അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർധന കുടുംബത്തിന് വൈദ്യുതി കണക്ഷൻ
text_fieldsഅപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കകം വൈദ്യുതിയെത്തിച്ച് മാതൃകയായ പെരിങ്ങോട്ടുകര കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാർ
അന്തിക്കാട്: കെ.എസ്.ഇ.ബി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതോടെ അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കകം അന്തിക്കാട്ടെ നിർധന കുടുംബത്തിലേക്ക് വൈദ്യുതി കണക്ഷൻ എത്തി. അന്തിക്കാട് നാലാം വാർഡ് സ്വദേശി താണിയത്ത് ജനാർദനന്റെ വീട്ടിലേക്കാണ് ഒറ്റ ദിവസം കൊണ്ട് വൈദ്യുതി എത്തിച്ച് പെരിങ്ങോട്ടുകര കെ.എസ്.ഇ.ബി ഓഫിസ് ജീവനക്കാർ മാതൃകയായത്.
സബ് എൻജിനീയർ എൻ.എം. ശ്യാമിന്റെയും സഹപ്രവർത്തകരുടെ പ്രവർത്തനവും ഒപ്പം അന്തിക്കാട് വില്ലേജിന്റെയും അന്തിക്കാട് അക്ഷയ കേന്ദ്രത്തിന്റെയും പിന്തുണയുമാണ് ഇതിനുപിന്നിൽ. തലയിൽ രക്തം കോട്ടായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടുടമ ജനാർദ്ദനന്റെ മകനെ വൈദ്യുതിയില്ലാത്ത വീട്ടിൽ എങ്ങിനെ കഴിയുമെന്ന ആശങ്കയറിഞ്ഞ സബ് എൻജിനീയർ ശ്യാം അപേക്ഷകനുമായി അക്ഷയയിലെത്തുകയായിരുന്നു. അക്ഷയയിൽനിന്ന് സർട്ടിഫിക്കറ്റ് കെ.എസ്.ഇ.ബി ഓഫിസിൽ എത്തി തൊട്ടുപിന്നാലെ ലൈൻമാരോടൊപ്പം അന്തിക്കാട്ടെ ജനാർദ്ദനന്റെ വീട്ടിലേക്ക്. രാത്രി എട്ടോടെ വീട്ടിൽ വൈദ്യുതി എത്തി. മാസങ്ങൾ എടുക്കുന്ന നടപടി ക്രമങ്ങൾ മണിക്കൂറുകൾക്കകം നൽകിയ മാതൃകയായ ഉദ്യോഗസ്ഥരെ അയൽവാസികളുൾപ്പടെ അഭിനന്ദിച്ചു. വൈദ്യുതി ജീവനക്കാരായ കെ.വി. രാജീവൻ, പി.ബി. പ്രകാശൻ, കെ.വി. സുരേഷ്. എന്നിവർ നേതൃത്വം നൽകി.


