ഡ്രാഗൺ ഫ്രൂട്ട് കൊരട്ടിക്കരയിലും
text_fieldsകൊരട്ടിക്കര ബാബുവിെൻറ വീട്ടിലെ ഡ്രാഗൺ ഫ്രൂട്ട്
പെരുമ്പിലാവ്: ഡ്രാഗൺ ഫ്രൂട്ട് കൊരട്ടിക്കരയിലെ വീട്ടുമുറ്റത്ത് ഉണ്ടായത് കൗതുക കാഴ്ചയായി. കൊരട്ടിക്കര വെള്ളിയാട്ടിൽ ബാബുവിെൻറ വീട്ടിലാണ് ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞത്. കൗതുക കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്. മാസങ്ങൾക്ക് മുമ്പാണ് പെരുമ്പിലാവ് റേഷൻ കടയുടമയായ ബാബു പെരിന്തൽമണ്ണയിൽനിന്ന് ഡ്രാഗൺ ഫ്രൂട്ടിെൻറ നൂറിൽ പരം വള്ളികൾ വീട്ടിലെത്തിച്ച് വീട്ടുമുറ്റത്തും ടെറസിലുമായി പാത്രങ്ങളിൽ പാകിയത്.
വള്ളികളിൽ നിറയെ പൂവിടുകയും പിന്നീട് ഫലങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. മുട്ടയുടെ ആകൃതിയും ചെതുമ്പൽ പോലുള്ള തൊലിയും മോഹിപ്പിക്കുന്ന പിങ്ക് നിറവുമാണ് പഴത്തിേൻറത്. മാർക്കറ്റിൽ 200 മുതൽ 600 വരെ രൂപ കിലോക്ക് വില വരും. കേരളത്തിൽ വളരെ അപൂർവമായേ ഇത് വിളയാറുള്ളൂ.
ഒരിക്കൽ നട്ടുകഴിഞ്ഞാൽ പരിപാലനം വളരെ കുറച്ചു മാത്രം മതി. കുറഞ്ഞ അളവിൽ മാത്രമുള്ള ജലവും ജൈവവളവും മാത്രമേ വേണ്ടതുള്ളൂ. ചെടിയിൽ മുള്ളുകൾ ഉള്ളതിനാൽ പക്ഷികളുടെ ശല്യമുണ്ടാകാറില്ല. മിറാക്കിൾ ഫ്രൂട്ട്, ബട്ടർ, മധുര അമ്പഴം, ഫാൻസി പൈനാപ്പിൾ, റംബൂട്ടാൻ, നോനിപ്പഴം എന്നിവയും ബാബുവിെൻറ കൃഷിയിടത്തിലെ വേറിട്ട കായ്ഫലങ്ങളാണ്.