ചൂടിൽ വാടാതെ മലയാളത്തിെൻറ മരുമകൻ
text_fieldsനാട്ടിക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.സി. മുകുന്ദെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പങ്കെടുക്കാൻ പെരിങ്ങോട്ടുകരയിലെത്തിയ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ: തമിഴ്നാട് വെല്ലൂർ ജില്ലയിലെ ചിത്തത്തൂർ ഗ്രാമത്തിൽനിന്നുള്ള ആദ്യ ബിരുദധാരിയായ ദൊരൈസ്വാമി രാജക്ക് ഇപ്പോൾ 72െൻറ യൗവനമാണ്. മുടി പാടെ നരച്ചു, പേക്ഷ ചുറുചുറുക്കിന് തെല്ലുമില്ല കുറവ്. പ്രായം ബാധിക്കാത്ത ചടുലമായ നടത്തം, ഒപ്പം സൗമ്യശീലങ്ങളും. അധ്യാപന ബിരുദമുള്ളതുകൊണ്ടാവാം, കുട്ടികളോടെന്ന പോലെ കാര്യങ്ങൾ വ്യക്തതയോടെ പറയും. കണ്ണൂർ സ്വദേശിനി ആനി രാജയുടെ ഭർത്താവും ഡൽഹിയിലെ വിദ്യാർഥി സമരപോരാളി അപരാജിതയുടെ അച്ഛനുമായ രാജക്ക് മലയാളനാട്ടിലെ മീനച്ചൂടും ശീലങ്ങളും പുത്തരിയല്ല. വെള്ളിയാഴ്ച തൃശൂർ ജില്ലയിൽ എൽ.ഡി.എഫിെൻറ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ഉണ്ടായിരുന്നു, മലയാളത്തിെൻറ ഈ മരുമകൻ.
വ്യാഴാഴ്ച തിരുവനന്തപുരത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്താണ് തൃശൂരിലെത്തിയത്. ആദ്യ പരിപാടി പെരിങ്ങോട്ടുകര കവലയിലായിരുന്നു. നാട്ടിക മണ്ഡലം സ്ഥാനാർഥി സി.സി. മുകുന്ദെൻറ പ്രചാരണത്തിന് എൽ.ഡി.എഫ് താന്ന്യം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുയോഗവും. അന്തരിച്ച സി.പി.ഐ നേതാവ് കെ.പി. പ്രഭാകരെൻറ പേരിലുള്ള സ്മാരകത്തിൽ അൽപസമയം വിശ്രമിച്ച് 11ഓടെ രാജ വേദിയിലെത്തി. കാത്തിരുന്ന നാട്ടുകാരോട് 20 മിനിറ്റെടുത്ത് രാജ കാര്യങ്ങൾ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പാണെങ്കിലും ദേശീയ ജനറൽ സെക്രട്ടറിയുടെ രീതിയിൽതന്നെയാണ് അവതരണം. കോൺഗ്രസിനും ബി.ജെ.പിക്കുമുള്ളത് ഇടക്കിടെ കൊടുക്കുന്നുണ്ട്. 'തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി വിദ്യാർഥികൾക്ക് സ്വയംരക്ഷ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് മുമ്പ് കൊഴിഞ്ഞുപോകാതെ നിലനിൽക്കേണ്ടത് എങ്ങനെയെന്ന് കോൺഗ്രസുകാർക്കും യു.ഡി.എഫുകാർക്കും പറഞ്ഞുകൊടുക്കണം' എന്ന് പരിഹാസം. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ഒരുക്കിയ കലാജാഥ അൽപനേരം കണ്ടിരുന്ന ശേഷം തൃശൂരിലേക്ക്.
വിശ്രമവും ഉച്ചഭക്ഷണവും കഴിഞ്ഞ് മൂന്നിന് തൃശൂർ പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിലേക്ക്. രാജാജിയെക്കൂടാതെ മന്ത്രി വി.എസ്. സുനിൽകുമാറുമുണ്ട് കൂടെ. ബി.ജെ.പി രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടണമെന്ന് സി.പി.ഐ പറയാൻ കാരണങ്ങൾ എന്തെല്ലാമെന്ന് സമർഥിക്കുകയാണ്, അൽപം നീണ്ട അവതരണത്തിൽ. ശേഷം, അടുത്ത പൊതുയോഗ സ്ഥലമായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പടിയൂരിലേക്ക്. അത് പൂർത്തിയാക്കി തൃശൂരിലെ അവസാന പരിപാടിയായ കയ്പമംഗലം എസ്.എൻ. പുരത്തെത്തുേമ്പാൾ സന്ധ്യയോടടുത്തു.