നടനവഴിയിൽ വൈറലായി അനുശ്രീ
text_fieldsകാസർകോട് ജില്ല കലോത്സവത്തിൽ അനുശ്രീ അവതരിപ്പിച്ച നാടോടിനൃത്തം. ഇതിന് എ ഗ്രേഡും ലഭിച്ചു
കാസർകോട്: ജില്ല കലോത്സവത്തിന് മുന്നോടിയായുള്ള ഫ്ലാഷ് മോബിൽ ഒരു കുട്ടിയുടെ നൃത്തം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അസാമാന്യ മെയ്വഴക്കത്തോടെ അവളുടേതായ സ്റ്റെപ്പിൽ ആടിത്തിമിർക്കുന്നു... ബെദിര സ്കൂളിലെ ആഷിഖ് മാഷ് തന്റെ മൊബൈൽ കാമറയിൽ അനുശ്രീയുടെ നൃത്തം ഷൂട്ട് ചെയ്തു. വിഡിയോ നിമിഷനേരംകൊണ്ട് വൈറലായി...
വളരെ ചെറിയ പ്രായത്തിൽത്തന്നെ നൃത്തം മനസ്സിൽ കൊണ്ടുനടക്കുന്നവളായിരുന്നു അനുശ്രീ. മകളുടെ ആഗ്രഹം മനസ്സിലാക്കിയ അമ്മയാണവളെ നൃത്തലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. തന്റെ മൊബൈലിൽ യൂട്യൂബിലെ നൃത്തരംഗം കാണിച്ച് അനുവിനെ നൃത്തത്തിന്റെ ലോകത്തേക്ക് നയിച്ചു. ജന്മനായുള്ള ആ കഴിവിനെ ആവോളം ആശ്ലേഷിച്ചും ആസ്വദിച്ചും അധ്യാപകരും കൂട്ടുകാരും അവൾക്ക് പ്രോത്സാഹനമേകി. വലിയ കാര്യങ്ങൾ പലതും ചെറുതായി പറഞ്ഞുകൊടുത്താൽ മാത്രം മതി. അവളത് ഭംഗിയായി പിന്നീട് ചെയ്യും -അമ്മ കെ.വി. രാജീവി പറയുന്നു. നീലേശ്വരം ജി.എൽ.പി സ്കൂളിലാണ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പഠിച്ചത്. അപ്പോൾ മുതൽ അധ്യാപകർ അവളുടെ കഴിവ് മനസ്സിലാക്കി കലാപരിപാടികളിലൊക്കെ പങ്കെടുപ്പിച്ചുതുടങ്ങി. അഞ്ചിലും ആറിലും സെന്റ് ആൻസ് എ.യു.പി സ്കൂൾ പള്ളിക്കരയിലായിരുന്നു. യാത്രാസൗകര്യം കുറവായതുകൊണ്ട് പിന്നീട് രാജാസ് നീലേശ്വരത്തേക്ക് മാറ്റിച്ചേർത്തു. ഏഴുമുതൽ ഇവിടെ പഠനം തുടരുകയാണ്. അനുശ്രീ ഇപ്പോൾ പ്ലസ് ടു കോമേഴ്സിനാണ് പഠിക്കുന്നത്.
അമ്മ ചെറിയ വസ്ത്രക്കട നടത്തുന്നുണ്ട്. അവിടെയും അമ്മയെ സഹായിക്കാൻ അനുശ്രീയുണ്ട്. കടയിലേക്കുള്ള പാക്കിങ് ബോക്സ് നല്ലഭംഗിയിൽ നിർമിക്കാൻ ആ കുഞ്ഞുകൈകൾക്ക് കരുത്തേറെയാണ്. ഞൊടിയിടക്കുള്ളിൽ നല്ലൊരു ബോക്സ് അവളുടേതായ രീതിയിൽ നിർമിച്ചെടുക്കുമവൾ. ഇതിലൊന്നും പ്രത്യേക ക്ലാസോ മറ്റോ കിട്ടിയില്ല എന്ന് കേൾക്കുമ്പോഴാണ് അനുവിന്റെ അസാധാരണ കഴിവ് മനസ്സിലാവുക. മറ്റ് ജോലിക്കാർ ചെയ്യുന്നതുകണ്ട് സ്വായത്തമാക്കിയതാണവൾ.
സുഹൃത്തുക്കൾക്കിടയിൽ ഒരുപാട് ഫാൻസുമുണ്ട് അനുശ്രീക്ക്. ഒരു ചേച്ചിയാണുള്ളത്, അഞ്ജു നാരായണൻ. പിതാവ് ബംഗളൂരുവിൽ ഒരു കമ്പനിയിലാണ്. ഇപ്പോൾ ഒരു പാട്ടുകേട്ടാൽ അതിനുള്ള സ്റ്റെപ് അവൾ തന്നെ ഉണ്ടാക്കും. സ്കൂളിൽ വർക്ക് എക്സ്പീരിയൻസിന് പങ്കെടുക്കാറുണ്ട്. ഇപ്രാവശ്യം ജില്ല കലോത്സവത്തിൽ നാടോടിനൃത്തത്തിൽ എ ഗ്രേഡുണ്ട്. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയാണ് കെ.വി. അനുശ്രീ.