വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരാന്‍ മലപ്പുറം ജില്ല പഞ്ചായത്ത് ഒരു കോടി മാറ്റിവെച്ചു
text_fieldsമലപ്പുറം: ജില്ലയിലെ ആയിരക്കണക്കിന് വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമായി ജില്ല പഞ്ചായത്ത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലേക്ക് ഒരു കോടി രൂപ വകയിരുത്തി. ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് നല്കാവുന്ന സാമ്പത്തിക സഹായത്തിെൻറ 25 ശതമാനം വീതം ജില്ല പഞ്ചായത്തും ബ്ലോക്കും വഹിക്കും.
50 ശതമാനം ഗ്രാമപഞ്ചായത്തുകളും വഹിക്കുന്ന രീതിയിലാണ് പദ്ധതി. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ഡയാലിസിസിന് ആയിരം രൂപ നിരക്കില്‍ ഒരു മാസം പരമാവധി 4000 രൂപ സഹായം നല്‍കാം.
ജില്ല പഞ്ചായത്തിന് ഈ പദ്ധതിയിലേക്ക് വിഹിതം നല്‍കാനാണ് അനുമതി. ഇത് സംബന്ധിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. പ്രസിഡൻറ് എം.കെ. റഫീഖ് യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ മൂത്തേടം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സറീന ഹസീബ്, ജമീല ആലിപ്പറ്റ, വി.എ. കരീം എന്നിവർ സംസാരിച്ചു.