സാക്ഷരത മിഷൻ തുണയായി ഗണേഷ് പ്ലസ് ടു ജയിച്ചു; വെല്ലുവിളികൾ തോറ്റു
text_fieldsകെ.കെ. ഗണേഷ് അച്ഛൻ എസ്. കൃഷ്ണമൂർത്തിക്കും അമ്മ രാജലക്ഷ്മിക്കുമൊപ്പം
കോട്ടയം: തിരുവാതുക്കൽ കാശിമഠത്തിൽ കെ.കെ. ഗണേഷിെൻറ പ്ലസ് ടു വിജയത്തിന് തിളക്കമേറെ. ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ചാണ് 50 ശതമാനം ഡൗൺസിൻഡ്രോം ബാധിതനായ ഗണേഷ് 24ാം വയസ്സിൽ സാക്ഷരത മിഷെൻറ പ്ലസ് ടു തുല്യത പരീക്ഷ പാസ്സായത്.
റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച എസ്. കൃഷ്ണമൂർത്തിയുടെയും രാജലക്ഷ്മിയുടെയും മകനാണ്. ചെറുപ്രായം മുതൽ സ്പർശ് റൗണ്ട് ടേബിൾ സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും സാക്ഷരത മിഷൻ തുല്യത പരീക്ഷയിൽ പങ്കെടുക്കാമെന്നത് ഗണേഷിനെപ്പോലുള്ള കുട്ടികൾക്ക് വലിയ അനുഗ്രഹമാണെന്ന് കൃഷ്ണമൂർത്തി പറയുന്നു. സാക്ഷരത മിഷെൻറ പുസ്തകങ്ങൾ വാങ്ങി സ്പെഷൽ സ്കൂളിലെത്തിച്ചാണ് പഠിപ്പിച്ചത്. 2010ലാണ് ആദ്യമായി നാലാംക്ലാസ് തുല്യത പരീക്ഷ എഴുതുന്നത്.
സ്കൂൾ പ്രിൻസിപ്പൽ ബീന തോമസ് ഉൾപ്പെടെ അധ്യാപകർ പൂർണ പിന്തുണയേകി. പിന്നീട് ഏഴ്, പത്ത് തുല്യത പരീക്ഷകൾക്കും മികച്ച വിജയം നേടിയ ഗണേഷ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് പ്ലസ് ടു പാസായത്. ചരിത്രമാണ് ഇഷ്ടവിഷയം. ഒഴിവു സമയങ്ങളിൽ കുടുംബക്ഷേത്രത്തിലെ പൂജകാര്യങ്ങളിൽ അച്ഛനെ സഹായിക്കും. ജില്ലയിൽ ഇത്തവണ ഭിന്നശേഷിക്കാരായ 12 കുട്ടികൾ പത്താം ക്ലാസ് തുല്യത പരീക്ഷയും എട്ടുപേർ പ്ലസ് ടു തുല്യത പരീക്ഷയും എഴുതിയിരുന്നു.