ഇരട്ടക്കൊലപാതകം: പ്രതി മണികണ്ഠൻ രാജിവെക്കണം; കോൺഗ്രസ് ബ്ലോക്ക് ഓഫിസ് മാർച്ച്
text_fieldsകല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്റെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
മണികണ്ഠനെ സ്ഥാനഭ്രഷ്ടനാക്കാൻ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾ യു.ഡി.എഫ് ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. സി.പി.എമ്മുകാരല്ലാത്തവരെ ആസൂത്രണംചെയ്ത് കൊല്ലാനും കൊലയാളികളെ രക്ഷിക്കാനും വ്യവസ്ഥാപിത സംവിധാനങ്ങളുള്ള കൊലയാളിസംഘമായി സി.പി.എം അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നിയോജകമണ്ഡലം യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷതവഹിച്ചു.
എ. ഗോവിന്ദൻ നായർ, കൂക്കൾ ബാലകൃഷ്ണൻ, സി.വി. തമ്പാൻ, മിനി ചന്ദ്രൻ, ഖാദർ മാങ്ങാട്, എ. ഹമീദ് ഹാജി, സി.വി. ഭാവനൻ, പി.വി. സുരേഷ്, വി.പി. പ്രദീപ് കുമാർ, ഉമേശൻ, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ജന. കൺവീനർ ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.