മാറ്റങ്ങൾക്ക് കൊതിക്കുന്ന മനസ്സ്
text_fieldsഏതൊരു വിഷയത്തെയും അനുകൂലമായും പ്രതികൂലമായും അഥവാ, നിഷേധാത്മകമായും പോസിറ്റിവായും നമുക്ക് സമീപിക്കാം. അനുകൂലമായ കാര്യം നിയമപ്രകാരമുള്ളതാണെങ്കിൽ ഇടപെടുക വളരെ എളുപ്പവുമാണ്. നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ നമുക്ക് മുന്നിൽ വന്നാൽ പോസിറ്റിവ് ആയ സമീപനം പലപ്പോഴും സാധിക്കണമെന്നുമില്ല.
ഈ വിരുദ്ധ സമീപനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം രണ്ട് സുഹൃത്തുക്കൾ എന്റെ മനസ്സിൽ കടന്നുവരാറുണ്ട്.
ജീവിതത്തെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും അവർക്ക് പരസ്പരവിരുദ്ധ കാഴ്ചപ്പാടുകളാണുണ്ടായിരുന്നത്.
ഒന്നാമത്തെയാൾക്ക്, എന്തും ചെയ്യാൻ തനിക്കാവുമെന്നൊരു ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. ഒരു പുതിയ വിഷയത്തെക്കുറിച്ചോ, ആശങ്കജനകമായ ഒരവസ്ഥയെക്കുറിച്ചോ ചർച്ച ചെയ്യുമ്പോൾ, അതുസംബന്ധമായി ഭാവിയിൽ വേണ്ട നടപടികളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം തിടുക്കപ്പെടുമായിരുന്നു. എന്തെങ്കിലും കാര്യവുമായി അദ്ദേഹത്തെ സമീപിക്കുന്നവരോട് ‘എന്താ ചെയ്യാൻ കഴിയുക എന്ന് ഞാൻ നോക്കട്ടെ’ എന്ന പോസിറ്റിവ് ആയ മറുപടിയാണ് അദ്ദേഹം നൽകുക. കാര്യം നടന്നാലും ഇല്ലെങ്കിലും ശുഭാപ്തി കലർന്ന ആ മറുപടിതന്നെ പലർക്കും ആത്മവിശ്വാസവും ആശ്വാസവും പകരും. തന്റെ മുന്നിൽ ഒരു പുതിയ വിഷയം അവതരിപ്പിക്കപ്പെടുമ്പോൾ, മുൻവിധികളില്ലാതെ ആ വിഷയത്തെക്കുറിച്ച് ചർച്ചചെയ്യാനും പഠിക്കാനും അന്വേഷിക്കാനും ആവുംവിധം ഇടപെടാനും അദ്ദേഹം ശ്രമിച്ചു. സ്വഭാവികമായും ജോലിസ്ഥലത്തും കുടുംബത്തിലുമെല്ലാം അദ്ദേഹത്തിന്റെ ഉപദേശവും സഹായവും എല്ലാവരും തേടുമായിരുന്നു.
രണ്ടാമത്തെ സുഹൃത്ത് ഏറെ വ്യത്യസ്തനായിരുന്നു. ഒരു പുതിയ വിഷയത്തെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചുതുടങ്ങിയാൽ, ‘‘എന്തിനാണ് നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളുമായി എന്റെ അടുത്ത് വരുന്നത്?’’ എന്ന ചോദ്യമായിരിക്കും ആദ്യം. തുടർന്ന് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ, അദ്ദേഹം ഒരു എതിർഭാഗ വക്കീലിനെപ്പോലെ എല്ലാറ്റിനെയും ചോദ്യംചെയ്തു കളയും.
‘‘ഇതൊക്കെ വളരെ പ്രയാസമുള്ള കാര്യങ്ങളാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത്. വെറുതെ സമയം കളയേണ്ട’’ എന്നിങ്ങനെപോകും മറുപടികൾ. ഒരു പുതിയ വിഷയമോ, പുതിയ പാതയിലേക്കുള്ള ആദ്യ ചുവടോ ഉണ്ടാകുമ്പോഴെല്ലാം അദ്ദേഹം പറയും: ‘‘ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. അതുകൊണ്ട്, ഉള്ളതുപോലെ ജീവിക്കുന്നതാണ് നല്ലത്.’’ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ‘യാഥാർഥ്യബോധ’ത്തോടെ പറയുന്ന കാര്യങ്ങളാണ്.
രണ്ടുപേർക്കും അവരുടേതായ ഗുണങ്ങളുണ്ടായിരുന്നു. ആദ്യത്തെയാൾ വിശാല കാഴ്ചപ്പാടോടെ എല്ലാവർക്കും പിന്തുണ നൽകി. രണ്ടാമത്തെയാൾ അമിത യാഥാർഥ്യബോധം പ്രകടിപ്പിച്ച്, ഒരു കാര്യവും നടക്കില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും, എന്നാൽ ചിലപ്പോഴെങ്കിലും ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയും ആയിരുന്നു.
എന്റെ ജീവിതത്തിലെ ഒരനുഭവം ഈ രണ്ട് മനോഭാവങ്ങളെയും ഓർമിപ്പിക്കുന്നു. ഒരു പ്രളയകാലത്ത്, ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഞാൻ ഒരു സീനിയർ ഉദ്യോഗസ്ഥനെ കാണാൻ പോയി. വിവിധ ദേശക്കാരുള്ള കൂട്ടത്തിൽ ഞാൻ മാത്രമായിരുന്നു മലയാളി. ഞാൻ കേരളത്തെക്കുറിച്ച് വളരെ അഭിമാനത്തോടെ സംസാരിച്ചു. പ്രളയബാധിത ജില്ലയിലേക്ക് പോകുന്ന കാര്യമായിരുന്നു ചർച്ച. എന്നാൽ, അവിടേക്കുള്ള വഴികളെല്ലാം തടസ്സപ്പെട്ടുവെന്നും പോകുക സാധ്യമല്ലെന്നും ഞാൻ പറഞ്ഞുവെച്ചു.
ഇതുകേട്ട മുതിർന്ന ഓഫിസർ ഇടപെട്ടു: ‘‘അവിടേക്ക് നാല് വഴികളുണ്ട്, അത്രയേറെ അറിയപ്പെടാത്ത മറ്റു രണ്ടുമൂന്ന് വഴികൾ വേറെയുമുണ്ട്.’’ ഓരോ വഴിയുടെയും ബുദ്ധിമുട്ടുകൾ പറഞ്ഞ് ഞാൻ അദ്ദേഹത്തോട് വീണ്ടും തർക്കിച്ചു. ചുറ്റുമുള്ളവരെല്ലാം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അപ്പോൾ ആ ഉദ്യോഗസ്ഥൻ മൃദുമന്ദഹാസത്തോടെ എന്നോട് പറഞ്ഞു: ‘‘അനിയാ, ജീവിതത്തിൽ നിങ്ങൾ പഠിക്കേണ്ട ഒന്നുണ്ട്. തടസ്സങ്ങളെ നാം എപ്പോഴും പോസിറ്റിവായ മനോഭാവത്തോടെ നേരിടുക എന്നത്. ശുഭാപ്തിവിശ്വാസത്തോടെ സംസാരിക്കുകയും ഇടപെടുകയും ചെയ്താലേ പൊതുസേവനത്തിൽ വിജയിക്കാനാകൂ.’’ ദീർഘകാലം സർവിസിലുണ്ടായിരുന്ന ആ വലിയ മനുഷ്യന്റെ വാക്കുകൾ എനിക്കൊരു പാഠമായിരുന്നു. അത് ഞാൻ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
ഇന്നത്തെ സമൂഹത്തിൽ നേരത്തേ പറഞ്ഞ രണ്ടുതരം ആളുകളെയും നമുക്ക് ദിവസേന കാണാൻ സാധിക്കും - അടഞ്ഞ മനസ്സോടെ കാര്യങ്ങളെ കാണുന്നവരും, തുറന്ന മനസ്സോടെ കാര്യങ്ങളെ കാണുന്നവരും. എന്നാൽ, നാം ഇവിടെ മനസ്സിലാക്കേണ്ടത്, തുറന്ന മനസ്സോടെ മുന്നോട്ടുപോയാൽ നമുക്ക് എന്തും നേടാൻ കഴിയും എന്നാണ്.
തുറന്ന മനസ്സോടെ ജീവിക്കുമ്പോൾ, ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താൻ കഴിയും. ഒന്നോർക്കണം, നമ്മെ വിവിധ വിഷയങ്ങൾക്ക് സമീപിക്കുന്നവരിൽ ഭൂരിഭാഗവും സാധാരണ മനുഷ്യരാണ്. നമ്മുടെ ഒരു പോസിറ്റിവായ നോട്ടംപോലും അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
അമേരിക്കൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന വാൾട്ട് വിറ്റ്മാന്റെ വാക്കുകൾ സന്ദർഭോചിതമാണ്:
‘‘നിങ്ങളുടെ മുഖം സൂര്യപ്രകാശത്തിന് അഭിമുഖമായി നിർത്തുക. നിഴലുകൾ നിങ്ങളുടെ പിറകിലേക്ക് പോയ് മറയും.’’


