പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
text_fieldsകൊച്ചി: തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. അടിപ്പാത നിർമാണം നടക്കുന്ന ചില ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് തുടരുന്നതും സർവിസ് റോഡുകൾ വേണ്ടവിധം ഗതാഗതയോഗ്യമാക്കാത്തതുമടക്കം പരിഗണിച്ചാണ് ടോൾ പിരിവ് വിലക്ക് തുടരാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചത്.
അറ്റകുറ്റപ്പണികളുടെ പുരോഗതി സംബന്ധിച്ച് 30ന് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി അതുവരെ ടോൾ പിരിവ് വിലക്ക് തുടരാൻ നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും 30ന് പരിഗണിക്കും. നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ മുരിങ്ങൂർ മേഖലയിലടക്കം സ്ഥിതി എന്താണെന്ന് വ്യാഴാഴ്ച കേസ് പരിഗണിക്കവേ കോടതി ചോദിച്ചു.സർവിസ് റോഡുകളുടെ സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും പോരായ്മകൾ എല്ലാം പരിഹരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ടോൾ വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഗതാഗതം സുഗമമായിട്ടില്ലെന്നും സുരക്ഷ പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും ഓൺലൈനായി ഹാജരായ ഇടക്കാല മേൽനോട്ട സമിതി അധ്യക്ഷൻ തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പണി നടക്കുമ്പോൾ മണ്ണിടിയാനുള്ള സാധ്യത ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ടിൽതന്നെ പറയുന്നുണ്ട്. സുരക്ഷ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന നിർദേശം പൂർണമായും പാലിച്ചിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി. വാഹനനീക്കത്തിലും കാര്യമായ പുരോഗതിയില്ലെന്നും കഴിഞ്ഞദിവസം ആമ്പല്ലൂരിൽ ഒരുമണിക്കൂർ വരെ നീണ്ട കുരുക്ക് രൂപപ്പെട്ടതായും കോടതിയുടെ ചോദ്യത്തിന് കലക്ടർ മറുപടി നൽകി. നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ പൊതുജനം സഹിക്കുകയും സഹകരിക്കുകയും വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ, സുരക്ഷ പ്രശ്നങ്ങൾ അടക്കം ഉന്നയിച്ച സാഹചര്യത്തിൽ ടോൾ വിലക്ക് നീക്കാനാകില്ലെന്നും വ്യക്തമാക്കി. റോഡ് ശോച്യാവസ്ഥയിലായിട്ടും ടോൾ പിരിക്കുന്നതിനെതിരെ തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് എന്നിവരടക്കം നൽകിയ ഹരജികളാണ് പരിഗണനയി ലുള്ളത്.


