ആദിവാസി പെൺകുട്ടിയുടെ കൊലപാതകം: പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം
text_fieldsകാസർകോട്: പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയുടെ കൂട്ടബലാത്സംഗവും തുടർന്നുള്ള തിരോധാനത്തിലും പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം. മൃതദേഹത്തിന്റേത് ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ അന്വേഷണത്തിൽ 15 വർഷമായിട്ടും പൊലീസിനോ ക്രൈം ബ്രാഞ്ചിനോ കുറ്റം തെളിയിക്കാൻ സാധിച്ചിട്ടില്ല. അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മെല്ലെപ്പോക്ക് ചോദ്യംചെയ്ത് ആരോപണവുമായി വന്നിട്ടുള്ളത് കെ.പി.ജെ.എസാണ്.
കാഞ്ഞങ്ങാട്ടെ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ പഠിക്കാൻ ആദിവാസി ഉന്നതിയിൽനിന്നെത്തിയതായിരുന്നു 17കാരി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തി മൃതദേഹം ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഹൈകോടതി നിർദേശത്തെതുടർന്നാണ് സംസ്ഥാന കൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കേസിൽ 2025 മേയ് 16ന് പാണത്തൂരുള്ള കരാറുകാരനായ ബിജു പൗലോസ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
2010 മുതൽ കുടുംബം ബിജു പൗലോസിന്റെ പേരിൽ പരാതി കൊടുത്തിരുന്നെങ്കിലും അറസ്റ്റ് നടപടികളിലേക്കെത്താൻ 15 വർഷത്തെ കാലതാമസമുണ്ടായി. അറസ്റ്റ് വൈകിപ്പിച്ചതിൽ പൊലീസ് ഉന്നതർക്ക് ബന്ധമുണ്ടെന്നാണ് കുടുംബവും കെ.പി.ജെ.എസും പരാതി ഉന്നയിക്കുന്നത്. ബിജു പൗലോസിന് പിന്നിൽ ഉന്നതരായ വ്യക്തികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ബിജുവിനെ സംരക്ഷിച്ചതിന് പിന്നിലും വൻ സാമ്പത്തിക ലോബികളുടെ ഇടപെടലുകളുണ്ടെന്ന് കുടുംബം നേരത്തേ പരാതി ഉന്നയിച്ചിരുന്നു. ഈ കേസിൽ മറ്റ് പ്രതികളുണ്ടെങ്കിലും ബിജുവിനെ മാത്രമാണ് നിലവിൽ പ്രതിചേർത്തിരിക്കുന്നത്.
പെൺകുട്ടി ജീവിച്ചിരിപ്പില്ലെന്ന് കേസന്വേഷിച്ച അന്വേഷണ സംഘത്തലവന്മാർ മുന്നേ കണ്ടെത്തിയിരുന്നെങ്കിലും ബിജു പൗലോസിനെതിരെ കൊലക്കുറ്റം ചുമത്താൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന് കുടുംബം സംശയിക്കുന്ന പ്രമുഖർ ഉൾപ്പെടെയുള്ളവരുമായി അന്വേഷണസംഘം ഒത്തുകളിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ഹൈകോടതി മുമ്പാകെ കുടുംബം നൽകിയ ഹരജി നിലനിൽക്കുമ്പോൾ കോടതിയെപോലും തെറ്റിദ്ധരിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നു. അന്വേഷണസംഘത്തിന്റെ ഗുരുതരമായ വീഴ്ചകളും പ്രതികളുമായുള്ള ഒത്തുകളിയും കോടതിയിൽ ചൂണ്ടിക്കാട്ടുകയും അന്വേഷണത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്യുമെന്ന് കുടുംബം പറയുന്നു. അന്വേഷണം എത്രയുംവേഗം സി.ബി.ഐക്ക് കൈമാറാൻ കോടതിയോട് ആവശ്യപ്പെടാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്.
വിചാരണ വേളയിലെ തിരോധാനം: വഴിമുട്ടി പൊലീസ്
കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ 2012ൽ രജിസ്റ്റർ ചെയ്ത മറ്റൊരു ആദിവാസി പെൺകുട്ടിയുടെ തിരോധാനക്കേസിലും വഴിമുട്ടി പൊലീസ്. 13 വർഷമായി അന്വേഷിക്കുന്ന കേസ് നിലവിൽ ജില്ല കൈംബ്രാഞ്ചിന്റെയടുത്താണുള്ളത്. ഈ പെൺകുട്ടിയെ 2005ൽ ഒടയംചാലിൽവെച്ച് മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
കൂട്ടബലാത്സംഗത്തിനെതിരെ രാജപുരം പൊലീസ് സെബാസ്റ്റ്യൻ, വിനു എന്നിവർക്കെതിരെ കേസെടുക്കുകയും തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തുടർന്നുള്ള കേസ് വിചാരണവേളയിൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ചെറുപ്പത്തിൽതന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടി ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞുവരുന്നസമയത്ത് ഒടയംചാലിലുള്ള ജോർജ് എന്നയാളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. ആ സമയത്താണ് കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. എന്നാൽ, പീഡനത്തിനുശേഷം പെൺകുട്ടിക്ക് സംരക്ഷണമൊരുക്കാൻ അധികൃതർ തയാറായില്ലെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ഭാരവാഹികൾ ആരോപിച്ചു.
കോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ ഇരയായ പെൺകുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കി കോടതിയിലെത്തിക്കേണ്ട ചുമതല പ്രോസിക്യൂഷൻ നടപടിയുടെ ഭാഗമായി പൊലീസിനുണ്ട്. വിചാരണസമയം കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം പറയുന്നതെന്നാണ് കെ.പി.ജെ.എസ് പറയുന്നത്.
അതുകൊണ്ടുതന്നെ തെളിവുകളുടെ അഭാവത്തിൽ കേസിൽ പിന്നീട് പ്രതികളെ വിട്ടയക്കുകയായിരുന്നു. പെൺകുട്ടിയുടെ തിരോധാനത്തിൽ കോടതി പ്രതികളെ വിട്ടയച്ചുവെന്നത് കോടതിചരിത്രത്തിലെ അപൂർവസംഭവമാണ്.
ജില്ലയിൽ 163 ഓളം മിസ്സിങ് കേസുകൾ
കാസർകോട്: ജില്ലയിൽ കാണാതായവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 163ഓളം കേസുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


