കരുണയുടെ ചെറുവെട്ടങ്ങൾ
text_fieldsലോകത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെ, സ്വന്തം കാര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ, ചുറ്റുമുള്ള ജീവജാലങ്ങളെയും മനുഷ്യരെയും ശ്രദ്ധിക്കാതിരിക്കാൻ ഭൂരിഭാഗം പേർക്കും സാധിക്കില്ല. ആ ശ്രദ്ധ പല രൂപത്തിലാണ് പ്രകടമാവാറുള്ളത്. ചിലർ തികഞ്ഞ നിസ്സംഗതയോടെ ലോകത്തെ നോക്കിക്കാണുന്നു. മറ്റുചിലരാകട്ടെ, കൗതുകത്തോടെ കാര്യങ്ങളെ സമീപിക്കുന്നു.
എന്നാൽ, മൂന്നാമതൊരു വിഭാഗമുണ്ട്; എണ്ണത്തിൽ കുറവാണെങ്കിലും ലോകത്തെ ധന്യമാക്കുന്നത് അവരാണ്. ആരോടും പരാതിയില്ലാത്തവർ, എന്റെ ശരി മറ്റൊരാളുടെ ശരിയാകണമെന്ന നിർബന്ധബുദ്ധിയില്ലാത്തവർ, ചുറ്റുമുള്ള സർവതിനോടും അങ്ങേയറ്റം കരുണയോടെ പെരുമാറുന്നവർ. അത്തരത്തിൽ ഒരാളെക്കുറിച്ചുള്ള ഓർമകൾക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. എന്റെ ഒരു അകന്ന ബന്ധുവാണദ്ദേഹം. അനുതാപം അർഹിക്കുന്ന ആരെ കണ്ടാലും ഒരു വാക്കുകൊണ്ടെങ്കിലും അവർക്ക് തണലാകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അതു സാമ്പത്തികമായ സഹായമാകണമെന്ന് നിർബന്ധമില്ല, എന്നാലോ, അത് കലർപ്പില്ലാത്ത മനുഷ്യത്വത്തിന്റെ സ്പർശമായിരിക്കും.
ഒരിക്കൽ ദേശീയപാതയിലൂടെ സഞ്ചരിക്കവെ ഒരു വാഹനാപകടത്തിന് സാക്ഷിയായി. രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതാണ്. ചോരയിൽ കുളിച്ച് കിടക്കുന്ന രണ്ടു മനുഷ്യർ, അവരെ പുറത്തെടുക്കാൻ ശ്രമിക്കുന്ന നാട്ടുകാർ. ആൾക്കൂട്ടത്തിനിടയിൽനിന്ന് പെട്ടെന്നാണ് എന്റെ ആ ബന്ധു കടന്നുവരുന്നത്. പരിക്കേറ്റവരെ താങ്ങിപ്പിടിച്ച് അദ്ദേഹം സ്വന്തം വാഹനത്തിൽ കയറ്റി. ആര് കൂടെപ്പോകുമെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.
മിക്കവരും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച് മടങ്ങാറാണ് പതിവ്. എന്നാൽ, അദ്ദേഹം അവരെ അഡ്മിറ്റ് ചെയ്യുകയും, ബന്ധുക്കളെ വിവരമറിയിക്കുകയും, പ്രാഥമിക ബില്ലുകൾ അടക്കുകയും ചെയ്ത ശേഷമാണ് അവിടെനിന്ന് പോയത്. രണ്ടു ദിവസത്തിനു ശേഷം അവരെ സന്ദർശിച്ച് നിലമെച്ചപ്പെട്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അവരുടെ കുടുംബാംഗങ്ങൾ നന്ദിസൂചകമായി സ്നേഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി:
‘‘ഇതൊരു വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. നാളെ ഞാനോ എെൻറ പ്രിയപ്പെട്ടവരോ ഇതേപോലെ റോഡിൽ പരിക്കേറ്റ് കിടന്നേക്കാം. ഒരു പക്ഷേ, അന്നും ഇതുപോലെ ഏതെങ്കിലും അപരിചിതൻ സഹായവുമായി വന്നേക്കാം, വന്നാലും ഇല്ലെങ്കിലും എനിക്ക് ദൈവം നൽകിയ ആരോഗ്യവും സൗകര്യങ്ങളും ഒരു സഹജീവിക്കു വേണ്ടി ഉപയോഗിക്കാൻ സാധിച്ചു,
നമുക്ക് ചുറ്റുമുള്ള മനുഷ്യരോട് നന്നായി പെരുമാറുന്നതും, ആവശ്യമുള്ളപ്പോൾ താങ്ങാകുന്നതും തന്റെ കടമയായി കാണുന്ന അദ്ദേഹത്തിന്റെ ചിന്ത എന്റെ കണ്ണുനനയിച്ചു.
പിന്നീടൊരിക്കൽ മറ്റൊരു സുഹൃത്തിനോട് ഈ സംഭവം പങ്കുവെച്ചപ്പോൾ അയാൾ പറഞ്ഞു, ‘‘അബദ്ധമാണ്, ഇങ്ങനെ ഒരു പരിചയവുമില്ലാത്തവരെയൊക്കെ സഹായിക്കുന്നത് ചിലപ്പോൾ വല്ല കേസിലും പോയി കുടുങ്ങുമെന്ന് നിങ്ങളുടെ ബന്ധുവിനെ ഓർമിപ്പിക്കുന്നത് നല്ലതാണ്. ഈ ചെയ്യുന്നതിനൊക്കെ എന്തു നേട്ടമാണ് അയാൾക്ക് കിട്ടാൻ പോകുന്നത്?’’-അയാൾ പറഞ്ഞുനിർത്തി.
ഭൗതികമായ ലാഭങ്ങൾ മാത്രം ഉറ്റുനോക്കുന്നവർക്ക് ആ മനുഷ്യൻ ഒരു വിഡ്ഢിയായിരിക്കാം. എന്നാൽ, പണം കൊടുത്താൽ വാങ്ങാൻ കഴിയാത്ത ആത്മനിർവൃതിയുടെ അംശമുണ്ട് ആ പ്രവൃത്തിയിൽ. അറിയപ്പെടാത്ത അനേകം മനുഷ്യരുടെ പ്രാർഥനകളിൽ അദ്ദേഹം എന്നും ഉണ്ടാകും. ഇത്തരം മിന്നാമിനുങ്ങിന്റെ ചെറുവെട്ടങ്ങൾ ചേർന്ന് ലോകത്തുള്ള ഇരുട്ടിനെ മായ്ക്കുന്നു.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരജേതാവ് ദലൈലാമ പറഞ്ഞതുപോലെ: ‘‘സ്നേഹവും അനുതാപവും ആഡംബരങ്ങളല്ല, മറിച്ച് ആവശ്യകതകളാണ്. അവയില്ലെങ്കിൽ മാനവരാശിക്ക് അതിജീവനമില്ല.’’


