഡൻ ജി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് 13ൽ അവലോകനം നടത്തി. അവലോകന യോഗത്തിൽ നിലവിലുള്ള സോളാർ ഫെൻസിങ് ലൈനിൽ കോട്ടപ്പാറ മുതൽ പരിപ്പുതോട് വരെയുള്ള ഭാഗത്തെ ലൈൻ സ്ഥിരമായി അറ്റകുറ്റപ്പണി നടത്തി പരിപാലിക്കാൻ കഴിയുന്ന അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും വനംവകുപ്പിലെ ജീവനക്കാരുടെ പ്രവർത്തനത്തിലൂടെ വരും ദിവസങ്ങളിൽ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
റാപ്പിഡ് റെസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനികുമാറിന്റെ നേതൃത്വത്തിൽ റൈഫിൾ, 12 ബോർഗൺ, വാക്കിടോക്കി തുടങ്ങിയ സന്നാഹത്തോടുകൂടി കണ്ണൂർ, ആറളം ഡിവിഷനുകളിൽനിന്നുമുള്ള ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 45 ഓളം ജീവനക്കാർ ആന ഓടിക്കൽ ദൗത്യത്തിൽ പങ്കെടുക്കുത്തു. ആറളം പുനരധിവാസ മേഖലയിലെ 6, 10, 12, 13 ബ്ലോക്കുകളിലെ ആനകളെയാണ് ഹെലിപാഡ്, വട്ടക്കാട്, 18 ഏക്കർ, താളിപ്പാറ, കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. ഡ്രോൺ സംവിധാനവും ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്.